
പ്രതീകാത്മക ചിത്രം | മാതൃഭൂമി
തിടനാട്: മോഷണശ്രമത്തിനുശേഷം റബ്ബർ തോട്ടത്തിൽ ഒളിച്ച മൂന്നംഗ സംഘത്തിലെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ പോലീസ് പിടിയിൽ. മൂന്നാമനായുള്ള തിരച്ചിൽ തുടരുന്നു. മേലുകാവിലും പ്രവിത്താനത്തും മോഷണശ്രമം നടത്തിയശേഷം പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരാണ് തിങ്കളാഴ്ച രാവിലെ പിടിയിലായത്.
പിണ്ണക്കനാട് ചേരാനിക്ക് സമീപത്തുനിന്നും തിടനാട് എസ്.എച്ച്.ഒ. ക്ലീറ്റസ് ജോസഫും സംഘവും ചേർന്നാണു ഇവരെ പിടികൂടിയത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെക്കുള്ള യാത്രയ്ക്ക് ആവശ്യമായ പണത്തിനായാണ് ഇവർ മോഷണം നടത്തിയിരുന്നത്. മൊബൈൽ കടകൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തുന്നത്. യാത്രയ്ക്കായി കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നാണു ബൈക്കുകൾ മോഷ്ടിക്കുന്നത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ ഇവർ ബൈക്ക് റെയിൽവേ സ്റ്റേഷനിൽ തന്നെ തിരികെവയ്ക്കും. നിരീക്ഷണക്യാമറകൾ തിരിച്ചു െവച്ചിട്ടാണ് മോഷണം നടത്തുന്നത്.
കഴിഞ്ഞയാഴ്ച കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു മോഷ്ടിച്ച ബൈക്കുമായാണ് ഇവർ സഞ്ചരിച്ചത്. രണ്ട് ദിവസം വാഗമണിലെ ഹോം സ്റ്റേയിൽ താമസിച്ചശേഷം ശനിയാഴ്ച രാത്രിയോടെ തിരിച്ചുപോന്നു. തിരികെ വരുന്നവഴിയിൽ അർധരാത്രിയോടെ വെള്ളികുളത്തുള്ള കടയിൽ മോഷണശ്രമം നടത്തി. തുടർന്നു മേലുകാവുമറ്റത്തെ മൊബൈൽകട തുറന്ന് ഫോൺ എടുത്തു. ഇത് സെക്യൂരിറ്റി കണ്ടതോടെ ഇവർ പാലാ റൂട്ടിലേക്കു പോയി. സെക്യൂരിറ്റിയിൽനിന്ന് വിവരമറിഞ്ഞ പോലീസ് മറ്റു സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. പ്രവിത്താനത്തെത്തി മൊബൈൽ കട കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിടെ പോലീസിനെ കണ്ട് ഇവർ രക്ഷപ്പെട്ടു. തുടർന്ന് ചെറുവഴികളിലൂടെ സഞ്ചരിച്ച് കാളകെട്ടിയിലെത്തി. വീണ്ടും ചെറുവഴികളിലൂടെ ബൈക്കോടിച്ച് ഞായറാഴ്ച രാവിലെ ആറ് മണിയോടെ കൊച്ചുകാവിലെത്തി ബൈക്ക് ഉപേക്ഷിച്ച് തോട്ടത്തിൽ ഒളിക്കുകയായിരുന്നു.
മോഷ്ടാക്കൾ റബ്ബർ തോട്ടത്തിൽ ഒളിച്ചെന്നറിഞ്ഞ നൂറുകണക്കിന് നാട്ടുകാർ പോലീസിനൊപ്പം തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഇവർ പിടികിട്ടാനുള്ള ഉണ്ണിക്കുട്ടനുമായി കൂട്ടം പിരിഞ്ഞു.
പിടിയിലായപ്പോൾ ഒരു പകലും രാത്രിയും ഭക്ഷണവും വെള്ളവും കഴിക്കാതെ അവശ നിലയിലായിരുന്നു.
ഞായറാഴ്ച രാത്രിയോടെ തന്നെ ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നതായി പാലാ ഡിവൈ.എസ്.പി. സാജു വർഗീസ് പറഞ്ഞു. മേലുകാവുമറ്റത്തെ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. കോവിഡ് ഉൾപ്പെടെയുള്ള വൈദ്യപരിശോധനകൾക്കുശേഷം ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുൻപിൽ ഇവരെ ഹാജരാക്കും.
Content Highlights:kottayam thidanad theft attempt case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..