കോഴിക്കോട് ഫിംഗർ പ്രിന്റ് ബ്യൂറോ ടീമംഗങ്ങളായ ടെസ്റ്റർ ഇൻസ്പെക്ടർ വി.പി. കരീം, ഫിംഗർ പ്രിന്റ് സർച്ചർ പി. ശ്രീരാജ്, ഫിംഗർ പ്രിന്റ് എക്സ്പേർട്ട് എ.വി. ശ്രീജയ എന്നിവർ
കോഴിക്കോട്:കേസുകളുടെ ഉള്ളറകളിലേക്ക് വിരല്മുദ്രയിലൂടെ സഞ്ചരിച്ച് കോഴിക്കോട് സിറ്റി ജില്ലാ സിംഗിള്‍ ഡിജിറ്റ് ഫിംഗര്‍ പ്രിന്റ് ബ്യൂറോ നേടിയത് അഭിമാനകരമായ നേട്ടം. കഴിഞ്ഞവര്‍ഷം കോഴിക്കോട് സിറ്റി ഫിംഗര്‍ പ്രിന്റ് ബ്യൂറോ തുമ്പുണ്ടാക്കിയത് 122 കേസുകള്‍ക്കാണ്. ഈ നേട്ടത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ കമന്‍ഡേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴിക്കോട് ബ്യൂറോയ്ക്ക് ലഭിച്ചു. മറ്റു ബ്യൂറോകള്‍ പരമാവധി 70 കേസുകളില്‍ വരെയാണ് വിരലടയാള പരിശോധനവഴി പ്രതികളെ തിരിച്ചറിഞ്ഞത്.
ചുരുളഴിക്കപ്പെട്ടതില് നടുക്കുന്നതും നാടകീയത നിറഞ്ഞതുമായ ഒട്ടേറെ കേസുകളുണ്ട്. ഏതൊരു കുറ്റകൃത്യത്തിനുപിന്നിലും കുറ്റവാളിക്ക് കുരുക്കായി ഒരു വിരല്‍സ്പര്‍ശം അവശേഷിക്കുന്നുണ്ട്. അതാണ് കേസുകളില്‍ നിര്‍ണായകവും വഴിത്തിരിവും. അവ കണ്ടെത്താനുള്ള സമഗ്രവും സാഹസികവുമായ നീക്കങ്ങളാണ് ഫിംഗര്‍ പ്രിന്റ് ബ്യൂറോ നടത്തിയത്.
2017-ല്‍ ബേപ്പൂര്‍ തീരത്തുനിന്ന് അറുത്തുമാറ്റിയനിലയില്‍ ഒരു പുരുഷന്റെ കൈ കണ്ടെത്തിയത് ഞെട്ടിച്ച സംഭവമായിരുന്നു. ഫൊറന്‍സിക് ഫോട്ടോഗ്രാഫി വിഭാഗത്തിന്റെ സഹായത്തോടെ വിരലടയാള വിദഗ്ധസംഘം ഉടന്‍ പരിശോധന തുടങ്ങി. ആ കൈയിലെ വിരലടയാളത്തിന് പോലീസ് ശേഖരത്തിലുള്ളവയുമായി സാമ്യമുണ്ടോയെന്ന ഒത്തുനോക്കലില്‍ അറുത്തുമാറ്റിയ കൈ നേരത്തേ ഒരു കേസില്‍ പ്രതിയായ മലപ്പുറത്തുകാരന്റേതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തെളിഞ്ഞത് അതിദാരുണമായ ഇരട്ടക്കൊലപാതകം. ആളെ തിരിച്ചറിയാതിരിക്കാന്‍ മലപ്പുറം സ്വദേശിയുടെ ശരീരം വെട്ടിനുറുക്കി ജില്ലയുടെ പലഭാഗത്തായി തള്ളുകയായിരുന്നു. കേസില്‍ പിടിയിലായത് മലപ്പുറത്തുകാരന്റെ സുഹൃത്തായ മുക്കം മണാശ്ശേരി സ്വദേശി. അമ്മയെ കൊലപ്പെടുത്തിയ വിവരം പുറത്തുപറയാതിരിക്കാന്‍ സുഹൃത്തിനെ മണാശ്ശേരി സ്വദേശി വകവരുത്തുകയായിരുന്നുവെന്നാണ് കേസ്. വിചാരണ നടക്കുകയാണ്.
പെരുമണ്ണയിലെ ജൂവലറിയില്‍നിന്ന് 100 പവന് സ്വര്‍ണം കവര്‍ന്ന കേസിലും പ്രതിയെ തിരിച്ചറിയുന്നത് വിരലടയാള പരിശോധനയിലാണ്. 2003-ലായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയായിരുന്നു പ്രതി.
കവര്‍ച്ചക്കേസുകളില്‍ വിരലടയാളം പരിശോധിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പ്രതികളെ തിരിച്ചറിഞ്ഞ കേസുകളുമുണ്ട്. സിവില്‍ സ്റ്റേഷനടുത്തുള്ള വര്‍ക്ക് ഷോപ്പില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു ആഡംബരക്കാര്‍ മോഷണംപോയത് ഇക്കഴിഞ്ഞ ജൂണ്‍ 22-ന് രാത്രിയാണ്. ഓഫീസ് മുറിയുടെ ഗ്ലാസ് പൊട്ടിച്ച് അകത്തുള്ള താക്കോലെടുത്താണ് മോഷ്ടാവ് കാര്‍ കൊണ്ടുപോയത്. രാവിലെ വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി ഗ്ലാസില്‍ പതിഞ്ഞ വിരല്‍മുദ്രകള്‍ ശേഖരിച്ചു. മറ്റൊരു കേസില്‍ പ്രതിയായ തൃശ്ശൂര്‍ കൊരട്ടി സ്വദേശിയായ യുവാവിന്റെ വിരലടയാളവുമായി ഇതിന് സാമ്യമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇയാള്‍ തന്നെയാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത് പിന്നെ മിനിറ്റുകള്‍ക്കുള്ളില്‍. സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. കാര്‍ ഓടിച്ചുപോകുന്നതിനിടയില് രാത്രിയോടെതന്നെ കോട്ടയത്തുവെച്ച് ഇരുപതുകാരനായ പ്രതിയെ പിടികൂടി.
ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വി.പി. കരീം, ഫിംഗര്‍ പ്രിന്റ് എക്സ്പേര്‍ട്ട് എ.വി. ശ്രീജയ, ഫിംഗര്‍ പ്രിന്റ് സര്‍ച്ചര്‍ പി. ശ്രീരാജ് എന്നിവരടങ്ങിയ ടീമാണ് കോഴിക്കോട് സിറ്റി ഫിംഗര്‍ പ്രിന്റ് ബ്യൂറോയെ നയിക്കുന്നത്. മികച്ച സേവനം മുന്‍നിര്‍ത്തി സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെയും ജില്ലാ പോലീസ് മേധാവിയുടെയും പുരസ്കാരങ്ങള്‍ക്ക് ഇവര്‍ അര്‍ഹരായിട്ടുണ്ട്. 2019-ല്‍ സ്ഥാപിച്ച ഓട്ടോമാറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എഫിസ്) വിരലടയാള പരിശോധനയില്‍ നിര്‍ണായകമാണ്. ശേഖരിച്ചുവെച്ചിട്ടുള്ള വിരലടയാളങ്ങളുമായി സ്ഥലത്തുനിന്ന് ലഭിച്ച വിരല്‍മുദ്രകള്‍ ഒത്തുനോക്കും. ഇതില്‍നിന്ന് പ്രതികളുടേതുമായി സാമ്യമുള്ള വിരലടയാളങ്ങള്‍ ശേഖരിച്ച് അതിസൂക്ഷ്മമായും ശാസ്ത്രീയവുമായി പരിശോധിച്ചാണ് നിമിഷനേരംകൊണ്ട് പ്രതിയാരെന്ന് തിരിച്ചറിയുന്നതെന്ന് ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ വി.പി. കരീം പറഞ്ഞു. വിരലടയാള പരിശോധനവഴി കേസുകള്‍ തെളിയിച്ചതില്‍ സംസ്ഥാനത്ത് കോഴിക്കോടാണ് മുന്നിലെങ്കില്‍ ദേശീയതലത്തില്‍ ഈ അംഗീകാരം കേരളത്തിനാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 657 കേസുകളിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
വിരലടയാളം
വിരലടയാളം പതിയുമ്പോഴുണ്ടാകുന്ന വരകള്‍ (റിഡ്ജസ്) സൂക്ഷ്മമായി പഠിച്ചും നിരീക്ഷിച്ചുമാണ് ഇത് ആരുടേതാണെന്ന് കണ്ടെത്തുന്നത്. വിരല്‍ത്തുമ്പിലെ ഇത്തരം വരകള്‍ക്കിടയിലെ കൊഴുപ്പാണ് സംഭവസ്ഥലത്തെ നിര്‍ണായകമായ അടയാളമായി അവശേഷിക്കുന്നത്. കോടതിക്കുമുമ്പിലെ ഏറ്റവും പ്രധാന തെളിവുകളിലൊന്നാണ് വിരല്‍മുദ്ര. കാല്‍വിരലുകളുടെ അടയാളവും നിര്‍ണായകമാണ്.
ഫിംഗര്‍ പ്രിന്റ് ബ്യൂറോ
1978-ലാണ് കോഴിക്കോട്ട് ഫിംഗര്‍ പ്രിന്റ് ബ്യൂറോ സ്ഥാപിക്കുന്നത്. മുമ്പ് വയനാട്, മലപ്പുറം, കോഴിക്കോട് റൂറല്‍ ജില്ലകള്‍ ഇതിനു കീഴിലായിരുന്നു. ജില്ലാ പോലീസ് മേധാവി എ.വി.ജോര്‍ജിന്റെ മേല്‍നോ ട്ടത്തിലാണ് കോഴിക്കോട് ബ്യൂറോവിന്റെ പ്രവര്‍ത്തനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..