1. പ്രതി അരുൺ വിദ്യാധരൻ | 2.ജീവനൊടുക്കിയ ആതിര | 3. ആതിരയുടെ സഹോദരീഭർത്താവ് ആശിഷ് ദാസ് ഐ.എ.എസ്.
കോട്ടയം: കടുത്തുരുത്തി കോതനല്ലൂരില്‍ ജീവനൊടുക്കിയ ആതിരക്കെതിരേ ആസൂത്രിതമായ സൈബര്‍ ആക്രമണമാണ് നടന്നതെന്ന് യുവതിയുടെ സഹോദരീഭര്‍ത്താവും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ്. ആതിരയും അരുണ്‍ വിദ്യാധരനും നേരത്തെ അടുപ്പത്തിലായിരുന്നു. ഒരുവര്‍ഷം മുന്‍പ് ഇരുവരും ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ അടുത്തിടെ ആതിരയ്ക്ക് മറ്റുവിവാഹാലോചനകള്‍ വന്നതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും ഇതിനുപിന്നാലെയാണ് ഭീഷണിയും സൈബര്‍ ആക്രമണവും ആരംഭിച്ചതെന്നും ആശിഷ് ദാസ് ഐ.എ.എസ്. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയായ വി.എം.ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരന്‍ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര കടുംകൈ ചെയ്തത്. അരുണിന്റെ സൈബര്‍ ആക്രമണത്തിനെതിരേ ഞായറാഴ്ച രാത്രി യുവതി കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയ ശേഷവും ഇയാള്‍ സൈബര്‍ ആക്രമണം തുടര്‍ന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു.
''അയാള്‍ അവളോട് മോശമായി പെരുമാറാന്‍ തുടങ്ങിയതോടെയാണ് ബന്ധം ഉപേക്ഷിച്ചത്. മോശമായപെരുമാറ്റം തുടര്‍ന്നതോടെ ഈ ബന്ധം ശരിയാകില്ലെന്ന് പറഞ്ഞ് അവള്‍ പിന്മാറി. അന്ന് അവനും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. അവനും ഖത്തറില്‍ ജോലിചെയ്യുന്ന ആളുമായി വേറെ കല്യാണമൊക്കെ ഉറപ്പിച്ചുവെച്ചിരുന്നു. എന്നാല്‍ ആതിരയ്ക്ക് വേറെ കല്യാണാലോചനകള്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങി. ഇടയ്ക്ക് അമ്മയെയും സഹോദരിയെയും വിളിച്ച് കല്യാണം നടത്തിക്കൊടുക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തത്. പക്ഷേ, രണ്ടുപേരും വേണ്ടെന്ന് വെച്ചതാണ്, അത് നടക്കില്ലെന്ന് പറഞ്ഞു. അത് അങ്ങനെ തീരുമെന്ന് കരുതി.
എന്നാല്‍ പിന്നെ ഭീഷണിയായി. വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ ആതിരയും സ്‌ട്രോങ്ങായി സംസാരിച്ചു. ഒന്നുംചെയ്യാന്‍ പറ്റില്ല, നമ്മള്‍ നമ്മുടെ വഴിക്ക് നീങ്ങുകയാണെന്ന് പറഞ്ഞു. അതിനിടെ ഒരു പെണ്ണുകാണലുണ്ടായിരുന്നു. അതോടെ അവന് പ്രകോപനമായി. അവന്‍ എല്ലാം ആസൂത്രിതമായി ചെയ്തതാണ്. ഇവിടെനിന്നാല്‍ ശരിയാകില്ലെന്ന് അവനറിയാം. അവന്‍ എവിടെയോ ഒളിവില്‍പോയി അവിടെയിരുന്നാണ് ഇത് മൊത്തം ചെയ്തത്. അവന്‍ ആദ്യം ഇടുന്ന പോസ്റ്റ് തന്നെ 'നാളെ ഞാന്‍ അകത്തായേക്കാം' എന്നതായിരുന്നു. പിന്നീട് എന്തെങ്കിലും സംഭവിച്ചാല്‍ ഇയാളായിരിക്കും ഉത്തരവാദി എന്നുപറഞ്ഞ് എന്റെ ഫോട്ടോ സഹിതം പോസ്റ്റിട്ടു. ആതിരയുടെ ചേട്ടനാണ്, എല്ലാം ഇയാളുടെ കളികളാണ് എന്നൊക്കെ പറഞ്ഞാണ് പോസ്റ്റിട്ടത്. പിന്നീട് ആതിരയുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പഴയ ഫോട്ടോകളെല്ലാം പോസ്റ്റ് ചെയ്തു.
സാധാരണ ഫോട്ടോയല്ലേ, കുഴപ്പമില്ലെന്നാണ് നമ്മള്‍ വിചാരിച്ചത്. വിളിച്ചുപറഞ്ഞിട്ടും കാര്യമില്ലല്ലോ. അങ്ങനെ സ്‌റ്റേഷനില്‍ പോയി പരാതി നല്‍കി. അക്കാര്യം അവന്‍ അറിഞ്ഞു. അതോടെ വീണ്ടും ഭയങ്കരമായി സൈബര്‍ ആക്രമണം തുടര്‍ന്നു. അന്ന് രാത്രി അവള്‍ എന്നെ വിളിച്ചിരുന്നു. ഭയങ്കരമായി കരഞ്ഞുകൊണ്ടാണ് വിളിച്ചത്. ചേട്ടന്റെ പേരും കൂടി ഇതിലേക്ക് വലിച്ചിഴച്ചു എന്നൊക്കെ വിഷമം പറഞ്ഞു. സാരമില്ലെന്നും ഇതെല്ലാം ഇതിനകത്തുള്ളതാണെന്നും ഞാന്‍ പറഞ്ഞു. ഒരുത്തന്‍ ഫെയ്‌സ്ബുക്കിനകത്ത് എന്തെങ്കിലും ആരോപണമിട്ടെന്ന് വിചാരിച്ചിട്ടെന്താ, ചോദിക്കാനും പറയാനുമൊക്കെ ആളുണ്ടെന്ന് അറിഞ്ഞോട്ടെ. അതൊന്നും വിഷമിക്കേണ്ട, എല്ലാരും കൂടെയുണ്ട് എന്നും പറഞ്ഞു.
എന്നാല്‍ ആ പോസ്റ്റ് പിന്‍വലിക്കണമെന്ന് പറയാനായി അവള്‍ രാത്രിയില്‍ അവനെ വിളിച്ചതായാണ് തോന്നുന്നത്. രാത്രിയില്‍ എന്തുസംഭവിച്ചുവെന്ന് അറിയില്ല. അതിനിടെ, അവള്‍ എനിക്ക് മെസേജ് അയച്ചിരുന്നു. ചേട്ടാ അയാളെ വിളിച്ച് സംസാരിക്കുമോ എന്ന് ചോദിച്ചായിരുന്നു മെസേജ്. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതുകൊണ്ട് ആ മെസേജ് ഞാന്‍ കണ്ടില്ല. അവള്‍ പിന്നെ രാവിലെ എഴുന്നേറ്റ് ആറരയോടെയാണ് മുറിയില്‍നിന്ന് പുറത്തേക്ക് വന്നത്. എല്ലാരുമായി സംസാരിച്ചശേഷം ഒന്നുകൂടെ കിടക്കട്ടെയെന്ന് പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയി. പിന്നീട് എന്റെ ഭാര്യ നോക്കുമ്പോളാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്''- ആശിഷ് ദാസ് പറഞ്ഞു.
Also Read
ആതിര വളരെ ബോള്‍ഡായ വ്യക്തിയായിരുന്നുവെന്നും കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നുവെന്നും സഹോദരീഭര്‍ത്താവായ ആശിഷ് ദാസ് പ്രതികരിച്ചു.
''അവള്‍ ബോള്‍ഡായ വ്യക്തിയാണ്. കുടുംബത്തിലെ എല്ലാകാര്യവും ചെയ്യുന്നത് അവളായിരുന്നു. ഭയങ്കര ബോള്‍ഡായിരുന്നു. അവള്‍ കരയുന്നത് പോലും ആരും കണ്ടിട്ടില്ല. ആരെങ്കിലും വഴിയില്‍നിന്ന് കമന്റടിച്ചാല്‍ പോലും നല്ല മറുപടി കൊടുത്തിട്ട് വരുന്നവളാണ്. പുറത്തുപോയി പഠിക്കണമെന്നെല്ലാം ആഗ്രഹമുണ്ടായിരുന്നു. വീട് പുതുക്കി പണിയണം, അച്ഛനെയും അമ്മയെയും നോക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. അവള്‍ അനുഭവിച്ച ആ വേദന നമുക്ക് ഊഹിക്കാന്‍പറ്റും. തൊട്ടാവാടിയായിരുന്ന ഒരാളായിരുന്നെങ്കില്‍ നമ്മള്‍ കുറച്ചുകൂടെ ജാഗ്രത കാണിച്ചേനെ. എന്നിട്ടും രാത്രി പോയി നോക്കിയപ്പോള്‍ അങ്ങനെയൊന്നും ചെയ്യില്ല, നിങ്ങള്‍ പേടിക്കേണ്ട എന്നായിരുന്നു അവളുടെ മറുപടി. രാവിലെ കണ്ടപ്പോളും കുഴപ്പമില്ലെന്ന് വിചാരിച്ചു. സന്തോഷത്തോടെയാണ് കണ്ടത്. എല്ലാം ഒരുനിമിഷത്തെ തീരുമാനമാണല്ലോ''- ആശിഷ് പറഞ്ഞുനിര്‍ത്തി.
അതേസമയം, സംഭവത്തില്‍ പ്രതിയായ കോതനല്ലൂര്‍ സ്വദേശി അരുണ്‍ വിദ്യാധരനായി തിരച്ചില്‍ തുടരുകയാണെന്ന് കടുത്തുരുത്തി എസ്.എച്ച്.ഒ. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഞായറാഴ്ച രാത്രിയാണ് യുവതി പരാതി നല്‍കിയത്. അന്നുതന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ യുവതി ജീവനൊടുക്കി. പ്രതിയായ അരുണ്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ സംസ്ഥാനം വിട്ടെന്നാണ് സംശയം. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എസ്.എച്ച്.ഒ. പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: kottayam kaduthuruthy athira suicide case and cyber attack her brother inlaw ashish das ias response
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..