അതിരമ്പുഴ തൃക്കേൽ ക്ഷേത്രം, മറ്റം കവല ഭാഗങ്ങളിൽ മോഷണത്തിന് ശ്രമിച്ച സംഘത്തിൽപെട്ടവർ. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന്
ഏറ്റുമാനൂര്‍(കോട്ടയം): അതിരമ്പുഴ തൃക്കേല്‍ ക്ഷേത്രം, മറ്റം കവല ഭാഗങ്ങളില്‍ നാട്ടുകാരെ ഭീതിപ്പെടുത്തി മോഷണസംഘങ്ങള്‍. മൂന്നുവീടുകളില്‍ മോഷണത്തിന് ശ്രമിച്ച ഇവര്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടുകാര്‍ ഉണര്‍ന്ന് ബഹളംവെച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപ പ്രദേശങ്ങളില്‍നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളില്‍ മൂന്നംഗസംഘമാണ് മോഷണശ്രമത്തിന് പിന്നിലെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ തമിഴ് നാട്ടിലെ കുപ്രസിദ്ധരായ കുറുവാസംഘമാണോയെന്നും സംശയിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഘം കവര്ച്ചയ്ക്കെത്തിയത്.
അടിവസ്ത്രംധരിച്ച് മുഖംമൂടിയ നിലയിലായിരുന്നു ഇവര്‍. കൈയില്‍ ആയുധമുള്ളതായും സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്.
ജാസ്മിന്, ഇക്ബാല്‍ തുടങ്ങിയവരുടെ വീടുകളിലായിരുന്നു മോഷണശ്രമം. തുണിയും കമ്പിയും മറ്റും ഉപയോഗിച്ച് വാതിലുകളും ജനാലകളും തുറക്കാന്‍ ശ്രമിച്ചു.
വീടിന്റെ മുറ്റത്തുണ്ടായിരുന്ന ചെരിപ്പുകളും വസ്ത്രങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധി അടക്കമുള്ളവര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
പോലീസിന്റെ നിര്‍ദേശങ്ങള്‍
ജനങ്ങള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ അറിയിക്കാന്‍ വാര്‍ഡുകളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുക.
അടഞ്ഞുകിടക്കുന്ന വാതിലിനു പിറകില്‍ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങള്‍ അടുക്കിവയ്ക്കുക. (വാതിലുകള്‍ കുത്തിത്തുറന്നാല് ഈ പാത്രം മറിഞ്ഞുവീണുണ്ടാകുന്ന ശബ്ദം കേട്ട് ഉണരാന്‍ സാധിക്കും).
വാര്‍ഡുകളില്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ചെറിയ സംഘങ്ങള്‍ ആയി തിരിഞ്ഞ് സ്ക്വാഡ് പ്രവര്‍ത്തനം നടത്തുക.
അനാവശ്യമായി വീടുകളില്‍ എത്തിച്ചേരുന്ന യാചകര്‍, ചൂല് വില്പനക്കാര്, കത്തി കാച്ചി കൊടുക്കുന്നവര്‍, തുടങ്ങി വിവിധ രൂപത്തില്‍ വരുന്ന ആളുകളെ കര്‍ശനമായി അകറ്റി നിര്‍ത്തുക.
അസമയത് എന്തെങ്കിലും സ്വരം കേട്ടാല്‍ ഉടന്‍ ലൈറ്റ് ഇടുക. തിടുക്കത്തില്‍ വാതില്‍ തുറന്ന് വെളിയില്‍ ഇറങ്ങാതിരിക്കുക.
അയല്പക്കത്തെ ആളുകളുടെ ഫോണ്‍ നമ്പരും അടുത്തുള്ള പോലീസ് സ്റ്റേഷന് നമ്പരും കൃത്യമായി ഫോണില്‍ സേവ് ചെയുക.
ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്: 9497931936, ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്: 0481-2597210.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..