-
കോട്ടയം: കോടികൾ മറിയുന്ന മണർകാട്ടെ ചീട്ടുകളി കേന്ദ്രത്തിൽനിന്ന് പിടിച്ചെടുത്ത 18 ലക്ഷം രൂപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാൻ തീരുമാനം. കേസിന്റെ പ്രഥമവിവര റിപ്പോർട്ടും പ്രതികളുടെ പട്ടികയും ഉൾപ്പെടെയുള്ള രേഖകൾ തുടരന്വേഷണത്തിനായി പോലീസ് എൻഫോഴ്സ്മെന്റ് അധികൃതർക്ക് കൈമാറും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാർ പറഞ്ഞു.
കളിക്കാനെത്തുന്നവർ കളത്തിലിറക്കുന്നത് കണക്കിൽപ്പെടാത്ത പണമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ചീട്ടുകളികേന്ദ്രം നടത്തിപ്പുകാരന്റെയും കളിക്കാനെത്തിയവരുടെയും സാമ്പത്തിക ഉറവിടം സംബന്ധിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തും കേസ് ഫയലും അടുത്തദിവസം ഡിവൈ.എസ്.പി. ജില്ലാ പോലീസ് മേധാവിക്ക് നൽകും. തുടർന്ന് ഇത് എൻഫോഴ്സ്മെന്റ് കൊച്ചി മേഖലാ ജോയിന്റ് ഡയറക്ടർക്ക് ജില്ലാ പോലീസ് മേധാവി കൈമാറും.
വിവിധ ജില്ലകളിൽനിന്നുള്ള ആളുകൾ ദിവസേന കളിക്കാനെത്തുന്ന ഇവിടെ കോടികളുടെ ചീട്ടുകളിയാണ് നടന്നുവന്നിരുന്നത്. കളത്തിലിറക്കുന്നത് കള്ളപ്പണമാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായതോടെയാണ് പണത്തിന്റെ ഉറവിടം കണ്ടെത്താൻ എൻഫോഴ്സ്മെന്റിന്റെ സഹായംതേടാൻ പോലീസ് തിരുമാനിച്ചത്. ചീട്ടുകളി കേന്ദ്രം നടത്തിപ്പുകാരൻ വൻതോതിൽ കണക്കിൽപ്പെടാത്ത പണം ബ്ലേഡ് പലിശയ്ക്ക് നൽകിയിരുന്നു. ഇങ്ങനെ ഏതാനും വർഷങ്ങൾക്കുള്ളിൽ കോടികളുടെ ആസ്തിയാണ് സമ്പാദിച്ചത്. ജില്ലയിലെയും തമിഴ്നാട്ടിലെയും രണ്ട് മതനേതാക്കളുടെ കണക്കിൽപ്പെടാത്ത പണം ബ്ലേഡ് നടത്തിപ്പുകാരൻ മുഖേന പലിശയ്ക്ക് നൽകിയിരുന്നു. പണമിടപാട് നടത്തുന്നതിനായി മതനേതാവ് ചീട്ടുകളി കേന്ദ്രത്തിൽ ജോലിക്കാരനെ നിയമിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
തമിഴ്നാട്ടിൽനിന്ന് മതനേതാവ് മുഖേന കള്ളപ്പണം കടത്തിയിരുന്നതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചതായാണ് വിവരം. തമിഴ്നാട്ടിൽനിന്നുള്ള മതനേതാവ് ഇടയ്ക്കിടെ മണർകാട്ടെ ചീട്ടുകളികേന്ദ്രം സന്ദർശിച്ചിരുന്നു. ഇതുകൂടാതെ ചെന്നൈയിൽ മുന്തിയ കല്യാണമണ്ഡപം പണിയുന്നതിനുള്ള നടപടികൾ നടത്തിപ്പുകാരൻ ആരംഭിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാവുൾപ്പെടെ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധിപേരുടെ കണക്കിൽപ്പെടാത്ത പണം ഇയാളുടെ കൈവശമുണ്ടെന്നും സൂചനയുണ്ട്.
ചീട്ടുകളിക്കാനത്തുന്നവർക്ക് ദിവസേന ലക്ഷങ്ങൾ പലിശയ്ക്ക് നൽകിയിരുന്നു. ഇത്തരത്തിൽ ദിനംപ്രതി നടത്തിപ്പുകാരൻ ലക്ഷങ്ങളാണ് സമ്പാദിച്ചിരുന്നത്. വിവിധയിടങ്ങളിൽ നടത്തിപ്പുകാരൻ കോടികൾ വിലമതിക്കുന്ന വസ്തുക്കളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇവിടങ്ങളിൽ കെട്ടിടങ്ങളും നിർമിച്ചിരുന്നു. പലയിടത്തും അനധികൃത നിർമാണങ്ങളാണ് നടത്തിയിട്ടുള്ളത്. കാപ്പാ നിയമം ചുമത്തിയിട്ടുള്ള ഇയാൾക്ക് പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്ന സംഭവത്തിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തിവരുകയാണ്. ചീട്ടുകളി നടത്തിപ്പുകാരനുമായി അവിഹിത ഇടപാടുകൾ നടത്തിയെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻമേൽ മണർകാട് പോലീസ് ഇൻസ്പെക്ടർക്കതിരേ അടുത്തദിവസംതന്നെ വകുപ്പുതല നടപടിയുണ്ടാകും.
Content Highlights:kottayam manarcaud gambling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..