Screengrab: Mathrubhumi News
പാലക്കാട്: രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പിഴവ് സംഭവിച്ചത് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ഭാഗത്തെന്ന് തോന്നിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസം കുഴല്‍മന്ദം വെള്ളപ്പാറയിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ചൊവ്വാഴ്ച പുറത്തുവന്നത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമില്‍ പതിഞ്ഞ ദൃശ്യങ്ങളാണിത്.
കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേരാണ് മരിച്ചത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സബിത്ത് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിനിടയാക്കിയത് കെ.എസ്.ആര്‍.ടി.സി. ബസാണെന്ന് വ്യക്തമായത്.
റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയെ മറികടക്കാന്‍ ശ്രമിച്ചു. ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയില്‍ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.
ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂര്‍വം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. സംഭവത്തില്‍ കേസെടുത്ത കുഴല്‍മന്ദം പോലീസ്, അപകടത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ് പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: ksrtc bus and bike accident palakkad car dash cam visuals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..