
ബി രുപശ്രീ, വെങ്കിട്ടരമണ കരന്തരെ
കാസര്‍കോട്: മിയാപ്പദവ് വിദ്യാവര്‍ധക സ്കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയെ സഹാധ്യാപകനും സഹായിയും ചേര്‍ന്ന് വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് കടലില്‍ത്തള്ളിയതാണെന്ന് തെളിഞ്ഞു. ഇരുവരെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സതീഷ് ആലക്കാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. സ്കൂളിലെ ചിത്രകലാധ്യാപകന്‍ ആസാദ് റോഡിലെ കെ.വെങ്കിട്ടരമണ കാരന്ത്(41), തൊട്ടടുത്ത വാടകവീട്ടില്‍ താമസിക്കുന്ന സഹായി മിയാപ്പദവ് സ്വദേശി നിരഞ്ജന്‍കുമാര്‍ എന്ന അണ്ണ(22) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന് പുലര്‍ച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തിയത്.
വെള്ളം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അധ്യാപിക കടലില്‍ച്ചാടി ആത്മഹത്യചെയ്തതാകാമെന്ന് സംശയമുയര്‍ന്നെങ്കിലും നാട്ടുകാരും സഹപ്രവര്‍ത്തകരും സംശയിച്ചു. ഇപ്പോള്‍ പിടിയിലായ വെങ്കിട്ടരമണയെ മഞ്ചേശ്വരം പോലീസ് പലതവണ ചോദ്യംചെയ്ത് വിട്ടതാണ്. സമ്മര്‍ദത്തെത്തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കേസ് ക്രൈംബ്രാഞ്ചിനുവിട്ടത്.

കേസിന്റെ നാള്‍വഴികള്‍
ജനുവരി 16-ന് നാലുമണിയോടെ ഹൊസങ്കടിയില്വെച്ച് രൂപശ്രീയും സഹാധ്യാപകന് കെ.വെങ്കിട്ടരമണ കാരന്തും കണ്ടുമുട്ടുന്നു. വെങ്കിട്ടരമണയും സഹായി നിരഞ്ജനും കാറില്‍, രൂപശ്രീ സ്കൂട്ടറില്‍. മുന്നിലും പിന്നിലുമായി ഇവര്‍ ദുര്‍ഗിപ്പള്ളയില്‍ എത്തുന്നു.
ദുര്‍ഗിപ്പള്ളയില്‍ രൂപശ്രീ റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ട് കാറില്‍ വെങ്കിട്ട രമണയ്ക്കൊപ്പം കയറുന്നു. കാര്‍ ഓടിക്കുന്നത് വെങ്കിട്ടരമണ. ഒപ്പം മുന്‍സീറ്റില്‍ രൂപശ്രീ. പിന്നില്‍ നിരഞ്ജന്.
അഞ്ചുമണിയോടെ കാര്‍ മിയാപ്പദവില് ആസാദ്നഗര്‍ റോഡിലെ വെങ്കിട്ടരമണയുടെ വീട്ടില്‍ എത്തുന്നു. അല്പസമയത്തിനകം ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നു. ഇടനാഴിയോടുചേര്‍ന്നുള്ള കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ രൂപശ്രീയെ വെങ്കിട്ടരമണ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നു.
പിടിത്തം വിടുവിച്ച് ഓടി രൂപശ്രീ സ്വീകരണമുറിയുടെ വാതിലിലൂടെ സിറ്റൗട്ടിലേക്ക് കടക്കുമ്പോഴേക്ക് എതിര്‍വശത്തെ മുറിയില്‍ കാത്തിരിക്കുകയായിരുന്ന നിരഞ്ജന് ചാടിവീണ് ഇവരെ വട്ടംപിടിക്കുന്നു. പിന്നാലെവന്ന വെങ്കിട്ടരമണയും ചേര്‍ന്ന് പിടിച്ചുവലിച്ച് തിരികെ കുളിമുറിയിലേക്ക് കൊണ്ടുപോകുന്നു.
ഇരുവരും ചേര്‍ന്ന് മര്‍ദിച്ചശേഷം വീപ്പയിലെ വെള്ളത്തില്‍ മുക്കിപ്പിടിക്കുന്നു.
മരണം ഉറപ്പിച്ചശേഷം മൃതദേഹം വലിച്ചിഴച്ച് സിറ്റൗട്ടിലെത്തിക്കുന്നു. ഇരുവരും ചേര്‍ന്ന് മൃതദേഹം കാറില്‍ കയറ്റുന്നു.
മംഗളൂരുവില്‍ പോയ ഭാര്യയെ കൂട്ടി വീട്ടില്‍ കൊണ്ടുവന്ന് വിട്ടശേഷം വിട്ളയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് വെങ്കിട്ടരമണയും നിരഞ്ജനും ചേര്‍ന്ന് വീണ്ടും ഏഴുമണിയോടെ വീട്ടില്‍നിന്ന് കാറെടുത്ത് പുറപ്പെടുന്നു.
സുങ്കതകട്ട-അനേക്കല്‍-വിട്ള-മെര്ക്കാറയിലെത്തുന്നു. ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നു. അവിടുന്ന് മംഗളൂരുവിനടുത്തുള്ള പമ്പുവെല്‍ സര്ക്കിളിലെത്തുന്നു. തുടര്‍ന്ന് തലപ്പാടി അതിര്‍ത്തി ചെക്ക്പോസ്റ്റ് കടന്ന് മഞ്ചേശ്വരത്തിനടുത്തുള്ള കണ്വതീര്‍ഥ കടല്‍ത്തീരത്തെത്തുന്നു. സമയം രാത്രി 9.30-10. ഇരുവരും ചേര്‍ന്ന് മൃതദേഹം കടലില്ത്തള്ളുന്നു; ഒപ്പം രൂപശ്രീയുടെ ഹാന്‍ഡ് ബാഗും.
(ജനുവരി 16-ന് ഉച്ചയ്ക്കുശേഷമാണ് രൂപശ്രീയെ കാണാതായത്. 18-ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്)
Content Highlights: Kozhikode Teacher B Rupasree's Murder Case, Rupasree murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..