ജമീല, പോലീസ് തിരയുന്ന ഹമീദ്
കോഴിക്കോട്: 22 വര്‍ഷം വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മകളുടെ ഘാതകനെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഓഫീസുകളും പോലീസ് സ്റ്റേഷനും കയറിയിറങ്ങി തളര്‍ന്നിരിക്കുകയാണ് വടകര എടച്ചേരി സ്വദേശി മറിയം. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും മകളുടെ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും വടകര റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഈ 85-കാരി. മരിക്കും മുന്‍പ് മകളുടെ മരണത്തില്‍ നീതികിട്ടണമെന്നും കൊലയാളിയെ കണ്ടെത്തണമെന്നുമാണ് മറിയത്തിന്റെ ആവശ്യം.
2001 സെപ്റ്റംബര്‍ എട്ടാം തീയതിയാണ് മറിയത്തിന്റെ മകള്‍ ജമീലയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്നുമുതല്‍ ജമീലയുടെ ഭര്‍ത്താവ് ഹമീദിനെയും കാണാതായി. ജമീലയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുപതിറ്റാണ്ടിലേറെയായി പോലീസ് ഹമീദിനെ തിരയുകയാണെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ഹമീദ് തന്നെയാണു കൊലപാതകിയെന്നു ഉറച്ചു വിശ്വസിക്കുന്നതായി ജമീലയുടെ സഹോദരന്‍ ഉസ്മാന്‍ പറയുന്നു.
2001 സെപ്റ്റംബര്‍ എട്ടാം തീയതി രാവിലെ നിസ്‌കാരപ്പായയില്‍ കിടക്കുന്നനിലയിലായിരുന്നു ജമീലയുടെ മൃതദേഹം. രാവിലെ പത്രം ഇടാന്‍ പോയ ജമീലയുടെ രണ്ടുകുട്ടികള്‍ തിരിച്ചെത്തിയപ്പോഴാണു മാതാവിനെ മരിച്ചനിലയില്‍ കണ്ടത്. നിലവിളിച്ച് പുറത്തേക്ക് ഓടിയ കുട്ടികള്‍ പുറത്ത് റോഡില്‍ നില്‍ക്കുകയായിരുന്ന പിതാവ് ഹമീദിനെ വിവരം അറിയിച്ചു. ആ സമയത്ത് ഉറക്കെ നിലവിളിക്കുകയും കരയുകയും ചെയ്ത ഹമീദ്, മരണം സ്ഥിരീകരിക്കാനെത്തിയ ഡോക്ടര്‍ ചില സംശയങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ ഫോണ്‍ വിളിക്കാനെന്ന് പറഞ്ഞ് പുറത്ത് പോവുകയും സ്ഥലംവിടുകയും ചെയ്‌തെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അന്നേദിവസത്തെ ഹമീദിന്റെ പെരുമാറ്റത്തിലും ജമീലയുടെ ബന്ധുക്കള്‍ അടിമുടി സംശയം പ്രകടിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ വീടിന് തൊട്ടടുത്തെ ചായക്കടയില്‍നിന്ന് ചായ കുടിച്ച് മീന്‍ എടുക്കാന്‍ പോവാറുണ്ടായിരുന്ന ഹമീദ് അന്ന് മീന്‍ എടുക്കാന്‍ പോയില്ല. കടക്കാരന്‍ ചോദിച്ചപ്പോള്‍ ഭാര്യക്ക് സുഖമില്ലാത്തത് കൊണ്ട് ഇപ്പോള്‍ പോയാല്‍ ശരിയാവില്ലെന്നായിരുന്നു മറുപടി. തൊട്ടുപിന്നാലെയാണ് മക്കള്‍ നിലവിളിച്ച് ഓടിയെത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.
നിസ്‌കാരപ്പായയില്‍ ജമീലയെ മരിച്ചനിലയില്‍ കണ്ടയുടന്‍ ഹമീദും നിര്‍ത്താതെ കരഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിക്കാന്‍ ബന്ധുക്കള്‍ ഡോക്ടറെ കൊണ്ടുവന്നത്. ജമീലയുടെ കഴുത്തില്‍ മുറുകിയ പാടുള്ളതായും തലയ്ക്ക് അടിയേറ്റതായും ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചു. നിസ്‌കരിക്കുന്ന സമയത്ത് തലയ്ക്ക് പിന്നില്‍ ഭാരമുളള എന്തോ വസ്തു കൊണ്ട് അടിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊന്നതാണോ എന്ന് സംശയമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ഭാര്യയ്ക്ക് ഹൃദയാഘാതമുണ്ടായതാണെന്നായിരുന്നു ഹമീദിന്റെ മറുപടി. അങ്ങനെയല്ലെന്ന് ഡോക്ടര്‍ വീണ്ടും പറഞ്ഞതോടെ ഫോണ്‍ ചെയ്യണമെന്ന് പറഞ്ഞ് ഹമീദ് വീടിന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനുശേഷം ഹമീദിനെ ആരും കണ്ടിട്ടില്ല. ജമീലയുടെ കബറടക്കത്തിനും അയാള്‍ എത്തിയില്ല.
ജമീലയുടെ കഴുത്തിന്റെ എല്ലുപൊട്ടിയതായും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. ഇതെല്ലാം കാരണം ഹമീദ് തന്നെയാണ് കൊലപാതകിയെന്ന് ജമീലയുടെ ബന്ധുക്കളും ഉറച്ചുവിശ്വസിക്കുന്നു.
സംഭവത്തിനുശേഷം മൊകേരി, കാസര്‍കോട്, കാക്കനാട് ഉള്‍പ്പടെ പലയിടത്തും ഹമീദിനെ കണ്ടുവെന്ന് പലരും പറഞ്ഞുകേട്ടെന്നും പോലീസിന് കണ്ടെത്താനായില്ലെന്നുമാണ് ജമീലയുടെ കുടുംബം പറയുന്നത്. കാക്കനാട് ഇയാള്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍ പോലീസ് അന്വേഷിച്ചെത്തിയപ്പോളേക്കും ഹമീദ് അവിടെനിന്ന് മുങ്ങിയിരുന്നു. കേസില്‍ പോലീസ് അന്വേഷണം വഴിമുട്ടിയപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘത്തെ അന്വേഷണത്തിനായി രൂപവത്കരിച്ചിരുന്നെങ്കിലും പിന്നീട് കാര്യമായ നടപടിയൊന്നുമുണ്ടായില്ല. മകളുടെ കൊലയാളിയെ കണ്ടെത്താനായി മാറിമാറിവരുന്ന മുഖ്യമന്ത്രിമാര്‍ക്കും മറ്റുജനപ്രതിനിധികള്‍ക്കുമെല്ലാം മറിയം പരാതി നല്‍കിയിരുന്നു. ഇനി വീണ്ടും വടകര റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.
Content Highlights: kozhikode edacheri jameela death mother mariya will give complaint to rural sp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..