പ്രതീകാത്മക ചിത്രം
ചെന്നൈ: സമ്പൂർണ ലോക്ഡൗണിൽ ആശുപത്രിയിലേക്കാണെന്ന വ്യാജേന കാറിൽവന്ന സംഘത്തെ ആംബുലൻസിൽ കയറ്റിവിട്ട് കള്ളത്തരം പൊളിച്ച് തമിഴ്നാട് പോലീസ്. കടലൂരിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.
സമ്പൂർണ ലോക്ഡൗൺ നിലവിലിരിക്കെ കാറിൽ വന്ന സ്ത്രീകളടക്കമുള്ള അഞ്ചംഗ സംഘത്തെയാണ് പോലീസ് തടഞ്ഞത്. യാത്രക്കായി ഇ-പാസ് ഉണ്ടായിരുന്നില്ല. പുതുച്ചേരിയിലെ ആശുപത്രിയിലേക്ക് അടിയന്തരമായി പോവുകയാണെന്നാണ് സംഘം പറഞ്ഞത്.
എന്നാൽ പട്ടുസാരി ധരിച്ച് ഒരുങ്ങിയിരിക്കുന്ന സ്ത്രീയെ കണ്ട് സംശയം തോന്നിയ പോലീസ് ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് വിളിച്ചുനൽകാമെന്ന് പറയുകയായിരുന്നു.
അത്രനേരം രോഗം തനിക്കാണെന്ന് പറഞ്ഞിരുന്ന സ്ത്രീ അതോടെ കഥ മാറ്റി അസുഖം ഭർത്താവിനാണെന്ന് പറഞ്ഞു. എന്തായാലും ആംബുലൻസ് വിളിച്ചുവരുത്തിയ പോലീസ് കുടുംബത്തെ ആംബുലൻസിൽ കയറ്റി പുതുച്ചേരിയിലെ ആശുപത്രിയിലേക്ക് വിട്ടു. എന്നാൽ പാതിവഴിയിൽ, തങ്ങൾക്ക് അസുഖമില്ലെന്നും ചിദംബരത്ത് ഒരു കല്യാണത്തിന് പോയിട്ട് തിരിച്ച് പുതുച്ചേരിയിലെ വീട്ടിലേക്ക് പോവുകയാണെന്നും ആംബുലൻസ് ഡ്രൈവറോട് സംഘം സത്യം പറഞ്ഞു. ആശുപത്രിയിലെത്തിക്കാതെ സഹായിക്കണമെന്നും അഭ്യർഥിച്ചു. ആംബുലൻസ് ഡ്രൈവർ ഈ വിവരമെല്ലാം പോലീസിനെ വിളിച്ചറിയിച്ചതോടെ അഞ്ചുപേർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..