അരുൺ വിദ്യാധരൻ, ആതിര
മൂന്നുദിവസം നീണ്ട തിരച്ചില്‍, ഒടുവില്‍ നാലാംദിവസം പ്രതിയെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയിലും. സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് കോട്ടയം കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിയായ ആതിര ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ അരുണ്‍ വിദ്യാധരനായി അയല്‍സംസ്ഥാനങ്ങളിലടക്കം തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇയാളെ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടത്. ഇതോടെ ആതിരയുടെ മരണവുമായി ബന്ധപ്പെട്ട കേസും അവസാനിക്കുകയാണ്.
വ്യാഴാഴ്ച രാവിലെയാണ് അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് കോട്ടയത്തെ കേസിലെ പ്രതിയായ അരുണ്‍ വിദ്യാധരനാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.
നേരത്തെ പ്രതി കേരളം വിട്ടതായും അവസാനം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കോയമ്പത്തൂരിലാണെന്നും പോലീസ് പറഞ്ഞിരുന്നു. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതിനിടെയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയില്‍ പ്രതിയെ മരിച്ചനിലയില്‍ കണ്ടത്.
മറ്റൊരു പേരില്‍ തെറ്റായ വിലാസം നല്‍കിയാണ് ഇയാള്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് പോലീസ് പറയുന്നത്. മരണവിവരമറിഞ്ഞ് പോലീസെത്തി മുറിയില്‍ നടത്തിയ പരിശോധനയിലാണ് തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് കോട്ടയം പോലീസുമായി ബന്ധപ്പെടുകയും മരിച്ചത് അരുണ്‍ വിദ്യാധരനാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
മലപ്പുറം പെരിന്തല്‍മണ്ണയിലെ വിലാസമാണ് പ്രതി ലോഡ്ജില്‍ നല്‍കിയതെന്നാണ് വിവരം. തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. ഇയാളുടെ കൈഞരമ്പ് മുറിച്ചനിലയിലാണ്. മുറിയില്‍ മദ്യക്കുപ്പികളും ഒട്ടേറെ മിനിറല്‍വാട്ടര്‍ കുപ്പികളും ഉണ്ടായിരുന്നു. അതേസമയം, മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നായിരുന്നു പോലീസിന്റെ പ്രതികരണം. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും കാഞ്ഞങ്ങാട് പോലീസ് പറഞ്ഞു.

മേയ് ഒന്നാംതീയതി തിങ്കളാഴ്ച രാവിലെയാണ് കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശി ആതിരയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര കടുംകൈ ചെയ്തത്. അരുണിന്റെ സൈബര്‍ ആക്രമണത്തിനെതിരേ ഞായറാഴ്ച രാത്രി യുവതി കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയ ശേഷവും ഇയാള്‍ സൈബര്‍ ആക്രമണം തുടര്‍ന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞിരുന്നു. ആതിരയുടെ കേസില്‍ പോലീസിന് വീഴ്ചയുണ്ടായെന്നും ആരോപണമുയര്‍ന്നു.
ആസൂത്രിതമായ സൈബര്‍ ആക്രമണമെന്ന് സഹോദരീഭര്‍ത്താവ് ആശിഷ്ദാസ് ഐ.എ.എസ്.
ആതിരക്കെതിരേ നടന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണമാണെന്നായിരുന്നു സഹോദരീഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആശിഷ് ദാസിന്റെ പ്രതികരണം. ആതിരയും അരുണ്‍ വിദ്യാധരനും നേരത്തെ അടുപ്പത്തിലായിരുന്നു. ഒരുവര്‍ഷം മുന്‍പ് ഇരുവരും ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ അടുത്തിടെ ആതിരയ്ക്ക് മറ്റുവിവാഹാലോചനകള്‍ വന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും ഇതിനുപിന്നാലെയാണ് ഭീഷണിയും സൈബര്‍ ആക്രമണവും ആരംഭിച്ചതെന്നും ആശിഷ് ദാസ് പറഞ്ഞിരുന്നു.
.jpg?$p=6684ca9&&q=0.8)
അരുണ്‍ വിദ്യാധരന്‍, ആതിര, ആതിരയുടെ സഹോദരീഭര്‍ത്താവ് ആശിഷ്ദാസ് ഐ.എ.എസ്.
''അയാള്‍ അവളോട് മോശമായി പെരുമാറാന്‍ തുടങ്ങിയതോടെയാണ് ബന്ധം ഉപേക്ഷിച്ചത്. മോശമായപെരുമാറ്റം തുടര്‍ന്നതോടെ ഈ ബന്ധം ശരിയാകില്ലെന്ന് പറഞ്ഞ് അവള്‍ പിന്മാറി. അന്ന് അവനും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. അവനും ഖത്തറില്‍ ജോലിചെയ്യുന്ന ആളുമായി വേറെ കല്യാണമൊക്കെ ഉറപ്പിച്ചുവെച്ചിരുന്നു. എന്നാല്‍ ആതിരയ്ക്ക് വേറെ കല്യാണാലോചനകള്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങി. ഇടയ്ക്ക് അമ്മയെയും സഹോദരിയെയും വിളിച്ച് കല്യാണം നടത്തിക്കൊടുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ, രണ്ടുപേരും വേണ്ടെന്ന് വെച്ചതാണ്, അത് നടക്കില്ലെന്ന് പറഞ്ഞു. അത് അങ്ങനെ തീരുമെന്ന് കരുതി.
എന്നാല്‍ പിന്നെ ഭീഷണിയായി. വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ ആതിരയും സ്‌ട്രോങ്ങായി സംസാരിച്ചു. ഒന്നുംചെയ്യാന്‍ പറ്റില്ല, നമ്മള്‍ നമ്മുടെ വഴിക്ക് നീങ്ങുകയാണെന്ന് പറഞ്ഞു. അതിനിടെ ഒരു പെണ്ണുകാണലുണ്ടായിരുന്നു. അതോടെ അവന് പ്രകോപനമായി. അവന്‍ എല്ലാം ആസൂത്രിതമായി ചെയ്തതാണ്. ഇവിടെനിന്നാല്‍ ശരിയാകില്ലെന്ന് അവനറിയാം. അവന്‍ എവിടെയോ ഒളിവില്‍പോയി അവിടെയിരുന്നാണ് ഇത് മൊത്തം ചെയ്തത്. അവന്‍ ആദ്യം ഇടുന്ന പോസ്റ്റ് തന്നെ 'നാളെ ഞാന്‍ അകത്തായേക്കാം' എന്നതായിരുന്നു. പിന്നീട് എന്തെങ്കിലും സംഭവിച്ചാല്‍ ഇയാളായിരിക്കും ഉത്തരവാദി എന്നുപറഞ്ഞ് എന്റെ ഫോട്ടോ സഹിതം പോസ്റ്റിട്ടു. ആതിരയുടെ ചേട്ടനാണ്, എല്ലാം ഇയാളുടെ കളികളാണ് എന്നൊക്കെ പറഞ്ഞാണ് പോസ്റ്റിട്ടത്. പിന്നീട് ആതിരയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പഴയ ഫോട്ടോകളെല്ലാം പോസ്റ്റ് ചെയ്തു.
സാധാരണ ഫോട്ടോയല്ലേ, കുഴപ്പമില്ലെന്നാണ് നമ്മള്‍ വിചാരിച്ചത്. വിളിച്ചുപറഞ്ഞിട്ടും കാര്യമില്ലല്ലോ. അങ്ങനെ സ്റ്റേഷനില്‍ പോയി പരാതി നല്‍കി. അക്കാര്യം അവന്‍ അറിഞ്ഞു. അതോടെ വീണ്ടും ഭയങ്കരമായി സൈബര്‍ ആക്രമണം തുടര്‍ന്നു. അന്ന് രാത്രി അവള്‍ എന്നെ വിളിച്ചിരുന്നു. ഭയങ്കരമായി കരഞ്ഞുകൊണ്ടാണ് വിളിച്ചത്. ചേട്ടന്റെ പേരും കൂടി ഇതിലേക്ക് വലിച്ചിഴച്ചു എന്നൊക്കെ വിഷമം പറഞ്ഞു. സാരമില്ലെന്നും ഇതെല്ലാം ഇതിനകത്തുള്ളതാണെന്നും ഞാന്‍ പറഞ്ഞു. ഒരുത്തന്‍ ഫെയ്‌സ്ബുക്കിനകത്ത് എന്തെങ്കിലും ആരോപണമിട്ടെന്ന് വിചാരിച്ചിട്ടെന്താ, ചോദിക്കാനും പറയാനുമൊക്കെ ആളുണ്ടെന്ന് അറിഞ്ഞോട്ടെ. അതൊന്നും വിഷമിക്കേണ്ട, എല്ലാരും കൂടെയുണ്ട് എന്നും പറഞ്ഞു.
എന്നാല്‍, ആ പോസ്റ്റ് പിന്‍വലിക്കണമെന്ന് പറയാനായി അവള്‍ രാത്രിയില്‍ അവനെ വിളിച്ചതായാണ് തോന്നുന്നത്. രാത്രിയില്‍ എന്തുസംഭവിച്ചുവെന്ന് അറിയില്ല. അതിനിടെ, അവള്‍ എനിക്ക് മെസേജ് അയച്ചിരുന്നു. ചേട്ടാ അയാളെ വിളിച്ച് സംസാരിക്കുമോ എന്ന് ചോദിച്ചായിരുന്നു മെസേജ്. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതുകൊണ്ട് ആ മെസേജ് ഞാന്‍ കണ്ടില്ല. അവള്‍ പിന്നെ രാവിലെ എഴുന്നേറ്റ് ആറരയോടെയാണ് മുറിയില്‍നിന്ന് പുറത്തേക്ക് വന്നത്. എല്ലാരുമായി സംസാരിച്ചശേഷം ഒന്നുകൂടെ കിടക്കട്ടെയെന്ന് പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി. പിന്നീട് എന്റെ ഭാര്യ നോക്കുമ്പോളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്'', ആശിഷ് ദാസ് പറഞ്ഞു.
ആതിര വളരെ ബോള്‍ഡായ വ്യക്തിയായിരുന്നുവെന്നും കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നുവെന്നും സഹോദരീഭര്‍ത്താവായ ആശിഷ് ദാസ് പ്രതികരിച്ചു.
''അവള്‍ ബോള്‍ഡായ വ്യക്തിയാണ്. കുടുംബത്തിലെ എല്ലാകാര്യവും ചെയ്യുന്നത് അവളായിരുന്നു. ഭയങ്കര ബോള്‍ഡായിരുന്നു. അവള്‍ കരയുന്നത് പോലും ആരും കണ്ടിട്ടില്ല. ആരെങ്കിലും വഴിയില്‍നിന്ന് കമന്റടിച്ചാല്‍ പോലും നല്ല മറുപടി കൊടുത്തിട്ട് വരുന്നവളാണ്. പുറത്തുപോയി പഠിക്കണമെന്നെല്ലാം ആഗ്രഹമുണ്ടായിരുന്നു. വീട് പുതുക്കി പണിയണം, അച്ഛനെയും അമ്മയെയും നോക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. അവള്‍ അനുഭവിച്ച ആ വേദന നമുക്ക് ഊഹിക്കാന്‍പറ്റും. തൊട്ടാവാടിയായിരുന്ന ഒരാളായിരുന്നെങ്കില്‍ നമ്മള്‍ കുറച്ചുകൂടെ ജാഗ്രത കാണിച്ചേനെ. എന്നിട്ടും രാത്രി പോയി നോക്കിയപ്പോള്‍ അങ്ങനെയൊന്നും ചെയ്യില്ല, നിങ്ങള്‍ പേടിക്കേണ്ട എന്നായിരുന്നു അവളുടെ മറുപടി. രാവിലെ കണ്ടപ്പോളും കുഴപ്പമില്ലെന്ന് വിചാരിച്ചു. സന്തോഷത്തോടെയാണ് കണ്ടത്. എല്ലാം ഒരുനിമിഷത്തെ തീരുമാനമാണല്ലോ''- ആശിഷ് പറഞ്ഞു.
ബന്ധത്തില്‍നിന്ന് പിന്മാറിയത് അവള്‍ തന്നെ- ആതിരയുടെ അച്ഛന്‍
ഞായറാഴ്ചവരെ ആതിര ഏറെ സന്തോഷവതിയായിരുന്നു. അരുണിന്റെ സ്വഭാവം കാരണവും മറ്റുവിവരങ്ങള്‍ അറിഞ്ഞതിനാലുമാണ് അയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറിയത്. അരുണുമായുള്ള ബന്ധം വേണ്ടെന്ന് തീരുമാനിച്ചത് ആതിര തന്നെയാണെന്നുമാണ് അച്ഛന്‍ മുരളി പ്രതികരിച്ചത്.
''അയാളുടെ സ്വഭാവം കാരണം അവള്‍ തന്നെയാണ് ബന്ധം വേണ്ടെന്ന് തീരുമാനിച്ചത്. പിന്നെ അയാള്‍ കുറേ ശല്യംചെയ്തു. കൂടുതലൊന്നും ഞങ്ങളോട് പറയാറില്ലായിരുന്നു. അവസാനം വേറൊരു കല്യാണം ശരിയായി. അവള്‍ക്കും ഞങ്ങള്‍ക്കും അത് ഇഷ്ടമായി. അതോടെയാണ് അയാള്‍ പ്രശ്നങ്ങളുമായി വന്നത്. ഒരുദിവസം കൊണ്ട് അവന്‍ എന്റെ കുഞ്ഞിനെ കൊന്നു.

വീട്ടിലെ ഏറ്റവും ധൈര്യമുള്ള കൊച്ചായിരുന്നു അവള്‍. ഞായറാഴ്ച രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അന്ന് രാത്രി എന്തോ സംഭവിച്ചിട്ടുണ്ട്. അവനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞതോടെയാണ് ബന്ധം വേണ്ടെന്ന് വെച്ചത്. ഒരുവര്‍ഷമായിട്ട് ശല്യമൊന്നും ഉണ്ടായിരുന്നില്ല. പുതിയ വിവാഹാലോചന വന്നപ്പോള്‍ ഞങ്ങള്‍ക്കും അവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വന്ന് കണ്ടുപോയപ്പോള്‍ മകളും വളരെ സന്തോഷത്തിലായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എന്നാല്‍ ഇവിടെനടക്കുന്ന കാര്യങ്ങള്‍ അയാള്‍ എങ്ങനെ അറിഞ്ഞു എന്നറിയില്ല. ഞങ്ങള്‍ അവിടെ കാണാന്‍ പോകാനിരിക്കുന്ന സമയത്താണിത്. അവര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ ഈ വിവരം അവരോട് പറഞ്ഞു. ഇങ്ങനെയൊരു സംഭവമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ, എന്റെ കൊച്ചിനെ അവന്‍ കൊന്നു'', അദ്ദേഹം പറഞ്ഞു.
അരുണ്‍ വിദ്യാധരന്‍ മയക്കുമരുന്നിന് അടിമയാണെന്നും അടിപിടി സംഭവങ്ങളിലടക്കം ഉള്‍പ്പെട്ടയാളാണെന്നുമായിരുന്നു ആതിരയുടെ ബന്ധുവായ സുരേഷിന്റെ ആരോപണം. അരുണിന്റെ കുടുംബത്തെ നേരത്തെ അറിയാം. പ്ലസ്ടു കഴിഞ്ഞത് മുതല്‍ അയാള്‍ മയക്കുമരുന്നിന് അടിമയാണ്. ബാറില്‍ അടിപിടിയുണ്ടാക്കിയ സംഭവം ഉള്‍പ്പെടെയുണ്ട്. മാത്രമല്ല, സ്വന്തം അച്ഛന്റെയും അദ്ദേഹത്തിന്റെ അനുജന്റെയും പല്ല് അടിച്ചുകൊഴിച്ചയാളാണ്. നേരത്തെ അയാള്‍ വീട്ടില്‍നിന്ന് മാറിനിന്നിരുന്ന വ്യക്തിയാണെന്നും സുരേഷ് ആരോപിച്ചു. ആതിരയും അയാളും ഒരുമിച്ച് പഠിച്ചവരായിരുന്നു. അങ്ങനെയാണ് ആതിര അയാളുമായി ബന്ധത്തിലായതെന്നും സുരേഷ് പറഞ്ഞിരുന്നു.
പോലീസ് അന്വേഷണം, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം...
ഞായറാഴ്ച രാത്രിയാണ് അരുണ്‍ വിദ്യാധരനെതിരേ ആതിര പരാതി നല്‍കിയതെന്നായിരുന്നു കടുത്തുരുത്തി പോലീസിന്റെ പ്രതികരണം. അന്നുതന്നെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നതായും എന്നാല്‍ തിങ്കളാഴ്ച രാവിലെ പരാതിക്കാരി ജീവനൊടുക്കുകയാണുണ്ടായതെന്നും പോലീസ് പറഞ്ഞിരുന്നു. അതിനിടെ, ആതിരയുടെ കേസില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ആതിരയുടെ കേസില്‍ പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നും യുവതി നല്‍കിയ പരാതി പോലീസുകാര്‍ പ്രതിക്ക് ചോര്‍ത്തിനല്‍കിയെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. ഈ വിഷയത്തില്‍ കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി.
വീഴ്ചയുണ്ടായിട്ടില്ലെന്ന് കോട്ടയം എസ്.പി.
ആതിരയുടെ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു കോട്ടയം എസ്.പി. കെ.കാര്‍ത്തിക് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. പരാതി ലഭിച്ചപ്പോള്‍ തന്നെ എ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. പ്രതിക്കായി പലഭാഗങ്ങളിലും അന്വേഷണം നടത്തി. അന്വേഷണത്തിന്റെ കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. കാഞ്ഞങ്ങാട്ടുനിന്ന് ലഭിച്ച പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൃതദേഹം അരുണിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്തുനിന്നുള്ള പോലീസ് സംഘം കാഞ്ഞങ്ങാട്ടേക്ക് തിരിച്ചതായും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: kottayam native athira commits suicide after cyber attack accused arund found dead on fourth day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..