നടി ലീന മരിയ പോളിനെ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകുന്നു |ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ|മാതൃഭൂമി
ന്യൂഡല്‍ഹി: ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട പണം തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതി 15 ദിവസത്തേക്ക് ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രവീണ്‍ സിങ്ങാണ് ലീന ഉള്‍പ്പെടെ മൂന്ന് പ്രതികളെ 15 ദിവസത്തേക്കും മറ്റ് രണ്ടുപേരെ അഞ്ച് ദിവസത്തേക്കും കസ്റ്റഡിയിലയച്ചത്.
ഹവാല ഇടപാടുകള്‍, വ്യാജ കമ്പനികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് പ്രതികളെ 28 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. പ്രതികളെ കേരളം, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊണ്ടുപോകേണ്ടതുണ്ടെന്നും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വ്യക്തമാക്കി.
എന്നാല്‍, ഒറ്റയടിക്ക് 28 ദിവസത്തെ പോലീസ് കസ്റ്റഡി നല്‍കാനാവില്ലെന്ന് കോടതി അറിയിച്ചു.
''നിങ്ങള്‍ പറയുന്നതെല്ലാം വിശ്വസിച്ച് നടപടിയെടുക്കാനാവില്ല. കഴിഞ്ഞദിവസം പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഇതുവരെ എന്ത് വിവരം ലഭിച്ചു...?''- കോടതി ചോദിച്ചു. ലീനയ്ക്ക് ബെംഗളൂരു, കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ സലൂണുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ലീനയെ പത്തുദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സാമ്പത്തിക കുറ്റകൃത്യവിഭാഗവും ചോദ്യംചെയ്തതാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന് അറിയിച്ചു.ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിനെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയ സംഭവത്തിലാണ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മൊക്കോക്ക) പ്രകാരം ലീനയെ അറസ്റ്റ് ചെയ്തത്. ഇതേ വകുപ്പു പ്രകാരം നേരത്തേ അറസ്റ്റിലായ സുകേഷിനെ ഡല്‍ഹി കോടതി ശനിയാഴ്ച 16 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..