മരിച്ച അഞ്ജലി, അപകടത്തിൽപ്പെട്ട സ്കൂട്ടർ | Photo: Twitter.com/Firstpost
'എനിക്കൊരു സുന്ദരിയായ മകളുണ്ടായിരുന്നു, പക്ഷേ, ആ മോര്‍ച്ചറിയില്‍ കണ്ടത് എന്താണെന്ന് എനിക്ക് വിശദീകരിക്കാനാകില്ല. എങ്ങനെയാണ് അവര്‍ അഞ്ചുപേര്‍ക്കും അവളെ അങ്ങനെ ഉപേക്ഷിച്ചുപോകാന്‍ തോന്നിയത്', പുതുവത്സരദിവസം ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ കാറിടിച്ച് കൊല്ലപ്പെട്ട അഞ്ജലി സിങ്ങിന്റെ അമ്മ രേഖയുടെ വാക്കുകളാണിത്. മകളെ നഷ്ടപ്പെട്ട വേദനയിലും അവളുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് ഈ അമ്മയുടെ ആവശ്യം.
പാതിവഴിയില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ച് കുടുംബം പുലര്‍ത്താനായി ജോലിക്കിറങ്ങിയതാണ് അഞ്ജലി സിങ് എന്ന 20-കാരി. ഒമ്പതുവര്‍ഷം മുന്‍പ് അവള്‍ക്ക് അച്ഛനെ നഷ്ടപ്പെട്ടു. വീട്ടിലെ അഞ്ച് സഹോദരങ്ങളുടെയും വൃക്കരോഗിയായ അമ്മയുടെയും ഏക ആശ്രയവും അവളായിരുന്നു. ഇളയസഹോദരങ്ങള്‍ക്ക് ഒരു ജോലിയാകുന്നത് വരെ താന്‍ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ, രാത്രിയും പകലുമില്ലാതെ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയ 20-കാരിയുടെ ജീവന് റോഡില്‍ പൊലിഞ്ഞപ്പോള്‍ പൊട്ടിക്കരയുകയാണ് ഉറ്റവരെല്ലാം.
ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയിലാണ് അഞ്ജലിയുടെ ജീവന് നഷ്ടപ്പെടാനിടയായ ദാരുണസംഭവം നടന്നത്. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് വേണ്ടി ജോലിചെയ്തിരുന്ന അഞ്ജലി, പുലര്‍ച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഞ്ച് യുവാക്കള്‍ സഞ്ചരിച്ച കാര്‍ അവളുടെ സ്കൂട്ടറിലിടിച്ചത്. ഇടിച്ചുവീഴ്ത്തിയിട്ടും വാഹനം നിര്‍ത്താതെ പോയ യുവാക്കള്‍ യുവതിയെ കാറില്‍ വലിച്ചിഴച്ചു. അടിയില്‍ കുരുങ്ങിയ യുവതിയുമായി കിലോമീറ്ററുകളോളം ആ കാര്‍ റോഡിലൂടെ ഓടി. ഒടുവില്‍ വിവസ്ത്രയായ നിലയില്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്.
അഞ്ജലിയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതയുണ്ടായിരുന്നു. അപകടമാണെന്ന് പോലീസ് ആവര്‍ത്തിച്ച് പറഞ്ഞപ്പോളും നഗ്നമായനിലയില്‍ മൃതദേഹം കണ്ടെത്തിയതായിരുന്നു പ്രധാനസംശയം. യുവതി പീഡിപ്പിക്കപ്പെട്ടെന്ന് ബന്ധുക്കള്‍ ഒന്നടങ്കം ആരോപിച്ചു. യുവതിയുടെ മരണത്തില്‍ ഡല്‍ഹിയില്‍ വന്‍പ്രതിഷേധമുയര്‍ന്നു. സംഭവം വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹി പോലീസിനോട് റിപ്പോര്‍ട്ട് തേടി. ഇതോടെ സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മരണത്തെ സംബന്ധിച്ചുള്ള അന്വേഷണം നിലവില്‍ ഊര്‍ജിതമായി തുടരുകയാണ്.
പത്താംക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു,ആദ്യ ജോലി സലൂണില്‍
കുടുംബം സാമ്പത്തികപ്രതിസന്ധിയില്‍ വലഞ്ഞതോടെയാണ് പത്താംക്ലാസില്‍ പഠനം ഉപേക്ഷിച്ച് അഞ്ജലി ജോലിക്കിറങ്ങിയത്. അഞ്ച് സഹോദരങ്ങളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ആ പെണ്‍കുട്ടി ഏറ്റെടുത്തു. ഒരു സലൂണിലായിരുന്നു അഞ്ജലി ആദ്യം ജോലിചെയ്തിരുന്നത്. ഇതിനുശേഷമാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഭാഗമാകുന്നത്. ആഡംബരവിവാഹവേദികളില്‍ അതിഥികളെ സ്വീകരിക്കുന്നതും വധുവിനെ അണിയിച്ചൊരുക്കാന്‍ സഹായിക്കുന്നതുമായിരുന്നു അഞ്ജലിയുടെ ചുമതല. ഒരു വിവാഹചടങ്ങിന് അഞ്ഞൂറ് രൂപ മുതല്‍ ആയിരം രൂപ വരെയായിരുന്നു പ്രതിഫലം. മാസം 15,000 രൂപ വരെ ഈ ജോലിയിലൂടെ സമ്പാദിച്ചിരുന്നു. വിവാഹങ്ങളില്ലാത്ത ദിവസങ്ങളില്‍ സലൂണിലെ ജോലി തുടരുകയും ചെയ്തു. എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ കാലത്ത് വന്‍ പ്രതിസന്ധിയാണ് നേരിട്ടത്.
പഞ്ചാബി പാട്ടുകളുടെ കടുത്ത ആരാധികയായിരുന്ന അഞ്ജലി, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. നന്നായി അണിഞ്ഞൊരുങ്ങാനും ഫാഷന്‍ വസ്ത്രങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്ന അഞ്ജലി, നിരവധി ഇന്‍സ്റ്റഗ്രാം റീല്‍സുകളും ചെയ്തിരുന്നു. നിലവില്‍ ബ്ലോക്കായി കിടക്കുന്ന അഞ്ജലിയുടെ ഇന്‍സ്റ്റഗ്രാം ഐ.ഡിയില്‍ ഇത്തരത്തിലുള്ള നിരവധി റീല്സുകളാണുണ്ടായിരുന്നത്.
അവളായിരുന്നു എല്ലാം....
തന്റെ മറ്റുപെണ്മക്കളെ പോലെ ആയിരുന്നില്ല അഞ്ജലിയെന്നാണ് അമ്മ രേഖ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്. ''അവള് ബലാത്സംഗത്തിനിരയായെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. പത്തുകിലോമീറ്ററോളമാണ് അവളെ വലിച്ചിഴച്ചത്, പാവം എന്റെ കുട്ടി. ജോലിക്ക് പോകാന്‍ ആഗ്രഹമില്ലാതിരുന്ന എന്റെ മറ്റുപെണ്മക്കളെ പോലെ ആയിരുന്നില്ല അവള്. തന്റെ സഹോദരന്മാര്ക്ക് ജോലി ലഭിക്കുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് അവള് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അവളായിരുന്നു എന്റെ എല്ലാം''- രേഖ വിതുമ്പി.
വൃക്കരോഗിയായ രേഖ മൂന്നുവര്‍ഷം മുന്‍പ് വരെ ഒരു സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയായി.
ഏറെ ആഗ്രഹിച്ചുവാങ്ങിയ സ്കൂട്ടര്‍...
ജോലിചെയ്ത് സമ്പാദിച്ച പണവും വായ്പയും എടുത്താണ് അഞ്ജലി സിങ് അടുത്തിടെ സ്വന്തമായി സ്കൂട്ടര്‍ വാങ്ങിയത്. ഇരുപതുവര്‍ഷത്തെ ജീവിതത്തിനിടയില്‍ അവള്‍ക്കായി അവള് തന്നെ വാങ്ങിയ ഏറ്റവും വിലയേറിയ സമ്മാനവും അതായിരുന്നു. ഏറെ ഇഷ്പ്പെട്ട പര്‍പ്പിള്‍ നിറത്തിലുള്ള വാഹനം തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.
''എനിക്ക് ലെഹങ്കകള്‍ വാങ്ങിയിരുന്നതും ഡിസൈന്‍ ചെയ്തിരുന്നതും അവളായിരുന്നു. ഞങ്ങളുടെ വീട്ടിലെ 'സ്റ്റാര്‍'. കഴിഞ്ഞ വര്‍ഷം വായ്പയെടുത്താണ് അവള് സ്കൂട്ടര്‍ വാങ്ങിയത്. സ്വതന്ത്രമായെന്ന് അവള്‍ക്ക് തോന്നിതുടങ്ങിയ നിമിഷങ്ങളായിരുന്നു അത്. അത്രയേറെ ശക്തയായിരുന്നു അവള്. അവള്‍ക്ക് എങ്ങനെയാണ് ഇതൊക്കെ സംഭവിച്ചത്?'- അഞ്ജലിയുടെ സഹോദരിയായ പ്രീതി ചോദിച്ചു. ''പോലീസ് ഞങ്ങളെ ആദ്യം സ്റ്റേഷനിലേക്കും പിന്നീട് സംഭവസ്ഥലത്തേക്കും കൊണ്ടുപോയി. എന്റെ സഹോദരി നഗ്നയായനിലയിലാണ് തെരുവില്‍ മരിച്ചുകിടന്നത്. അവരെയെല്ലാം ശിക്ഷിക്കണം.''- പ്രീതി പറഞ്ഞു.
ബ്യൂട്ടീഷ്യന് കോഴ്സ് പഠിക്കാന്‍ ആഗ്രഹിച്ചിരുന്ന അഞ്ജലി രാഷ്ട്രീയത്തിലും താത്പര്യം പ്രകടിപ്പിച്ചിരുന്നതായി മറ്റൊരു സഹോദരിയായ അന്‍ഷിക പ്രതികരിച്ചു. നാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അഞ്ജലി മുന്നിട്ടിറങ്ങിയിരുന്നു. കഴിഞ്ഞവര്‍ഷം റോഡിലെ കുഴി അടയ്ക്കാനായി എം.എല്‍.എ.യെയും ചില രാഷ്ട്രീയക്കാരെയും നേരിട്ട് പോയി കണ്ടാണ് അഞ്ജലി ആവശ്യപ്പെട്ടത്. ട്രാഫിക് വിഷയങ്ങളും ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അധികൃതരുടെ മുന്നിലെത്തിക്കാനും അഞ്ജലി മുന്‍നിരയിലുണ്ടായിരുന്നു. ഒരിക്കല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഒരു മുനിസിപ്പല്‍ കൗണ്സിലറാകണമെന്നും അഞ്ജലി സഹോദരിയോട് പറഞ്ഞിരുന്നു.
പ്രതികള്‍ മദ്യലഹരിയില്‍, അഞ്ജലിക്കൊപ്പം സുഹൃത്തും...
അഞ്ജലി കൊല്ലപ്പെട്ട അപകടത്തില്‍ പ്രതികളായ അഞ്ചുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യാത്രയ്ക്കിടെ രണ്ടുകുപ്പിയിലേറെ മദ്യം ഇവര്‍ കഴിച്ചിരുന്നു. ഏകദേശം രണ്ടുമണിയോടെയാണ് പ്രതികളുടെ വാഹനം സുല്ത്താന്പുരിയിലെത്തിയത്. ഇതിനിടെ സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിടുകയും കാറിനടിയില്‍ കുരുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴക്കുകയുമായിരുന്നു.
സംഭവത്തില്‍ ദീപക് ഖന്ന, അമിത് ഖന്ന, മനോജ് മിത്തല്‍, കൃഷന്, മിഥുന് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവസമയത്ത് ദീപക് ഖന്നയാണ് കാറോടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്നയ്ക്ക് കാറിനടിയില്‍ എന്തോ കുരുങ്ങിയതായി സംശയം തോന്നിയിരുന്നു. എന്താണെന്ന് പരിശോധിക്കാന്‍ സഹയാത്രികരോട് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതൊന്നും നോക്കേണ്ടെന്നും വാഹനം ഓടിച്ചുപോകാനുമാണ് മറ്റുള്ളവര്‍ പറഞ്ഞത്. പിന്നീട് വാഹനം കാഞ്ചവാലയില്‍ എത്തിയപ്പോള്‍ യു-ടേണ്‍ തിരിയുന്നതിനിടെയാണ് യുവതി കാറിനടിയില്‍ കുരുങ്ങിയത് യുവാക്കള്‍ ശ്രദ്ധിച്ചത്. കാറിന്റെ മുന്‍സീറ്റിലിരുന്ന മിഥുനാണ് യു-ടേണ്‍ തിരിയുന്നതിനിടെ അഞ്ജലിയുടെ കൈകള്‍ കണ്ടത്. ഇതോടെ വാഹനം നിര്‍ത്തിയ യുവാക്കള്‍ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
അതിനിടെ, അപകടസമയത്ത് അഞ്ജലിക്കൊപ്പം സുഹൃത്തായ മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിസാരപരിക്കേറ്റ ഇവര്‍ ഭയന്നുപോയതോടെ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്
Content Highlights: life of anjali singh who died in delhi hit and run incident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..