പ്രതീകാത്മക ചിത്രം | Photo: PTI
മുംബൈ: കോവിഡ് പരിശോധനയ്ക്കെന്ന് പറഞ്ഞ് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവം ശേഖരിച്ച ലാബ് ടെക്നീഷ്യന് 10 വര്‍ഷം കഠിനതടവ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ആകെ 12 സാക്ഷികളെയും കേസില്‍ വിസ്തരിച്ചു.
2020 ജൂലായ് 30-നാണ് ലാബ് ടെക്നീഷ്യനെ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അമരാവതിയിലെ ഒരു ഷോപ്പിങ് മാളിലെ ജീവനക്കാരിയാണ് യുവതി. മാളിലെ ഒരു ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ മറ്റുള്ളവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്ന് പരാതിക്കാരിയും മറ്റുള്ളവരും ബദ്നേറയിലെ ട്രോമകെയര്‍ സെന്ററിലെത്തി പരിശോധന നടത്തി. ഈ പരിശോധനയ്ക്ക് ശേഷം ലാബ് ടെക്നീഷ്യന് യുവതിയെ വീണ്ടും ഫോണില്‍ വിളിക്കുകയും പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയിക്കുകയും ചെയ്തു. കൂടുതല്‍ പരിശോധന നടത്താന്‍ ലാബില്‍ വരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ലാബില്‍ എത്തിയപ്പോഴാണ് യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവം ശേഖരിക്കണമെന്ന് ലാബ് ടെക്നീഷ്യന് ആവശ്യപ്പെട്ടത്.
സംഭവത്തിനുശേഷം വീട്ടിലെത്തിയ യുവതി സംശയം തോന്നി ഇക്കാര്യം സഹോദരനോട് വെളിപ്പെടുത്തി. ഇദ്ദേഹം ഒരു ഡോക്ടറോട് സംസാരിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് സ്വകാര്യഭാഗങ്ങളില്‍നിന്ന് സ്രവം ശേഖരിക്കില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ പ്രതിക്കെതിരേ വലിയ പ്രതിഷേധമാണ് അന്നുണ്ടായത്. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഒടുവില്‍ 17 മാസങ്ങള്‍ക്ക് ശേഷമാണ് കോടതി കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.
Content Highlights: lab technician took swab from woman private parts for covid test gets 10 years imprisonment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..