ജയേഷിനെയും സച്ചുവിനെയും ഇടയപ്പാറയിലെത്തിച്ച് കറുകച്ചാൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു
കങ്ങഴ(കോട്ടയം): ഇടയപ്പാറയില്‍ യുവാവിനെ റബ്ബര്തോട്ടത്തിലിട്ട് വെട്ടിക്കൊന്നശേഷം കാല്‍പ്പാദം വെട്ടി റോഡില്‍വെച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സൂചന. പ്രതികളെ ചോദ്യംചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രണ്ടരയോടെയാണ് ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കല്‍ മനേഷിനെ കാറിലെത്തിയ സംഘം മുണ്ടത്താനം ചെളിക്കുഴിയിലെ റബ്ബര്തോട്ടത്തിലിട്ട് വെട്ടിക്കൊന്നത്.
സംഭവശേഷം പ്രതികളായ ഇടയിരിക്കപ്പുഴ പുതുപ്പറമ്പില്‍ ജയേഷ് (31), കുമരകം കവണാറ്റിന്‍കര സച്ചു (23) എന്നിവര്‍ മണിമല പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. വെള്ളിയാഴ്ച പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്് തെളിവെടുപ്പ് നടത്തി.
നാട്ടുകാരുടെ മൊഴിപ്രകാരം കൂടുതല്‍ ആളുകള്‍ പ്രതികളോടൊപ്പം എത്തിയിരുന്നതായാണ് പോലീസിന് കിട്ടിയ വിവരം. എന്നാല്‍ ഇവരെപ്പറ്റി പ്രതികള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയിട്ടില്ല.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.
കാല്വെട്ടിയത് 'ഗൂര്‍ഖ' കത്തി ഉപയോഗിച്ച്
മനേഷിനെ ആക്രമിച്ചശേഷം കാല്‍പ്പാദം മുറിച്ചുമാറ്റാനായി പ്രതി ജയേഷ് ഉപയോഗിച്ചത് കുക്രി കത്തി. ഗൂര്‍ഖകള്‍ ഉപയോഗിക്കുന്നതാണ് ഇത്തരം കത്തികളെന്ന് പോലീസ് പറഞ്ഞു. കത്തിയും കമ്പിവടിയുമടക്കം മറ്റ് ചില ആയുധങ്ങളും ഇവരില്‍നിന്ന് കണ്ടെടുത്തു. വധശ്രമമടക്കം 14 കേസുകളാണ് ജയേഷിന്റെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. കുറ്റകൃത്യങ്ങള്‍ നടത്തിയശേഷം പ്രദേശവാസികളെയും സാക്ഷികളെയും ഭീഷണിപ്പെടുത്തി രക്ഷപ്പെടുന്നതാണ് ഇയാളുടെ പതിവ്.
ജയേഷ് നടത്തിയ കുറ്റകൃത്യങ്ങളിലെല്ലാം സാക്ഷികളില്ലാത്തതിനാല്‍ കേസുകളില്‍നിന്ന് മോചിതനായി. ജയേഷിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വന്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവൃത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. മനേഷിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം കേസില്‍ സാക്ഷി പറയുന്നവരെയെല്ലാം ഇതേ പോലെ വെട്ടികൊല്ലുമെന്ന് ജയേഷ് ഭീഷണിമുഴക്കിയിരുന്നു. മുറിച്ചെടുത്ത കാല്‍പ്പാദം ഇടയപ്പാറയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും സാക്ഷിപറയുന്നവരെ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..