പ്രതീകാത്മക ചിത്രം
മാരാരിക്കുളം: കുറുവാ സംഘത്തിന്റെ മാതൃകയില്‍ മോഷണം നടത്തിയ സംഘത്തിലെ കൂടുതല്‍ പ്രതികളെക്കുറിച്ച് മാരാരിക്കുളം പോലീസിനു സൂചന ലഭിച്ചു.
ഇവരുടെ അറസ്റ്റ് ഉടന്‍തന്നെയുണ്ടാകും. കഴിഞ്ഞദിവസം പിടിയിലായവരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മറ്റുള്ളവരെക്കുറിച്ചുള്ളവിവരം പോലീസിനു ലഭിച്ചത്.
പത്തോളം മോഷണക്കേസുകള്‍ക്കാണ് ഇതോടെ തെളിവുലഭിച്ചത്. മാരാരിക്കുളം, കഞ്ഞിക്കുഴി പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി മോഷണമാണ് ആദ്യത്തെ കേസ്. ഒരേതരത്തില്‍ അഞ്ചുക്ഷേത്രങ്ങളില്‍ മോഷണംനടന്നു.
മൂന്നുപേരുള്ള സംഘമായി തിരിഞ്ഞാണു മോഷണത്തിനിറങ്ങുന്നത്. പകല്‍സമയത്ത് ഒരുസംഘം മോഷണസ്ഥലങ്ങള്‍ കണ്ടുപിടിക്കും. അന്ധകാരനഴിക്കാരനായ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനാണു കേസിലെ മുഖ്യപ്രതി. ഈ 16 വയസ്സുകാരനു കാക്കനാട്ടുെവച്ച് മോഷണത്തിനടയില്‍ പരിക്കേറ്റിരുന്നു. മൂന്നര പവന്റെ മാല മോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെയുണ്ടായ അപകടത്തിലാണു പരിക്കേറ്റത്. എന്നിട്ടും പിടികൊടുക്കാതെ രക്ഷപ്പെട്ടു.
ഏഴുമാലമോഷണക്കേസുകളാണു പ്രതികള്‍ സമ്മതിച്ചിരിക്കുന്നത്. തുറവൂര്‍ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ഉറങ്ങിക്കിടന്ന മൂന്നുപേരുടെ മാല പറിച്ചെടുത്തു. പള്ളിത്തോട്ടില്‍ ബൈക്കിലെത്തി സ്ത്രീയുടെ മാല മോഷ്ടിച്ചതും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
മോഷ്ടിച്ച മൂന്നുബൈക്കുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴയില്‍നിന്നു മോഷ്ടിച്ച രണ്ടുബൈക്കുകളും പട്ടണക്കാട്ടുനിന്നു മോഷ്ടിച്ച ബൈക്കുമാണു കണ്ടെത്തിയത്. പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറാറില്ല. മോഷണത്തിനടയില്‍ വീടുകളിലിരിക്കുന്ന ബൈക്കുകളിലെ പെട്രോള്‍ ഊറ്റിയെടുക്കുകയാണു രീതി.
അടിവസ്ത്രംമാത്രം ധരിച്ച് തലയില്‍കെട്ടി കുറുവാ സംഘത്തിന്റെ മാതൃകയില്‍ രാത്രി കറങ്ങിനടക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണു പ്രതികളെ കണ്ടെത്തിയത്. മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്. രാജേഷ്, എസ്.ഐ. മാരായ സെസില്‍ എന്നിവരാണു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ചെയ്ത കേസുകളിലാണു തെളിവെടുപ്പു നടത്തിയത്. മറ്റുസ്റ്റേഷനുകളിലെ കേസുകളില്‍ തെളിവെടുപ്പു നടത്തുമ്പോള്‍ കൂടുതല്‍ പ്രതികളെക്കുറിച്ചും വിവരം ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..