പഴയിടം ഇരട്ട കൊലക്കേസിലെ പ്രതി അരുൺ ശശി. ഇൻസെറ്റിൽ കൊല്ലപ്പെട്ട ഭാസ്‌കരൻനായർ, തങ്കമ്മ | ഫോട്ടോ: ഇ.വി.രാഗേഷ്/മാതൃഭൂമി
കോട്ടയം: മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭര്‍ത്താവിനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. റിട്ട. പൊതുമരാമത്ത് സൂപ്രണ്ട് തീമ്പനാല്‍ (ചൂരപ്പാടിയില്‍) എന്‍.ഭാസ്‌കരന്‍ നായര്‍ (71), ഭാര്യ റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ തങ്കമ്മ (68) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ചൂരപ്പാടിയില്‍ അരുണ്‍ ശശി(31)യെയാണ് ശിക്ഷിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ.നാസര്‍ വിധിയില്‍ പറഞ്ഞു.
പിഴയായി വിധിച്ച രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ പെണ്‍മക്കള്‍ക്ക് നല്‍കണം.
കൊല്ലപ്പെട്ടവരുടെ മക്കള്‍ രണ്ടുപേരും മറ്റൊരു സ്ഥലത്ത് താമസിക്കുകയായിരുന്നു. സമീപത്ത് താമസിച്ചിരുന്ന അടുത്ത ബന്ധുവായ പ്രതിക്ക് ഈ ദമ്പതിമാരെ സംരക്ഷിക്കേണ്ട ബാധ്യയുണ്ടായിരുന്നെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. എന്നാല്‍, പണം മോഹിച്ച് അവരെ വകവരുത്തി.
2013 ഓഗസ്റ്റ് 28-നാണ് കൊലപാതകം നടന്നത്. ദമ്പതിമാര്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പോയി മടങ്ങി വീട്ടിലെത്തിയപ്പോള്‍ അരുണും അവിടെച്ചെന്നു. അരുണ്‍ പുതിയ കാര്‍ വാങ്ങാനായി ഭാസ്‌കരന്‍ നായരോട് പണം ചോദിച്ചിരുന്നു. ഇത് കൊടുക്കാത്തതില്‍ അരുണിന് ദേഷ്യവും ഉണ്ടായിരുന്നു.പ്രതിയെ കണ്ടെത്താന്‍ വൈകിയതോടെ നാട്ടില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.
ഇതില്‍ അരുണും ഉണ്ടായിരുന്നു. 21 ദിവസത്തിനുശേഷം കോട്ടയം കഞ്ഞിക്കുഴിയില്‍ വീട്ടമ്മയുടെ മാല മോഷ്ടിക്കുന്നതിനിടെ അരുണ്‍ കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യായിരുന്ന എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മണിമല പോലീസ്സ്റ്റേഷന്‍ പരിധിയിലടക്കം മോഷണം നടത്തിയിട്ടുണ്ടെന്നറിഞ്ഞതോടെ, അന്നത്തെ മണിമല സി.ഐ. എസ്.അശോക്കുമാര്‍ അരുണിന്റെ വിരലടയാളം ശേഖരിച്ച് കൂടുതല്‍ അന്വേഷണം നടത്തി.
പഴയിടത്ത് കൊലപാതകത്തിനുമുമ്പ് പ്രതി ഊരിമാറ്റിവെച്ചിരുന്ന ബള്‍ബിലെ വിരലടയാളം പ്രധാന തെളിവായി.
2014-ല്‍ ഇയാള്‍ ജാമ്യം നേടി പുറത്തുവന്ന് മുങ്ങി. 2016-ല്‍ തമിഴ്‌നാട്ടിലെ മോഷണക്കേസിലാണ് വീണ്ടും പിടിയിലായത്. വിധി കേള്‍ക്കാനായി, ദമ്പതിമാരുടെ മക്കളായ ബിനുവും ബിന്ദുവും മരുമകന്‍ രാജുവും മറ്റുബന്ധുക്കളും കോടതിയിലെത്തിയിരുന്നു.
കൊല്ലപ്പെട്ടവരുടെ രക്തക്കറ പ്രതിയുടെ വീട്ടില്‍നിന്ന് കിട്ടിയതും തങ്കമ്മയുടെ ആഭരണം ഇയാള്‍ വിറ്റത് ധനകാര്യസ്ഥാപനത്തില്‍നിന്ന് കണ്ടെടുക്കാനായതും നിര്‍ണായകമായെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ജിതേഷ് പറഞ്ഞു. ശിക്ഷ, നീതി ഉറപ്പാക്കുന്നതായെന്ന് മക്കളായ ബിനുവും ബിന്ദുവും പറഞ്ഞു.
ബള്‍ബില്‍ വിരലടയാളം...വാതിലില്‍ രക്തക്കറ: നിര്‍ണായക തെളിവുകളായി
കോട്ടയം: 'ആ രംഗം മറക്കാനാവില്ല. പല കുറ്റകൃത്യങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ടെങ്കിലും ഇത്ര ക്രൂരമായ കൊലപാതകം സര്‍വീസ് കാലത്ത് കണ്ടിട്ടില്ല'. പഴയിടം ഇരട്ടക്കൊലപാതകം അന്വേഷിച്ച അന്നത്തെ മണിമല സി.ഐ. എസ്.അശോക് കുമാര്‍ പറഞ്ഞു. ദമ്പതിമാര്‍ മരിച്ചുകിടക്കുന്നത് അറിഞ്ഞ് ആദ്യം എത്തിയ പോലീസ് സംഘത്തിന് ഇദ്ദേഹമാണ് നേതൃത്വം നല്‍കിയത്.
തലയ്ക്ക് നേരെ വലിയ ആക്രമണമാണ് നടത്തിയത്. രണ്ട് പേരുടെയും തലയ്ക്ക് ചുറ്റികകൊണ്ട് മാരകമായ വിധത്തില്‍ അടിച്ചിരുന്നു. വലിയ ആസൂത്രണം കൊലയ്ക്ക് പിന്നില്‍ ഉണ്ടെന്ന് തോന്നിയിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപം മഞ്ഞള്‍പ്പൊടി വിതറിയിരുന്നതുംമറ്റും ആ സൂചന നല്‍കി. പക്ഷേ, പ്രതിയിലേക്ക് ഒരു സൂചനയും കിട്ടിയില്ല. പക്ഷേ, പോലീസ് ശക്തമായ അന്വേഷണം നടത്തി. പ്രദേശവാസികളായ ധാരാളം പേരുടെ വിരലടയാളം എടുത്തു. ബന്ധുക്കളുടെയും. നൂറുകണക്കിന് പേരെ ചോദ്യം ചെയ്തു. പക്ഷേ, അരുണ്‍ ശശിയെ സംശയിക്കാന്‍ ഒന്നും കിട്ടിയിരുന്നില്ല.
21 ദിവസത്തിന് ശേഷം കോട്ടയം ഈസ്റ്റ് പോലീസില്‍നിന്ന് അറിയിപ്പ് വന്നു. മാലമോഷണക്കേസില്‍ യുവാവ് പിടിയിലായിട്ടുണ്ടെന്ന്. അയാളുടെ വിരലടയാളവും തന്നു. മണിമല ഭാഗത്ത് ഇയാള്‍ക്ക് കേസുണ്ടെന്ന് പറഞ്ഞതായി അറിയിച്ചു. കേസുകള്‍ പരിശോധിക്കുന്നതിനൊപ്പം കൊലനടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും ഇയാളുടെ വിരലടയാളവും ഒത്തുനോക്കി. രണ്ടും ഒന്നുതന്നെ. കൃത്യത്തിന് മുന്‍പ് ഇയാള്‍ ഊരിവെച്ച ഭാസ്‌കരന്‍ നായരുടെ വീട്ടിലെ ബള്‍ബിലുണ്ടായിരുന്ന വിരലടയാളവും തെളിവായി. അയാള്‍ കുറ്റം സമ്മതിച്ചു.
വസ്ത്രം നശിപ്പിച്ചു... നശിക്കാതെ തെളിവ്
കൊലയ്ക്ക് ശേഷം അരുണ്‍ തന്റെ വസ്ത്രങ്ങള്‍ മണിമലയാറ്റില്‍ ഒഴുക്കിയെന്ന് പറഞ്ഞു. കുറ്റസമ്മതംകൊണ്ട് മാത്രം കേസ് മുന്നോട്ട് പോകില്ല. പ്രതിയുടെ വീട് പരിശോധിച്ചപ്പോള്‍ വാതിലില്‍നിന്ന് രക്തക്കറ കിട്ടി. അത് മരിച്ച ഭാസ്‌കരന്‍നായരുടേതായിരുന്നു. അത് നിര്‍ണായകമായി. പ്രതി സൂക്ഷിച്ചുവെച്ച തന്റെ ബെല്‍റ്റിലും മരിച്ചയാളുടെ രക്തക്കറ ഉണ്ടായിരുന്നു.
മരിച്ച തങ്കമ്മയുടെ ആഭരണം അരുണ്‍ വെച്ചൂച്ചിറയിലെ ധനകാര്യ സ്ഥാപനത്തിലാണ് വിറ്റത്. വിറ്റ് കിട്ടുന്ന മുതല്‍ സ്ഥാപനങ്ങള്‍ ഉരുക്കും. പക്ഷേ, അവര്‍ അത് ചെയ്തിരുന്നില്ല. അമ്മയുടെ ആഭരണം മക്കള്‍ രണ്ട് പേരും തിരിച്ചറിഞ്ഞു. ഇത് കൊണ്ടുവന്നത് അരുണ്‍ ആണെന്നും ജീവനക്കാര്‍ മൊഴി നല്‍കി.
Content Highlights: kottayam pazhayidam double murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..