വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഉദയനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ | ഫയൽചിത്രം | മാതൃഭൂമി
തിരുവനന്തപുരം: കാണാതായ വിദേശയുവതിയെ കണ്ടെത്താന്‍ സഹോദരിയും ഭര്‍ത്താവും കേരളത്തിലുടനീളം നടത്തിയ തിരച്ചില്‍, ആഴ്ചകളോളം നീണ്ട പോലീസ് അന്വേഷണം, ഒടുവില്‍ ഒരുമാസത്തിന് ശേഷം പൊന്തക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം. ആദ്യം മുതല്‍ അവസാനംവരെ ഏറെ ദുരൂഹതകളും വിവാദങ്ങളും നിറഞ്ഞതായിരുന്നു കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ കേസ്.
വിഷാദരോഗത്തിന് ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലാത്വിയന്‍ വനിതയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന വാര്‍ത്തകേട്ട് കേരളം നടുങ്ങി. അന്താരാഷ്ട്ര മാധ്യമങ്ങളില്‍വരെ സംഭവം വാര്‍ത്തയായി. ഒടുവില്‍ കേസിലെ രണ്ട് പ്രതികളെയും കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ നീതിക്കായി നടത്തിയ വലിയ പോരാട്ടങ്ങള്‍ക്ക് കൂടിയാണ് പരിസമാപ്തിയായിരിക്കുന്നത്. ഇനിയറിയേണ്ടത് പ്രതികള്‍ക്കുള്ള ശിക്ഷ എന്താണെന്ന് മാത്രം.
കേരളത്തിലെത്തിയ സഹോദരിമാര്‍, ദുരൂഹത നിറഞ്ഞ തിരോധാനക്കേസ്...
2018 ഫെബ്രുവരി മൂന്നിനാണ് ലാത്വിയന്‍ യുവതിയും സഹോദരിയും ഭര്‍ത്താവും കേരളത്തിലെത്തുന്നത്. കൊല്ലപ്പെട്ട യുവതിയ്ക്ക് വിഷാദരോഗ ചികിത്സയ്ക്കായാണ് അയര്‍ലന്‍ഡില്‍ താമസമാക്കിയ മൂവരും കേരളത്തില്‍ വന്നത്. പോത്തന്‍കോട്ടെ ആയുര്‍വേദ റിസോര്‍ട്ടിലായിരുന്നു ഇവരുടെ ചികിത്സയും താമസവും. എന്നാല്‍ 2018 മാര്‍ച്ച് 14-ാം തീയതി യുവതിയെ റിസോര്‍ട്ടില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.
വൈകിട്ട് പതിവ് നടത്തത്തിനിറങ്ങിയ യുവതിയെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ സഹോദരിയും റിസോര്‍ട്ട് അധികൃതരും പോലീസില്‍ പരാതി നല്കി. എന്നാല്‍ ആദ്യഘട്ടത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ലെന്നായിരുന്നു ആക്ഷേപം. ഒടുവില്‍ റിസോര്ട്ടില്നിന്നിറങ്ങിയ യുവതി, ഓട്ടോയില്‍ കയറി കോവളം ബീച്ചിലേക്ക് പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. 800 രൂപ നല്കിയ യുവതി, കോവളം ബീച്ചിലിറങ്ങി നടന്നുപോയെന്നായിരുന്നു ഓട്ടോറിക്ഷക്കാരന്റെ മൊഴി. കോവളത്തെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഒടുവില്‍ വിഷാദരോഗിയായ യുവതി കടലിലിറങ്ങി അപകടത്തില്പ്പെട്ടിരിക്കാമെന്നായിരുന്നു പോലീസിന്റെ നിഗമനം. ഈ സാധ്യതയില്‍ കടല്‍ത്തീരങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.

ഒരുവശത്ത് പോലീസ് അന്വേഷണം നടക്കുമ്പോള്‍ മറുവശത്ത് സഹോദരിയും ഭര്‍ത്താവും യുവതിക്കായി സ്വന്തം നിലയില്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ ഇവര്‍ യുവതിയെ കണ്ടെത്താനായി യാത്ര ചെയ്തു. യുവതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് കാണുന്നവരോടെല്ലാം അഭ്യര്‍ഥിച്ചു. യുവതിയുടെ വിവിധ ചിത്രങ്ങളുമായി വിദേശികളായ ഇരുവരും നടത്തിയ അന്വേഷണം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് കോവളത്തെ മിസ്സിങ് കേസ് ചര്‍ച്ചയാകുന്നത്. ഇതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കാര്യമായ തുമ്പൊന്നുമുണ്ടായില്ല. ഇതിനിടെ യുവതിയെ കണ്ടെത്താനായി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഫയല്‍ചെയ്തു.
അഴുകിയ മൃതദേഹം കണ്ടല്‍ക്കാട്ടിനുള്ളില്‍
കാണാതായ യുവതി ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷകളെല്ലാം തല്ലിക്കെടുത്തിയദിനമായിരുന്നു 2018 ഏപ്രില്‍ 20. അന്നാണ് കോവളം വാഴമൂട്ടത്തിന് സമീപം പൂനംതുരുത്തിലെ കണ്ടല്‍ക്കാട്ടില്‍ വള്ളിപ്പടര്‍പ്പില്‍ തൂങ്ങിയനിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്. അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയിലൂടെ പോലീസ് സ്ഥിരീകരിച്ചു. ഇതോടെ യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം.
മൃതദേഹം വിദേശവനിതയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ ഐ.ജി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ഇതിനിടെ, അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരേ മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെട്ടു. അന്വേഷണം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ലാത്വിയന്‍ കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാരിന് കത്തെഴുതി. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിയും നല്‍കിയിരുന്നു.
പ്രതികള്‍ പിടിയില്‍, ക്രൂരമായ ബലാത്സംഗം, പിന്നെ കൊലപാതകം...
മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാടുകള്‍ക്ക് സമീപം പതിവായി ചീട്ടുകളിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ അന്വേഷണം. ഇവരില്‍നിന്നാണ് പ്രതികളായ ഉദയന്‍, ഉമേഷ് എന്നിവരെക്കുറിച്ച് പോലീസിന് ചില സൂചനകള്‍ ലഭിക്കുന്നത്. പിന്നീട് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. 2018 മേയ് മൂന്നാംതീയതി രണ്ടുപ്രതികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

കോവളത്തെ ഗ്രോബീച്ചില് കണ്ട വിദേശവനിതയെ ടൂറിസ്റ്റ് ഗൈഡായ ഉദയനും കെയര്‍ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷും തന്ത്രപൂര്‍വം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് യുവതിക്ക് ഇരുവരും കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് നല്കി അതിക്രൂരമായി ബലാത്സംഗം ചെയ്തു. ബോധം വീണ്ടെടുത്തതോടെയാണ് താന്‍ അതിക്രമത്തിന് ഇരയായതായി യുവതിക്ക് ബോധ്യപ്പെട്ടത്. യുവതിയുടെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ യുവതി ബഹളംവെച്ചു. തുടര്‍ന്നാണ് രണ്ടുപ്രതികളും ചേര്‍ന്ന് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് സംഭവം ആത്മഹത്യയായി ചിത്രീകരിക്കാന്‍ കാട്ടുവള്ളികള്‍ കൊണ്ട് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു.
ചിതാഭസ്മവുമായി മടങ്ങി, വിചാരണ വേഗത്തിലാക്കാനും നിയമപോരാട്ടം...
കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ ചിതാഭസ്മവുമായാണ് 2018 മേയില്‍ സഹോദരി അയര്‍ലന്‍ഡിലേക്ക് മടങ്ങിയത്. എന്നാല്‍ കേസിന്റെ വിചാരണ നീണ്ടുപോയതോടെ അവര്‍ വീണ്ടും നിയമപോരാട്ടം ആരംഭിച്ചു. ഇതിനിടെ കേസില്‍ കുറ്റപത്രം നല്കാന് വൈകിയതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
തിരുവനന്തപുരത്തെ കോടതിയില്‍ ആരംഭിച്ച വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യവുമായാണ് യുവതിയുടെ സഹോദരി 2021-ല്‍ വീണ്ടും കേരളത്തിലെത്തിയത്. വിചാരണ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പലതവണ ഇ-മെയില്‍ അയച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ അവര്‍ നേരിട്ടെത്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട് ലാത്വിയന്‍ എംബസിയും സര്‍ക്കാരിന് കത്തയച്ചിരുന്നു.
കോടതിയില്‍ വിചാരണയ്ക്കിടെ കൊല്ലപ്പെട്ട യുവതിയുടെ വസ്ത്രങ്ങളും ജാക്കറ്റും സഹോദരി തിരിച്ചറിഞ്ഞു. ഇതിനിടെ, സഹോദരിക്ക് നേരേയുണ്ടായ ക്രൂരത പുസ്തക രൂപത്തിലാക്കാനും അവര്‍ തീരുമാനിച്ചു. സഹോദരിക്കൊപ്പം കേരളത്തില്‍ എത്തിയത് മുതലുള്ള സംഭവങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേസിന്റെ വിചാരണയ്ക്കായി കേരളത്തില്‍ എത്തിയ സമയത്താണ് പുസ്തകരചന ആരംഭിച്ചത്.
Content Highlights: kovalam foreign woman murder case history and details
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..