പ്രതീകാത്മക ചിത്രം|മാതൃഭൂമി
കോട്ടയം: 'സാറെ, നാനൂറ് രൂപകൊടുത്ത് വാങ്ങിയ ബാഗാണ്, കുറച്ച് സാധനങ്ങള്‍വെച്ച് ബാഗെടുത്തപ്പോള്‍ ബാഗ് കീറി സാധനങ്ങള്‍ മുഴുവന്‍ നിലത്തുവീണു, കടയില്‍ച്ചെന്നപ്പോള്‍ മാറ്റിനല്കില്ലന്നാണ് പറഞ്ഞത്. പലരും പറഞ്ഞു നിങ്ങളോട് പറഞ്ഞാല്‍ സഹായിക്കുമെന്ന് അതുകൊണ്ടുവന്നതാണ്.'
യുവതിയുടെ പറച്ചില്‍കേട്ട് നഗരത്തില്‍ ജോലിയിലുണ്ടായിരുന്ന പിങ്ക് പോലീസ് സംഘം ആദ്യം ഒന്നമ്പരന്നു. പിന്നീട് യുവതിയോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. കോട്ടയം ചെങ്ങളം സ്വദേശിനിയായ യുവതിയാണ് ബാഗ് മാറ്റിയെടുക്കാന്‍ പിങ്ക് പോലീസിന്റെ സഹായം തേടിയത്. തിങ്കളാഴ്ച രാവിലെ 11.30-ഓടെ കോട്ടയം നാഗമ്പടത്തായിരുന്നു സംഭവം.
കഷ്ടപ്പാടുകളുടെ നടുവിലാണ് യുവതിയുടെ ജീവിതം അമ്മ മരിച്ചതോടെ വീട്ടില്‍ ബുദ്ധിമുട്ടായി. സ്വന്തമായി ജോലിചെയ്ത് ജീവിച്ചോണമെന്നാണ് അച്ഛന് പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഹോം നേഴ്സായി ജോലിക്കുപോയിത്തുടങ്ങി. അതിനുവേണ്ടിയാണ് കഴിഞ്ഞദിവസം കോട്ടയം നഗരത്തിലെ കടയില്‍നിന്ന് ബാഗ് വാങ്ങിയത്. എന്നാല്‍, വാങ്ങി വീട്ടില്‍ കൊണ്ടുചെന്നയുടന്‍ ബാഗ് കീറി.
തിരികെ കടയിലെത്തിയെങ്കിലും കടക്കാര് മാറ്റിനല്‍കിയില്ല. വാങ്ങിയ സമയത്ത് ബില്ലും നല്‍കിയില്ല. വീണ്ടുമൊരു നാനൂറ് രൂപയെടുക്കാനുള്ള ബുദ്ധിമുട്ടികൊണ്ട് വിഷമിച്ചിരിക്കുമ്പോഴാണ് സുഹൃത്ത് പറഞ്ഞത് പോലീസിന്റെ സഹായംതേടാന്. അങ്ങനെയാണ് പിങ്ക് പോലീസിന്റെ സഹായംതേടി യുവതിയെത്തിയത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥരായ താനിയ, സബീന, ജ്യോതിമോള്‍ എന്നിവര്‍ അപ്പോള്‍ത്തന്നെ പോലീസ് വാഹനത്തില്‍ യുവതിയുമായി നഗരത്തിലെ കടയിലെത്തി. ഉടമയുമായി സംസാരിച്ചു. ബാഗ് മാറ്റി നല്‍കയില്ലെങ്കില്‍ പരാതിയുമായി മുന്നോട്ട്പോകുമെന്ന് പോലീസ് അറിയിച്ചു. അപ്പോള്‍ത്തന്നെ കടയുടമ യുവതിക്ക് പുതിയ ബാഗ് നല്കി പ്രശ്നം പരിഹരിച്ചു.
യുവതിയുടെ ബുദ്ധിമുട്ട് കേട്ടറിഞ്ഞാണ് യുവതിയുമായി ഉടന്‍തന്നെ കടയിലേക്ക് പോയതെന്ന് പോലീസ് ഉദ്യോഗസ്ഥ താനിയ പറഞ്ഞു.
Content Highlights: Kottayam Pink Police helps woman to get new bag from shop
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..