പ്രതി അരുണിനെ കോടതിയിൽനിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നു(ഇടത്ത്) അരുണിന്റെ ശിക്ഷാവിധി കേട്ടശേഷം, പബ്ലിക് പ്രോസിക്യൂട്ടർ കെ.ജിതേഷുമായി സംസാരിക്കുന്ന ബിന്ദുവും ബിനുവും. കൊല്ലപ്പെട്ട എൻ.ഭാസ്‌കരൻ നായരുടെയും തങ്കമ്മയുടെയും മക്കളാണിവർ | ഫോട്ടോ-ജി.ശിവപ്രസാദ്/മാതൃഭൂമി
പഴയിടം(കോട്ടയം): ആഡംബരജീവിതത്തിന് കൊലപാതകവും തുടര്‍ന്ന് മോഷണങ്ങളും നടത്തിയ അരുണ്‍ ശശി ഇരട്ടക്കൊലയില്‍ ജാമ്യം നേടിയ ശേഷം ആള്‍മാറാട്ടം നടത്തി ചെന്നൈയില്‍ കഴിഞ്ഞപ്പോഴും മോഷണത്തിന് പിടിയിലായി.
2013-ലെ കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ അരുണിന് ജാമ്യം ലഭിച്ചു. പിന്നീട് ഇയാള്‍ മുങ്ങി. ഇതറിഞ്ഞ പഴയിടം ഗ്രാമം ഭീതിയിലായി. അയാള്‍ നാട്ടിലേക്കെത്തുമോ, കേസില്‍ മൊഴികള്‍ നല്‍കിയവരുടെയും മരിച്ചവരുടെ മക്കളുടെയും ജീവന് ഭീഷണിയാകുമോ...എന്നിങ്ങനെയുള്ള ഭീതിയിലായിരുന്നു അക്കാലത്ത് നാട്. എന്നാല്‍, ജാമ്യത്തിലിറങ്ങിയ ഇയാള്‍ ചെന്നൈയിലേക്കാണ് കടന്നത്. അരുണ്‍ ഋഷിവാലി എന്ന വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി കടകളില്‍ ജോലി ചെയ്തു.
അതിനിടെ മോഷണത്തിന് പിടിയിലായി. പക്ഷേ, ചെന്നൈ പോലീസിനോ ഇയാളുമായി ബന്ധപ്പെട്ടവര്‍ക്കോ കൊലക്കേസ് പ്രതിയാണെന്ന് സൂചന ലഭിച്ചില്ല. 2016 ഫെബ്രുവരിയിലാണ് കേരള പോലീസ് അരുണിനെ ചെന്നൈയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.
ആണ്‍മക്കളില്ലാത്ത ഭാസ്‌കരന്‍ നായരും തങ്കമ്മയും ഒരു മകന് നല്‍കാവുന്ന സ്നേഹവും പരിഗണനയും അരുണിന് നല്‍കിയിരുന്നെന്ന് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും പറയുന്നു. പൊതുമരാമത്ത് വകുപ്പിലെ റിട്ട.സൂപ്രണ്ടായിരുന്നു പഴയിടം തീമ്പനാല്‍(ചൂരപ്പാടിയില്‍) എന്‍.ഭാസ്‌കരന്‍ നായര്‍. ഭാര്യ തങ്കമ്മ റിട്ട.കെ.എസ്.ഇ.ബി.സൂപ്രണ്ടും. തങ്കമ്മയുടെ സഹോദരപുത്രനാണ് അരുണ്‍. പെണ്‍മക്കള്‍ അവരുടെ ഭര്‍തൃവീടുകളിലായിരുന്നതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ക്കെല്ലാം പലപ്പോഴും ഇയാള്‍ സഹായിയായിരുന്നു. അത്യാവശ്യത്തിന് പണം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ആഡംബരജീവിതത്തിന് പണം സമ്പാദിക്കാനുള്ള വ്യഗ്രതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിന്നീട് തെളിഞ്ഞു.
മരണവീട്ടില്‍ എല്ലാറ്റിനും ഓടിനടന്നയാള്‍
രണ്ടുപേരുടെ ജീവനെടുത്തിട്ടും ഭാവഭേദവുമില്ലാതെയാണ് അവരുടെ മരണാനന്തരച്ചടങ്ങുകളിലെല്ലാം അരുണ്‍ ശശി പങ്കെടുത്തത്. പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ക്ക് പഴയിടവുമായി അത്രയധികം ബന്ധമില്ലാത്തതിനാല്‍ അരുണായിരുന്നു എല്ലാറ്റിന്റെയും നടത്തിപ്പ്.
2013 ഓഗസ്റ്റ് 29-ന് കൊലപാതക വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം സഹായിയായി ആദ്യന്തം നിന്നു. പോലീസ് നായ എത്തിയ ഒരു മണിക്കൂര്‍ മാത്രമാണ് ഇയാള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മാറി നിന്നത്. ബന്ധുക്കള്‍ക്ക് ഭക്ഷണം എത്തിച്ചതും അരുണ്‍ തന്നെ. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും ദമ്പതിമാരുടെ ഫോട്ടോ സംഘടിപ്പിച്ച് നല്‍കി അവരെക്കുറിച്ച് കണ്ണീരോടെ വിശദീകരിച്ച് നിഷ്‌കളങ്കത അഭിനയിക്കുകയും ചെയ്തു.
മരണാനന്തര ക്രിയകളിലെല്ലാം മകന്റെ സ്ഥാനത്തുനിന്നു. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരണത്തില്‍ മുന്നില്‍ നിന്നതും അരുണ്‍. ഈയവസരത്തില്‍ ഇയാള്‍ സമര്‍ഥമായി കൊലപാതകത്തിലെ സംശയമുന മരുമക്കള്‍ക്ക് നേരെയാക്കുന്നതിലും വിജയിച്ചു.കേസന്വേഷണം 'ഊര്‍ജിതമാക്കുന്നതിന്' പിന്നീട് ദിവസങ്ങളോളം മണിമല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും അന്നത്തെ സി.ഐ. അശോക് കുമാര്‍ ഓര്‍മിക്കുന്നു.
പ്രൊഫഷണല്‍ മോഷ്ടാക്കളുടെയും കൊലപാതകികളുടെയും സാന്നിധ്യത്തെക്കുറിച്ചായിരുന്നു ആദ്യം പോലീസിന് സംശയം. തന്നെ സംശയിക്കാനിട നല്‍കാത്തവിധം തന്ത്രങ്ങള്‍ അരുണ്‍ അവലംബിച്ചത് നിരന്തരം കൊലപാതക സിനിമകള്‍കണ്ട് മനസ്സിലാക്കിയ വിവരങ്ങള്‍ വെച്ചായിരുന്നുവെന്ന് പിന്നീട് പോലീസ് മനസ്സിലാക്കി. കോട്ടയത്ത് മാലപൊട്ടിക്കല്‍ കേസില്‍ പിടിയിലായപ്പോള്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ മുറികളില്‍നിന്ന് ഇത്തരം സിനിമകളുടെ സി.ഡി.ശേഖരം കണ്ടെത്തി. രസതന്ത്ര ബിരുദധാരിയായ ഇയാള്‍ കൈക്കലാക്കിയ മാലകളുടെ സംശുദ്ധി മനസ്സിലാക്കാനുള്ള രാസസംയുക്തവും വീട്ടില്‍ തയ്യാറാക്കിയിരുന്നു. വീടിന്റെ പിറകിലെ അലക്കുകല്ലില്‍വെച്ച് ഇടിച്ച് മാലയിലെ മുത്തുകള്‍ വേര്‍പെടുത്തിയതിന്റെ തെളിവുകളും പോലീസ് ശേഖരിച്ചു.
മകനാണ് കൊലപാതകിയെന്ന് അറിഞ്ഞതോടെ അരുണിന്റെ അച്ഛനും അമ്മയും മാനക്കേടുമൂലം നാട്ടില്‍ നില്‍ക്കാനാവാതെ ബെംഗളൂരുവില്‍ മകളുടെ അടുത്തേക്ക് പോയി. അമ്മയും പിന്നീട് ഒരുവര്‍ഷം മുന്‍പ് അച്ഛനും മരിച്ചു.
ഒരു മക്കള്‍ക്കും ഈ ഗതി വരരുത്
തങ്ങള്‍ക്കുണ്ടായ ദുര്‍വിധി ഒരു മക്കള്‍ക്കും ഉണ്ടാകരുതെന്ന് ഭാസ്‌കരന്‍ നായരുടെയും തങ്കമ്മയുടെയും മക്കളായ ബിനുവും ബിന്ദുവും. ഒരേ ദിവസം അച്ഛനമ്മമാരെ നഷ്ടമായ മക്കളാണ് തങ്ങള്‍. അതിന്റെ ഭാരവും വേദനയും മരിക്കുവോളം തീരില്ല. അടുത്ത ബന്ധുവായ അരുണ്‍ ഇത് ചെയ്യുമെന്ന് ധരിച്ചില്ല. അയാള്‍ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് വിചാരിച്ചിരുന്നു. വിധി അറിഞ്ഞപ്പോള്‍ ഇരുവരും മാതാപിതാക്കളുടെ ഓര്‍മയില്‍ കണ്ണീര്‍ പൊഴിച്ചാണ് കോടതിവളപ്പ് വിട്ടത്.
Content Highlights: kottayam pazhayidam double murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..