-
കോട്ടയം: മണർകാട്ടെ ചൂതാട്ടകേന്ദ്രത്തിന്റെ ഉടമയായ ബ്ലേഡ് മാഫിയ സംഘത്തലവന് സംസ്ഥാനത്തെ ഒരു ഡി.ഐ.ജി. ഉൾപ്പെടെയുള്ള പോലീസിലെ ഉന്നതരുമായി അടുത്തബന്ധം. മുൻ എ.ഡി.ജി.പി. കൂടി പങ്കാളിയായ കെട്ടിടനിർമാണ കമ്പനിയുടെ ഉടമസ്ഥരിലൊരാളാണിയാൾ.
മണർകാട്ട് ഓഫീസുള്ള ഈ കെട്ടിടനിർമാണ കമ്പനി കേരള പോലീസ് ഹൗസിങ് കോർപറേഷനുവേണ്ടി സ്ഥിരമായി കരാറുകളെടുക്കാറുമുണ്ട്.
2016-ൽ ഗുണ്ടാപട്ടികയിൽ പേരുചേർത്ത ഇയാൾക്ക് ആറു മാസത്തോളം പോലീസ് സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 23 തട്ടിപ്പുകേസിൽ പ്രതിയായതിനെത്തുടർന്ന് അന്ന് ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്താനായി നടപടികൾ കൈക്കൊണ്ട പാമ്പാടി എസ്.ഐക്കെതിരേ ഉന്നതബന്ധങ്ങൾ ഉപയോഗിച്ച് ഇയാൾ പ്രതികാരം ചെയ്തിരുന്നു. ഇയാൾക്കെതിരേ ഭൂമിതട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് കേസുകൾ ഹൈക്കോടതിയിൽ ഉൾപ്പെടെ നടന്നുവരുന്നുണ്ട്. എന്നാൽ, പോലീസിലെ സ്വാധീനമുപയോഗിച്ച് പലപ്പോഴും നിയമത്തിന്റെ കൈയിൽനിന്ന് ഇയാൾ രക്ഷപ്പെട്ടു.
ചങ്ങനാശ്ശേരിയിൽ നഗരമധ്യത്തിൽ 38 സെന്റിലായുള്ള ഇയാളുടെ ബഹുനിലക്കെട്ടിടം മുൻ മുനിസിപ്പൽ ചെയർമാന്റെ കൈയിൽനിന്ന് തട്ടിയെടുത്തതാണ്. വിസയുമായി ബന്ധപ്പെട്ട് സാമ്പത്തികപ്രശ്നം ഉണ്ടായതിനെത്തുടർന്ന് ഇയാളിൽനിന്ന് ബ്ലേഡ് പലിശയ്ക്ക് പണം വാങ്ങി, തിരിച്ചു നൽകാനാവാതെ വന്നപ്പോൾ കെട്ടിടം എഴുതിക്കൊടുക്കുകയായിരുന്നു.
നാലു മാസം മുമ്പ് ക്ലബ്ബായി രജിസ്റ്റർചെയ്ത കേന്ദ്രത്തിലായിരുന്നു ചൂതാട്ടം. ഇതോടൊപ്പം കുട്ടിക്കാനത്ത് മറ്റൊരു ക്ലബ്ബ് ഇയാൾ പണിതുകൊണ്ടിരിക്കുന്നു. എറണാകുളത്തും ക്ലബ്ബ് തുടങ്ങാൻ പദ്ധതിയുണ്ട്. ക്ലബ്ബിൽ കളിക്കാനെത്തിയിരുന്ന സമ്പന്നരുടെ പക്കൽനിന്ന് എഴുതിമേടിച്ച ഭൂമിയിലാണ് പലപ്പോഴും പുതിയ സംരംഭങ്ങൾ തുടങ്ങാറുള്ളത്.
ഇയാളിൽനിന്ന് പാരിതോഷികം വാങ്ങിയ എസ്.ഐയെ ഏതാനും മാസംമുമ്പ് സ്ഥലംമാറ്റിയിരുന്നു. ചൂതാട്ടകേന്ദ്രത്തിൽ കഴിഞ്ഞ ബുധനാഴ്ച മണർകാട് പോലീസ് റെയ്‌ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അന്നത്തെ ദൗത്യത്തിന്റെ ഭാഗമായിരുന്ന ചില പോലീസുകാർപോലും അറിയാതെ ജില്ലാ പോലീസ് മേധാവി നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച ചൂതാട്ടം കൈയോടെ പിടികൂടിയത്.
Content Highlights:kottayam manarcaud gambling center
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..