പ്രതി അരുൺ ശശി. പഴയിടം കൊലക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയുള്ള ചിത്രം(ഇടത്ത്) കഴിഞ്ഞദിവസം കേസിലെ ശിക്ഷാവിധി കേൾക്കാനായി കോടതിയിൽ എത്തിയദൃശ്യം(വലത്ത്)
2013 ഓഗസ്റ്റ് 29, വ്യാഴാഴ്ച. പഴയിടത്തെ റിട്ട. പി.ഡബ്യൂ.ഡി. വര്‍ക്‌സ് സൂപ്രണ്ട് ഭാസ്‌കരന്‍ നായരെ(76)യും ഭാര്യ റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ തങ്കമ്മ(69)യെയും മകള്‍ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെ അന്വേഷിച്ചെത്തിയതായിരുന്നു അയല്‍ക്കാര്‍. സമീപവീട്ടിലെ പെണ്‍കുട്ടി ഉച്ചയോടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു. പത്രമെല്ലാം അതുപോലെ വഴിയില്‍കിടക്കുന്നു. ഇതോടെയാണ് വീടിന്റെ പിറകുവശത്തേക്ക് പോയി നോക്കിയത്. വാതില്‍ തള്ളിനോക്കിയപ്പോള്‍ തുറന്നു. എന്നാല്‍ വീടിനകത്ത് കയറിയ അയല്‍ക്കാര്‍ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു.
ഭാസ്‌കരന്‍ നായരും തങ്കമ്മയും അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. വാര്‍ത്ത നാട്ടിലാകെ പരന്നു. ഓടിയെത്തിയവരെല്ലാം ജനലില്‍കൂടി ഒരുനോട്ടം മാത്രമേ നോക്കിയുള്ളൂ. അത്രഭീതിജനകമായിരുന്നു ആ കാഴ്ച.
പൂമുഖമുറിയോട് ചേര്‍ന്നുള്ള മുറിയുടെ തറയിലായിരുന്നു ഭാസ്‌കരന്‍ നായരുടെയും തങ്കമ്മയുടെയും മൃതദേഹങ്ങള്‍. ഇരുവരുടെയും തലയില്‍ അടിയേറ്റുള്ള മാരകമായ മുറിവുകള്‍. മുഖമാകെ ചതഞ്ഞിട്ടുണ്ടായിരുന്നു. ദേഹമാസകലം മഞ്ഞള്‍പ്പൊടിയും മൈദാമാവും വിതറിയനിലയില്‍. അത്രേയറെ ദാരുണമായ കൊലപാതകം.
ഇരട്ടക്കൊലയുടെ വിവരമറിഞ്ഞ് ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പഴയിടത്തെ വീട്ടിലെത്തി. മൃതദേഹങ്ങള്‍ക്കരികെനിന്ന് കോടാലിയും വാക്കത്തിയും പോലീസ് കണ്ടെടുത്തിരുന്നു. മുറിയില്‍ മല്‍പ്പിടിത്തം നടന്ന ലക്ഷണങ്ങളും കണ്ടെത്തി. വീട്ടിലെ അലമാരകളും മേശവലിപ്പുകളുമെല്ലാം തുറന്നിട്ടനിലയിലായിരുന്നു. എന്നാല്‍ തങ്കമ്മ ധരിച്ചിരുന്ന സ്വര്‍ണമാലയും വളകളും നഷ്ടപ്പെട്ടിരുന്നില്ല.
Also Read
സംഭവം മോഷണം ലക്ഷ്യമിട്ട് നടന്ന കൊലപാതകം തന്നെയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ പോലീസ് ഉറപ്പിച്ചു. പക്ഷേ, ആര്, എങ്ങനെ, എപ്പോള്‍? ചോദ്യങ്ങള്‍ പലതായിരുന്നു ബാക്കി.
പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ 'സെല്‍മ'യാണ് പഴയിടത്തെ വീട്ടില്‍ മണംപിടിച്ചുള്ള പരിശോധനയ്ക്കെത്തിയത്. രണ്ടുതവണ വീട്ടില്‍നിന്ന് മണംപിടിച്ച നായ രണ്ടുതവണയും ഓടിയെത്തിയത് വാളക്കയം കവലയിലായിരുന്നു. ഇതോടെ കൃത്യം നടത്തിയശേഷം വീട്ടില്‍നിന്ന് പുറത്തിറങ്ങിയ പ്രതി വാളക്കയം കവലയിലെത്തിയാണ് രക്ഷപ്പെട്ടതെന്ന് പോലീസ് നിഗമനത്തിലെത്തി. പക്ഷേ, അപ്പോഴും അന്വേഷണത്തില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു.
ഓഗസ്റ്റ് 28-ന് രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയിലാണ് കൊലപാതകം നടന്നതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങളും കൊല്ലപ്പെട്ട ഭാസ്‌കരന്‍ നായരുടെ വാച്ചിന്റെ പ്രവര്‍ത്തനംനിലച്ച സമയവും ഇതിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടിയത്. ഇതിനിടെയാണ് ദമ്പതിമാരുടെ അടുപ്പക്കാരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചത്.
അഭ്യൂഹങ്ങള്‍ നിരവധി, അന്വേഷണം എങ്ങുമെത്തിയില്ല...
ദമ്പതിമാരുടെ അടുപ്പക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതോടെ നാട്ടില്‍ പലവിധത്തിലുള്ള അഭ്യൂഹങ്ങളും പരന്നു. ഇതിനിടെ ഭാസ്‌കരന്‍ നായരുടെ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും അന്വേഷണം നടത്തി. പലരെയും വിശദമായി ചോദ്യംചെയ്തു. എന്നാല്‍ ഈ ഘട്ടത്തിലൊന്നും ഇവരുടെ ബന്ധുക്കളിലൊരാളായ അരുണ്‍ ശശി പോലീസിന്റെ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
2013 സെപ്റ്റംബര്‍ 19, മറ്റൊരു വ്യാഴാഴ്ച... പ്രതിയെ കണ്ട് ഞെട്ടി...
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരുന്നതിനിടെ 2013 സെപ്റ്റംബര്‍ 19-ാം തീയതിയാണ് പഴയിടം ഇരട്ടക്കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. അന്നേദിവസം രാവിലെ കോട്ടയം കഞ്ഞിക്കുഴിയില്‍ വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. പഴയിടം ചൂരപ്പാടിയില്‍ അരുണ്‍ ശശി എന്നായിരുന്നു പ്രതിയുടെ പേര്. പഴയിടത്ത് കൊല്ലപ്പെട്ട ദമ്പതിമാരുടെ അടുത്തബന്ധു. തങ്കമ്മയുടെ സഹോദരപുത്രന്‍.

മാന്യമായ പെരുമാറ്റവും പഴയിടം കേസിലെ ആക്ഷന്‍ കൗണ്‍സിലില്‍ സജീവവുമായിരുന്ന അരുണ്‍ ശശിയെ അന്നേവരെ പോലീസിന് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ പിടിച്ചുപറി കേസില്‍ പിടിയിലായതോടെ പോലീസ് ഇയാളെ വിശദമായി ചോദ്യംചെയ്തു. അതോടെ പ്രമാദമായ പഴയിടം ഇരട്ടക്കൊലക്കേസിലും ചുരുളഴിയുകയായിരുന്നു.
പിതൃസഹോദരിയായ തങ്കമ്മയെയും ഭര്‍ത്താവ് ഭാസ്‌കരന്‍ നായരെയും കൊലപ്പെടുത്തിയത് താനാണെന്ന് അരുണ്‍ ശശി സമ്മതിച്ചു. ഇതിനൊപ്പം മറ്റുചില മാലമോഷണക്കേസുകളെക്കുറിച്ചും വെളിപ്പെടുത്തി.
കാര്‍ വാങ്ങാനായി അരുംകൊല....
പുതിയ കാര്‍ വാങ്ങാനുള്ള അരുണ്‍ ശശിയുടെ ആഗ്രഹമാണ് അരുംകൊലയ്ക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്. കെമിസ്ട്രി ബിരുദധാരിയായ പ്രതി, ആയുര്‍വേദ കോഴ്സും പൂര്‍ത്തിയാക്കിയിരുന്നു. നേരത്തെ ബെംഗളൂരുവിലും കോട്ടയത്തും ജോലിചെയ്തു. ഇതിനിടെയാണ് ഉപയോഗിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഇതോടെ പുതിയ കാര്‍ വാങ്ങണമെന്നായി ആഗ്രഹം. ഇതിനായി അപ്പച്ചി(തങ്കമ്മ)യോടും പണം ചോദിച്ചിരുന്നു. പക്ഷേ, തങ്കമ്മയും ഭാസ്‌കരന്‍ നായരും പണം നല്‍കിയില്ല. ഇതോടെയാണ് വയോധിക ദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ പ്രതി തീരുമാനിച്ചത്.
ഏതുസമയത്തും ഭാസ്‌കരന്‍ നായരുടെ വീട്ടില്‍ വരാന്‍ സ്വാതന്ത്ര്യമുള്ള ബന്ധുവായിരുന്നു അരുണ്‍. ഇവരുടെ വീട്ടിലെ പലകാര്യങ്ങളും നോക്കിയിരുന്നതും ഇയാളായിരുന്നു. സംഭവദിവസം രാത്രി ബൈക്കിലെത്തിയ പ്രതി ഭാസ്‌കരന്‍നായരുടെ വീട്ടില്‍നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് ബൈക്ക് നിര്‍ത്തിയിട്ടത്. തുടര്‍ന്ന് തിരികെ നടന്ന് ഭാസ്‌കരന്‍നായരുടെ വീട്ടിലെത്തി.
ആദ്യം വീടിന്റെ ടെറസ് വഴി അകത്തുകയറി ദമ്പതിമാരെ വകവരുത്താനായിരുന്നു തീരുമാനം. ഇതിന് മുന്‍പായി വീട്ടിലേക്കുള്ള ടെലഫോണ്‍ കേബിള്‍ കത്തി കൊണ്ട് മുറിച്ചു. ബള്‍ബ് ഊരിമാറ്റി. പിന്നാലെ വീടിന്റെ പിറകുവശത്തെ പൈപ്പ് വഴി ടെറസില്‍ കയറാന്‍ശ്രമിച്ചെങ്കിലും പൈപ്പിന്റെ ക്ലാമ്പ് ഇളകിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്നാണ് നേരിട്ട് മുന്‍വാതിലിലൂടെ തന്നെ അകത്തുകയറാമെന്ന് തീരുമാനിച്ചത്.

രാത്രി എട്ടുമണിയോടെയാണ് ഇയാള്‍ മുന്‍വാതിലിന് സമീപമെത്തി കോളിങ് ബെല്ലടിച്ചത്.വീട്ടില്‍നിന്നും പിണങ്ങിവന്നതാണെന്നും ഇന്നുരാത്രി ഇവിടെ കിടക്കണമെന്നും ആവശ്യപ്പെട്ടാണ് അരുണ്‍ വീട്ടില്‍ കയറിയത്. തുടര്‍ന്ന് ഭാസ്‌കരന്‍ നായരുമായി സംസാരിച്ചിരിക്കുന്നതിനിടെ ഭാര്യ തങ്കമ്മയും എത്തി. ഇതിനിടെ, അരുണിന് ഉടുക്കാനുള്ള കൈലി എടുക്കാനായി തങ്കമ്മ മുകള്‍നിലയിലേക്ക് പോയി. ഈ സമയത്താണ് പാന്റ്സിന്റെ പോക്കറ്റില്‍ കരുതിയിരുന്ന മൂന്നുകിലോയോളം ഭാരമുള്ള ചുറ്റിക കൊണ്ട് ഭാസ്‌കരന്‍നായരുടെ തലയ്ക്കടിച്ചത്. ഇതേസമയം തന്നെ വീട്ടിലെ ടി.വി.യുടെ ശബ്ദം കൂട്ടുകയും ചെയ്തിരുന്നു. പിന്നാലെ മുകള്‍നിലയില്‍നിന്ന് താഴെ എത്തിയ തങ്കമ്മയെയും സമാനരീതിയില്‍ അടിച്ചുവീഴ്ത്തി. തുടര്‍ന്ന് തെളിവ് ലഭിക്കാതിരിക്കാന്‍ മൃതദേഹങ്ങള്‍ക്ക് മുകളിലും സമീപത്തും മഞ്ഞള്‍പ്പൊടിയും മൈദയും സോപ്പുപൊടിയും വിതറി. മുറിയിലെ സോഫയിലടക്കം സോപ്പുപെടി വിതറിയിരുന്നു.
മൂന്നുമണിക്കൂറോളം വീട്ടില്‍ ചെലവിട്ട അരുണ്‍ അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളാണ് കൈക്കലാക്കിയത്. പിന്നാലെ വീട്ടില്‍നിന്ന് പുറത്തിറങ്ങി ബൈക്കിന് സമീപത്തെത്തി. സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം ആറ്റില്‍ ഉപേക്ഷിക്കുകയും ചെയ്തു.
ഒന്നുമറിയാത്തപോലെ പെരുമാറ്റം, എല്ലാത്തിനും മുന്നില്‍...
പിറ്റേദിവസം കൊലപാതകവിവരം പുറത്തറിഞ്ഞപ്പോള്‍ വീട്ടിലെത്തിയവരില്‍ അരുണ്‍ ശശിയും ഉണ്ടായിരുന്നു. പോലീസിനെ സഹായിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ കൈമാറാനും ഇയാള്‍ മുന്നില്‍നിന്നു. അപ്പച്ചി പാവമാണെന്നും വീട്ടില്‍ വരുന്നസമയത്തെല്ലാം പഴങ്ങളും പലഹാരങ്ങളുമെല്ലാം നല്‍കുമെന്നുമായിരുന്നു അരുണിന്റെ പ്രതികരണം. പക്ഷേ, ചിറ്റപ്പന്‍ വേറൊരു പ്രകൃതമാണെന്നും ആരോടും അത്രയധികം അടുപ്പമൊന്നും കാണിക്കില്ലെന്നും ഇയാള്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തലേദിവസം രണ്ടുപേരെയും കൊന്നിട്ട് യാതൊരു കൂസലുമില്ലാതെ ഭാവമാറ്റമൊന്നുമില്ലാതെയായിരുന്നു അരുണിന്റെ പ്രതികരണം.
നടപടികളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വീട്ടില്‍നിന്ന് മാറ്റാനും ഇയാളാണ് സഹായിച്ചത്. മുറിയില്‍ തളംകെട്ടിനിന്ന രക്തം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴുകിവൃത്തിയാക്കിയതും ഇയാളായിരുന്നു. പക്ഷേ, ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയപ്പോള്‍ അരുണ്‍ തന്ത്രപരമായി സ്ഥലത്തുനിന്ന് മാറിയത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
ഉന്നതവിദ്യാഭ്യാസമുള്ള എല്ലാവരോടും മാന്യമായി പെരുമാറുന്ന ചെറുപ്പക്കാരനായിരുന്നു അരുണ്‍ ശശി. പഴയിടം കൊലക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുന്നതിലും ഇയാള്‍ മുന്‍നിരയിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് അച്ഛനൊപ്പം പലതവണ പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങി. ഇതിനിടെ, ചില ബന്ധുക്കളെക്കുറിച്ച് അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നതിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. കേസിന്റെ അന്വേഷണം മന്ദഗതിയിലായതോടെ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനം ശക്തമാക്കാനും യോഗം വിളിച്ചുകൂട്ടാനും തീരുമാനിച്ചിരുന്നു. ഈ യോഗത്തിനുള്ള നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യാനാരിക്കെയാണ് അരുണ്‍ ശശിയുടെ മുഖംമൂടി അഴിഞ്ഞുവീണത്.
ഒന്നരലക്ഷം രൂപയുടെ സി.ഡി.കള്‍, എല്ലാം ഇംഗ്ലീഷ് ക്രൈം സിനിമകള്‍...
അപ്പച്ചിയെയും ചിറ്റപ്പനെയും കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്നശേഷം രണ്ടുലക്ഷം രൂപയോളം അരുണ്‍ കാറിനായി അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇനിയും പണം വേണമെന്നതിനാലാണ് വീണ്ടും മാലമോഷണത്തിനിറങ്ങിയത്. ഒടുവില്‍ 2013 സെപ്റ്റംബര്‍ 19-ന് ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയശേഷം വഴിയാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ തീരുമാനിച്ചു. പക്ഷേ, ആ മാലപൊട്ടിക്കല്‍ അരുണ്‍ ശശിക്ക് തന്നെ കുരുക്കായി മാറുകയായിരുന്നു.
കൊലയ്ക്ക് ശേഷം തെളിവുനശിപ്പിക്കാന്‍ പ്രതിക്ക് പ്രചോദനമായത് ഇംഗ്ലീഷ് സിനിമകളായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒന്നരലക്ഷത്തോളം രൂപയുടെ സി.ഡി, ഡി.വി.ഡി. ശേഖരം കണ്ടെത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് ക്രൈം സിനിമകളുമായിരുന്നു. കൊലയ്ക്ക് ശേഷം മഞ്ഞള്‍പ്പൊടിയും മറ്റും വിതറിയാല്‍ പോലീസ് നായക്ക് മണംപിടിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയത് സിനിമകളില്‍നിന്നാണെന്നും പ്രതി മൊഴി നല്‍കിയിരുന്നു. കൊല നടത്താന്‍ ഉപയോഗിച്ച ചുറ്റിക മദ്യം ഉപയോഗിച്ച് കഴുകിവൃത്തിയാക്കിയാണ് സൂക്ഷിച്ചതെന്നും പ്രതി പറഞ്ഞിരുന്നു.

നേരത്തെ നഴ്സായ അമ്മയ്ക്കൊപ്പം ബെംഗളൂരുവിലായിരുന്നു അരുണിന്റെ താമസം. ഈ സമയത്ത് ഒട്ടേറെ യുവതികളുമായി അടുപ്പമുണ്ടായിരുന്നു. ഇത്തരം ബന്ധങ്ങള്‍ക്ക് വേണ്ടിയും ആഡംബരത്തിനായും ഇയാള്‍ ധാരാളം പണം ചെലവാക്കി. പഴയിടത്തെ കൊലപാതകത്തിന് ശേഷം ലഭിച്ച പണംകൊണ്ട് അനാശാസ്യത്തിനായാണ് പോയതെന്നും ഇയാള്‍ സമ്മതിച്ചിരുന്നു.
നിര്‍ണായകമായി തെളിവുകള്‍, രക്ഷയില്ലാതെ പ്രതി...
ഭാസ്‌കരന്‍ നായരുടെ വീട്ടിലെ ഊരിമാറ്റിയ ബള്‍ബില്‍നിന്ന് പ്രതിയുടെ വിരലടയാളം ലഭിച്ചതും പ്രതിയുടെ വീട്ടില്‍നിന്ന് രക്തക്കറകള്‍ കണ്ടെത്തിയതുമാണ് കേസില്‍ നിര്‍ണായകമായത്. മാലമോഷണക്കേസില്‍ അരുണ്‍ ശശി പിടിയിലായതിന് പിന്നാലെ ബള്‍ബിലെ വിരലടയാളവുമായി ഒത്തുനോക്കിയിരുന്നു. പിന്നാലെ ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ വാതിലില്‍നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന ബെല്‍റ്റില്‍നിന്നും രക്തക്കറ കണ്ടെത്തി. ഇതെല്ലാം മരിച്ച ഭാസ്‌കരന്‍ നായരുടെ രക്തമായിരുന്നു. ഇതിന് പുറമേ തങ്കമ്മയുടെ ആഭരണങ്ങള്‍ വിറ്റ ധനകാര്യസ്ഥാപനത്തില്‍നിന്ന് ഇത് കണ്ടെടുക്കാനായതും നിര്‍ണായകമായി.
വീട്ടിലെ കലണ്ടറില്‍നിന്ന് കീറിയെടുത്ത ഒരു കടലാസിലാണ് അരുണ്‍ ശശി കൊല നടത്താനുള്ള ആയുധം പൊതിഞ്ഞിരുന്നത്. ഈ കടലാസ് കൊലപാതകം നടന്നവീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. പിന്നീട് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇതേ കലണ്ടര്‍ കീറിക്കളഞ്ഞനിലയില്‍ കണ്ടെത്തുകയും ചെയ്തു.മോഷ്ടിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാന്‍ പ്രത്യേക രാസലായനി വരെ പ്രതി തയ്യാറാക്കിയിരുന്നു. മാത്രമല്ല, തങ്കമ്മയുടെ കരിമണിമാല അലക്കുകല്ലില്‍വെച്ച് അടിച്ച് പൊട്ടിച്ചതിന്റെ തെളിവുകളും ലഭിച്ചു.
ഇടയ്ക്ക് ജാമ്യം, പുറത്തിറങ്ങി ഒളിവില്‍പോയെങ്കിലും പിടിയിലായി...
പഴയിടം ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ പ്രതിക്ക് ജാമ്യം ലഭിച്ചു. എന്നാല്‍ 2014-ല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് പിന്നാലെ അരുണ്‍ ശശി നാട്ടില്‍നിന്ന് മുങ്ങി. വ്യാജ തിരിച്ചറിയല്‍ രേഖകളടക്കം നിര്‍മിച്ച് ഋഷിവാലി എന്ന പേരിലായിരുന്നു കറക്കം. ഒടുവില്‍ 2016-ല്‍ ഒരു ഷോപ്പിങ് മാളിലെ മോഷണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസാണ് ഇയാളെ പിടികൂടുന്നത്. തുടര്‍ന്ന് കേരള പോലീസിന് കൈമാറുകയായിരുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2023 മാര്‍ച്ച് 24-ന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു.
ജോസഫ് സിനിമയിലെ രംഗങ്ങളും പഴയിടം കേസില്‍നിന്ന്...
2018-ല്‍ പുറത്തിറങ്ങിയ 'ജോസഫ്' എന്ന മലയാളചിത്രത്തില്‍ ആദ്യം കാണിക്കുന്ന ക്രൈംസീന്‍ പഴയിടം കേസിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഷാഹി കബീര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് ഈ രംഗത്തിന് പ്രചോദനമായതും പഴയിടം കേസായിരുന്നു.

കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷാഹി കബീര്‍ പഴയിടം കൊലപാതകം നടന്ന സമയത്ത് ഫിംഗര്‍പ്രിന്റ് യൂണിറ്റിനെ സഹായിക്കാനായി ഭാസ്‌കരന്‍നായരുടെ വീട്ടിലെത്തിയിരുന്നു. അന്ന് ക്രൈംസീനില്‍ കണ്ടകാര്യങ്ങളും പിന്നീട് കേസിലെ നിര്‍ണായക തെളിവുകളായ സംഭവങ്ങളുമാണ് ജോസഫ് എന്ന സിനിമയിലും അദ്ദേഹം പുനരാവിഷ്‌കരിച്ചത്.
''ജോസഫ് സിനിമയിലെ കഥാപാത്രത്തെ ഇന്‍വെസ്റ്റിഗേഷന്‍ മികവ് കാണിച്ചുകൊണ്ട് അവതരിപ്പിക്കാനാണ് തീരുമാനിച്ചത്. പെട്ടെന്ന് തീരുന്ന ഒരു ഇന്‍വെസ്റ്റിഗേഷനായിരുന്നു മനസിലുണ്ടായിരുന്നത്. ആ സമയത്താണ് പഴയിടം കേസിനെക്കുറിച്ച് ആലോചിച്ചത്. ആ ക്രൈംസീനിലെ ചില സംഭവങ്ങളെല്ലാം പഴയിടം കേസിലെ യഥാര്‍ഥ സംഭവങ്ങളായിരുന്നു. സിനിമയില്‍ ബള്‍ബില്‍നിന്ന് വിരലടയാളം കിട്ടിയതും കലണ്ടറിന്റെ കഷണം കണ്ടെത്തിയതുമെല്ലാം പഴയിടം കേസില്‍ സംഭവിച്ചത് തന്നെയാണ്''- ഷാഹി കബീര്‍ പറഞ്ഞു.
Content Highlights: kottayam pazhayidam twin murder case and accused arun sasi detailed story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..