കൊല്ലപ്പെട്ട ഷാൻ ബാബു, പ്രതി ജോമോൻ
കോട്ടയം: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് ഷാന്‍ ബാബുവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്. നാടുകടത്തപ്പെട്ടതോടെ തന്റെ സ്വാധീനം കുറഞ്ഞെന്ന് പ്രതി ജോമോന് തോന്നിയിരുന്നെന്ന് ചോദ്യംചെയ്യലില്‍ പറഞ്ഞതായി പോലീസ് പറയുന്നു.
എതിര്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട സൂര്യന്‍ എന്നു വിളിക്കുന്ന ശരത്രാജ്, ജോമോനും സുഹൃത്തുക്കള്‍ക്കുമെതിരേ സാമൂഹിക മാധ്യമത്തില്‍ കമന്റിട്ടിരുന്നു. പലരും ഷെയര്‍ ചെയ്തിരുന്നെന്നും തങ്ങള്‍ക്ക് നാണക്കേടുണ്ടാക്കിയെന്നും കമന്റിട്ടയാളെ കണ്ടെത്താനാണ് അവരുടെ സുഹൃത്തായ ഷാനിനെ വിളിച്ചുകൊണ്ടുപോയതെന്നുമാണ് പ്രതിയുടെ മൊഴി. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ജോമോന്‍ ആദ്യം പറഞ്ഞിരുന്നു.
ശരത്രാജ് എന്ന ഗുണ്ടാനേതാവ് അടുത്തിടെ ജോമോനെ വെല്ലുവിളിച്ചിരുന്നു. ഷാന്‍, ശരത്രാജിന്റെ സുഹൃത്താണെന്ന കാരണത്താലാണ് വിളിച്ചുകൊണ്ടുപോയി മര്‍ദിച്ചത്. ഷാനിന്റെപേരില്‍ പോലീസ് സ്റ്റേഷനുകളില്‍ കേസില്ല. ഷാനിനെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചുതന്നെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.
തലയ്‌ക്കേറ്റ ക്ഷതം മരണകാരണമെന്ന് സൂചന
ഷാനിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതവും അതോടനുബന്ധിച്ചുണ്ടായ രക്തസ്രാവവുമെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ സൂചന. തലയോട്ടിക്ക് പൊട്ടലില്ല. എന്നാല്‍, അമിതമായി രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളും ചതവുകളുമുണ്ട്. പിന്‍ഭാഗത്ത് അടിച്ചതിന്റെ പാടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.
ബോംബ് ഭീഷണിക്കേസിലും പ്രതി
ഏതാനും മാസംമുമ്പ് നഗരത്തിനു സമീപം ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ ജോമോന്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഓട്ടോഡ്രൈവര്‍ ആഴ്ചകളോളം ആശുപത്രിയിലായി. ഏതാനും വര്‍ഷംമുമ്പ് ലുലുമാളില്‍ ബോംബ് ഭീഷണി മുഴക്കിയ കേസിലും പ്രതിയായിരുന്നു. കുന്നത്തുകളത്തില്‍ ജൂവലറിയിലെ കവര്‍ച്ചക്കേസിലെ പ്രതിയും ജോമോനും ചേര്‍ന്നാണ് അന്ന് ഭീഷണിമുഴക്കിയത്. അന്നും അറസ്റ്റിലായിരുന്നു. ലഹരി ഇടപാടുകളിലെയും കണ്ണിയാണെന്ന സംശയത്തിലാണ് പോലീസ്. ജോമോന്‍ മുമ്പ് നഗരത്തില്‍ ഓട്ടോ ഓടിച്ചിരുന്നു. അടുത്തകാലത്ത് ടി.ബി. റോഡില്‍ തട്ടുകടയുമുണ്ടായിരുന്നു.
അമ്മയെ നോക്കാനെന്നുപറഞ്ഞ് കാപ്പയില്‍ ഇളവുനേടി; നിരീക്ഷിക്കുന്നതില്‍ പോലീസിന് വീഴ്ച
കോട്ടയം: അമ്മയെ നോക്കാന്‍ ആളില്ലെന്നു പറഞ്ഞാണ് കാപ്പ നടപടിയില്‍നിന്ന് ജോമോന്‍ ഇളവ് നേടിയത്. എസ്.പി.യുടെ റിപ്പോര്‍ട്ട് പ്രകാരമാണ് എറണാകുളം റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവിലൂടെ കാപ്പചുമത്തി ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്. എല്ലാ ആഴ്ചയും കോട്ടയം ഡിവൈ.എസ്.പി. ഓഫീസിലെത്തി ഒപ്പിടണമെന്ന ഉപാധിയോടെയാണ് കോടതി ഇളവനുവദിച്ചത്.
കാപ്പ പ്രതി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നിരീക്ഷിക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റിയതാണ് ക്രൂരകൃത്യത്തിലേക്കു നയിച്ചത്. 'കേഡി ജോമോന്‍' എന്നറിയപ്പെടുന്ന ജോമോന്‍ കെ. ജോസ് കൊലപാതക ശ്രമം, ഭവനഭേദനം തുടങ്ങി 11 കേസുകളില്‍ പ്രതിയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..