"രണ്ട് മക്കളുടെ അമ്മയാണ് ഞാന്‍. ഭര്‍ത്താവും പ്രായമായ മാതാവും സഹോദരനുമെല്ലാമുള്ള ഒരു സാധാരണ വീട്ടമ്മ. കുറവായിട്ടുള്ളത് ഇത്തിരി സാമ്പത്തികം മാത്രമാണ്. അതുകൊണ്ടു മാത്രമാണ് മെഡിക്കല്‍ കോളേജ് പോലുള്ള ആശുപത്രിയിലേക്ക് എന്നെപോലുള്ളവര്‍ ഓടിയെത്തുന്നത്. പക്ഷേ, അതിസുരക്ഷിതമെന്ന് കരുതുന്ന ഐ.സി.യുവില്‍ പോലും ഒരു സ്ത്രീക്കു പേടിയില്ലാതെ കിടക്കാന്‍ കഴിയില്ലെന്ന അവസ്ഥ വന്നാല്‍ എന്നെ പോലുള്ളവര്‍ എന്ത് ചെയ്യും? കല്ല്യാണം കഴിഞ്ഞ് കുട്ടികളൊക്കെയായാല്‍ ഏത് പെണ്ണിനേയും പീഡിപ്പിക്കാമെന്നാണോ ഇവരുടെ നിലപാട്? എന്നിട്ട് പ്രതികളായവരെ സംരക്ഷിക്കാന്‍ അധികാരികള്‍ തന്നെ കൂട്ടുനില്‍ക്കുന്നു. അവര്‍ക്ക് ജോലി തിരിച്ച് നല്‍കുന്നു. ആരുടെ മുന്നിലാണ് നീതിക്ക് വേണ്ടി ഞാന്‍ ഇനി കൈനീട്ടേണ്ടത്....!"
ചോദിക്കുന്നത് കഴിഞ്ഞ് മാര്‍ച്ച് 18-ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായി ഐ.സി.യുവില്‍ കിടക്കവേ ആശുപത്രി അറ്റന്ററാല്‍ പീഡിപ്പിക്കപ്പെട്ട അതിജീവിതയാണ്. യുവതി മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
- ആറ് പേരായിരുന്നു പ്രതികള്‍, ഇതില്‍ പ്രധാന പ്രതിയൊഴികെ മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിക്കുകയും ഇപ്പോള്‍ ജോലിയിലേക്ക് തിരിച്ചെടുത്തിരിക്കുകയുമാണ്.
അവര്‍ക്ക് ജോലി തിരികെക്കിട്ടി. സാധാരണ ജീവിതത്തിലേക്ക് അവര്‍ പോവുന്നു. പക്ഷെ, ഞാനോ? അന്നനുഭവിച്ച മാനസിക, ശാരീരിക വേദനകളെല്ലാം ഞാന്‍ മറന്നു കളയട്ടെ എന്നാണോ സര്‍ക്കാര്‍ നിലപാട്. നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അതിന്റെ അസഹനീയമായ വേദനയ്ക്ക് ശേഷം ശബ്ദമെടുക്കാന്‍ പോലും കഴിയാതെ കണ്ണ് തുറന്ന് മാത്രം കിടക്കുകയായിരുന്ന ഒരു സ്ത്രീയോടാണ് അയാള്‍ ഇത്തരത്തില്‍ ചെയ്തത്. മയക്കത്തിലായിരുന്നുവെങ്കിലും എല്ലാം ഞാന്‍ കാണുന്നുണ്ടായിരുന്നു. എനിക്ക് ചുറ്റുമുള്ളത് കോമയിലിരിക്കുന്നവര്‍, അതിഗുരുതരാവസ്ഥയില്‍ മയക്കത്തിലായവര്‍. ഒന്ന് ശബ്ദമെടുക്കാന്‍ പോലും കഴിയാത്തവര്‍. ഈയൊരു തക്കം നോക്കിയാണ് ഇയാള്‍ എന്റെയടുത്തെത്തിയത്. പിന്നെ അയാള്‍ എന്നോട് ചെയ്തത് എനിക്ക് വിവരിക്കാന്‍ കഴിയുന്നതല്ല. അയാളുടെ കൈകൊണ്ട് പറ്റാവുന്നതൊക്കെ അയാള്‍ ചെയ്തു. പക്ഷെ എനിക്ക് നോക്കി നില്‍ക്കാനല്ലാതെ ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഏറെ നേരം കഴിഞ്ഞ് ഒരു നഴ്‌സ് എത്തി മറ്റൊരു രോഗിയെ പരിചരിക്കുമ്പോള്‍ അവരുടെ കൈപിടിച്ചുവെച്ചാണ് ഞാന്‍ കാര്യം പറഞ്ഞത്. പിന്നെ ഞാന്‍ പ്രശ്‌നമാക്കുമെന്ന് കരുതി നിമിഷങ്ങള്‍ക്കുള്ളിലാണ് മറ്റ് അഞ്ചു പേര്‍ പറഞ്ഞൊതുക്കാനെത്തിയത്. ആദ്യം പണം നല്‍കി. അവരുടെ മകളുടേയോ മറ്റോ കല്ല്യാണമാണെന്നും പരാതിയുമായി മുന്നോട്ട് പോവരുതെന്നും പറഞ്ഞു. നിങ്ങള്‍ കല്ല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെയായി കഴിയുകയല്ലേ, ഇതൊക്കെ ഇത്ര പ്രശ്‌നമാക്കേണ്ടതുണ്ടോ. നാട്ടിലിപ്പോ സാധാരണ നടക്കുന്നതല്ലേ എന്നായിരുന്നു ഇവരുടെ ചോദ്യം. പിന്നെ ഭീഷണിയായി. എനിക്ക് മാനസികരോഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. സ്ത്രീകളാണ് ഇതൊക്കെ ചെയ്തതെന്നോര്‍ക്കണം. അവരെയാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ സംരക്ഷിക്കുന്നത്. അവര്‍ക്ക് ജോലി തിരികെക്കൊടുത്തിരിക്കുന്നു. ഇനി അടുത്തത് പ്രധാന പ്രതിക്കായിരിക്കും ജോലി നല്‍കുക.
- ശശീന്ദ്രന്‍ എന്നയാളാണ് കേസിലെ മുഖ്യപ്രതി, ഇയാളുടെ സ്ഥിരം സ്വഭാവമാണ് ഇതെന്ന് ആരോപണമുണ്ട്.
ആരോപണം മാത്രമല്ല അങ്ങനെ തന്നെയാണ്. എന്നെ ഉപദ്രവിച്ച ശേഷം ഇയാള്‍ നേരെ പോയത് മറ്റൊരു ബെഡിലേക്കാണ്. ഞാന്‍ പരാതി പറഞ്ഞ ശേഷം നഴ്‌സ് ഇയാളെ അന്വേഷിച്ച് പോയപ്പോഴും എന്റെ അതേ അവസ്ഥയിലിരിക്കുന്ന ഒരാളുടെ തുണിമാറ്റുന്ന ശശീന്ദ്രനെയാണ് നഴ്‌സ് കണ്ടത്. ചോദിച്ചപ്പോള്‍ ട്യൂബ് ഉണ്ടോന്ന് നോക്കിയതാണെന്നൊക്കെ പറഞ്ഞു. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ ഒരാള്‍ക്ക് ഇതിന്റെ ആവശ്യമില്ലെന്ന് നിങ്ങള്‍ക്ക് അറിയാത്ത കാര്യമാണോ എന്നൊക്കെ നഴ്‌സ് ചോദിച്ചപ്പോള്‍ അയാള്‍ പതറി. അങ്ങനെയാണ് പിടിക്കപ്പെടുന്നത്. ട്യൂബ് പരിശോധിക്കാനാണെങ്കില്‍ ട്യൂബ് മാത്രം നോക്കിയാല്‍ പോരെ. ഇയാള്‍ എന്തിനാണ് ശരീരത്തിന്റെ മറ്റുള്ള ഭാഗങ്ങളില്‍ പരിശോധിക്കുന്നത്. അപ്പോള്‍ ഇത് അയാളുടെ സ്ഥിരം പരിപാടിയാണ്. എത്ര പേരായിരിക്കും മരണത്തിന്റെ വക്കിലും മറ്റുമെല്ലാമായി ഐ.സി.യുവില്‍ എത്തിയിട്ടുണ്ടാവുക. അതില്‍ ചെറിയ കുട്ടികളുണ്ടാവില്ലേ, മുതിര്‍ന്ന സ്ത്രീകളും പ്രായമായവരുമെല്ലാമുണ്ടാവില്ലേ. ഇവരോടൊക്കെ ഇയാള്‍ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. പലരും പേടി കൊണ്ടായിരിക്കും പരാതി പറയാതിരുന്നത്. അല്ലെങ്കില്‍ ഭയന്നിട്ടോ മാനക്കേടു കൊണ്ടോ ആവും. അതുമല്ലെങ്കില്‍ ഇത്തരത്തിലുള്ള ഭീഷണിയില്‍ പെട്ടിട്ടുമുണ്ടാവാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം മാനസികമായും ശാരീരികമായും വലിയ ക്ഷതമാണേറ്റത്. എന്നാല്‍, പരാതികൊടുത്താല്‍ പോലും സ്വാധീനമുണ്ടെങ്കില്‍ എന്തും തേച്ചുമായ്ച്ചു കളയാനാവുമെന്നാണ് തെളിയുന്നത്.
- ആരോഗ്യമന്ത്രി ബന്ധപ്പെട്ടിരുന്നോ?
എല്ലാ പിന്തുണയും നല്‍കുമെന്നും കൂടെ നില്‍ക്കുമെന്നുമാണ് അന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യമുണ്ടെന്ന് അറിഞ്ഞതോടെ ഇടപെടമെന്നാവശ്യപ്പെട്ട് ഞാന്‍ പരാതി നല്‍കിയിരുന്നു. പക്ഷെ, ഇപ്പോള്‍ എന്താണ് കാണുന്നത്.? ആ അഞ്ചു പേര്‍ക്കും ജാമ്യം ലഭിക്കുകയും ജോലി തിരിച്ചുകിട്ടുകയും ചെയ്തു. ഇതാണോ കൂടെ നില്‍ക്കല്‍? ഇത്തരം നിലപാട് കാണുമ്പോള്‍ മുഖ്യപ്രതി ശശീന്ദ്രനും ശിക്ഷിക്കപ്പെടുമോയെന്ന് എനിക്ക് സംശയമാണ്. സി.സി.ടി.വിയൊക്കെ പരിശോധിച്ച്, ഇവരാണ് എന്റെയടുത്ത് വന്നതെന്നും എന്നെ ഭീഷണിപ്പെടുത്തിയതെന്നും മറ്റും തിരിച്ചറിഞ്ഞതും അവരെ സസ്‌പെന്‍ഡ് ചെയ്തതും മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെയാണ്. എല്ലാ തെളിവെടുപ്പും നടത്തുകയും പ്രതികളെ എന്റെ മുന്നില്‍ കൊണ്ട് വന്ന് ഞാന്‍ തിരിച്ചറിയുകയും ചെയ്തതാണ്. അവര്‍ തന്നെ കാര്യങ്ങളെല്ലാം പോലീസിനോട് സമ്മതിച്ചതുമാണ്. പിന്നെങ്ങനെയാണ് അവരാണ് വന്നതെന്ന് തെളിവില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ ജോലിയില്‍ തിരിച്ചെടുക്കാന്‍ കഴിയുക. ശരിക്കും പീഡിപ്പിക്കപ്പെടുന്നവര്‍ക്കും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും പിന്തുണ നല്‍കുകയല്ലേ അധികൃതര്‍ ചെയ്യുന്നത്. സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ പറയുന്ന സര്‍ക്കാരിനോ ബന്ധപ്പെട്ടവര്‍ക്കോ ഒന്നും പറയാനില്ല. ഇത് പീഡനം നടത്തുന്നവര്‍ക്ക് തുടര്‍ന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യാനുള്ള പ്രചോദനം നല്‍കുകയല്ലേ ചെയ്യുന്നത്.
- സംഭവത്തിനു ശേഷം ഏത് തരത്തിലുള്ള മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയത്?
വലിയ ഷോക്കായിരുന്നു എനിക്ക്. കാരണം, ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് അന്ന് നടന്നത്. ആരും കരുതുന്നില്ലല്ലോ ആശുപത്രിക്കുള്ളില്‍ വെച്ച്, അതും കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലുള്ള ഒരു സ്ഥലത്തെ ഐ.സി.യുവില്‍ വച്ച് ഇങ്ങനെയൊരു സംഭവം നേരിടേണ്ടി വരുമെന്ന്. കണ്ണ് തുറന്ന് കിടന്ന് എല്ലാം കാണുകയും എന്നാല്‍, നിസ്സഹായയായി കിടക്കേണ്ടിയും വരികയും ചെയ്യേണ്ടിവരുന്ന അവസ്ഥ എങ്ങനെയായിരിക്കും. ഒരു പ്രാവശ്യമല്ല, വീണ്ടും വീണ്ടും അയാള്‍ എത്തുകയായിരുന്നു. ഒരിക്കല്‍ വന്നു പോയ ശേഷം പിന്നേയും ശശീന്ദ്രന്‍ എന്റെ നേര്‍ക്ക് വരുന്നത് കണ്ട് പേടിച്ചാണ് നഴ്‌സിന്റെ കൈക്ക് പിടിച്ച് ഞാന്‍ ആംഗ്യത്തില്‍ കാണിച്ചത്. ആ നഴ്‌സ് ആ സമയത്ത് എനിക്ക് തന്ന പിന്തുണ വലിയതായിരുന്നു. ഒപ്പം നില്‍ക്കുമെന്ന് ഉറപ്പ് നല്‍കി. ഇങ്ങനെയൊരു സംഭവം ഉണ്ടായി എന്ന് മാത്രമല്ല അതിനു ശേഷം എന്നെ മാറ്റിയത് ജനറല്‍ വാര്‍ഡിലേക്കാണ്. അപ്പോഴേക്കും പലരും ഇക്കാര്യം അറിഞ്ഞിരുന്നു. ഇതോടെ ഇരയെ കാണാനുള്ള ജനങ്ങളുടെ കൗതുകത്തേയും എനിക്ക് നേരിടേണ്ടിവന്നു. ഇതൊക്കെ വലിയ പ്രശ്‌നമാണ് എനിക്കുണ്ടാക്കിയത്. ചികിത്സ തുടരുമ്പോഴും അത് ഫലം കാണാത്ത അവസ്ഥയിലായിരുന്നു. മക്കളൊക്കെ കാര്യങ്ങൾ അറിയാനായവരാണ്. എങ്ങനെയൊക്കെയോ കഴിഞ്ഞുകൂടുകയാണിപ്പോള്‍. തൈറോയ്ഡ് ഇപ്പോഴും കൂടുതലാണ്. മാനസിക സമ്മര്‍ദമുണ്ടാവരുതെന്നും കൃത്യമായി മരുന്നെടുക്കണമെന്നുമൊക്കെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴത്തെ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ അതിനൊന്നും സാധിക്കാത്ത അവസ്ഥയാണ്. ഇരയായവര്‍ എപ്പോഴും വേദന തിന്ന് നീതി ലഭിക്കാതെ ജീവിതകാലം മുഴുവന്‍ അതുമോര്‍ത്ത് കഴിയേണ്ടി വരിക തന്നെ ചെയ്യുമെന്ന തോന്നല്‍.
- സ്ത്രീ സുരക്ഷയൊക്കെ വലിയ ചര്‍ച്ചയാവുന്ന കാലത്താണ് ഐ.സി.യുവില്‍ പോലും പീഡനം നടക്കുന്നത്
എന്ത് സ്ത്രീസുരക്ഷയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അക്രമികളെ സംരക്ഷിക്കുകയും ഇരകളെ വീണ്ടും വീണ്ടും ഇരകളാക്കുന്നതുമാണോ സ്ത്രീ സുരക്ഷ. ഇത്തരം കേസുകള്‍ വരുമ്പോള്‍ ശക്തമായ നടപടിയെടുത്താലല്ലാതെ അങ്ങനെയാണ് ഇത് ആവര്‍ത്തിക്കാതിരുന്ന് സ്ത്രീ സുരക്ഷ ഉറപ്പ് നല്‍കാനാവുക. പാര്‍ട്ടിയുടേയും സ്വാധീനത്തിന്റേയും ബലത്തില്‍ കേസിന് പിറകെ പോകുന്നവരുടെ ആത്മവിശ്വാസം കെടുത്തുന്നതല്ലേ ഇപ്പോഴത്തെ നിലപാട്. അഞ്ചു വര്‍ഷമായി വയറില്‍ ശസ്ത്രക്രിയ നടത്തിയ കത്രികയുമായി കഴിയേണ്ടി വന്ന ഹർഷിനയെ പോലുള്ളവരും ഐ.സി.യുവില്‍ പോലും ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്ന എന്നെ പോലുള്ളവരോടും അധികൃതര്‍ക്ക് എന്താണ് പറയാനുള്ളത്. എതായാലും പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുന്നുണ്ട്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നത് വരെ മുന്നോട്ടുപോവണമെന്ന് തന്നെയാണ് വിചാരിക്കുന്നത്.
Content Highlights: kozhikode medical college ICU rape case
Get daily updates from Mathrubhumi.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..