കടത്തിക്കൊണ്ടുപോയ ബസ്(ഇടത്ത്, ഫയൽചിത്രം) പിടിയിലായി നിധിൻ(വലത്ത്) Screengrab: Mathrubhumi News
കൊല്ലം: കൊട്ടാരക്കരയില്‍നിന്ന് കെ.എസ്.ആര്.ടി.സി. ബസ് കടത്തിക്കൊണ്ടുപോയി പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നിധിനെയാണ് (ടിപ്പര്‍ അനി) പോലീസ് പാലക്കാട്ട് നിന്ന് പിടികൂടിയത്. നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ പാലക്കാട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലിചെയ്തുവരികയായിരുന്നു. അര്‍ധരാത്രി വീട്ടില്‍ പോകാനായാണ് ബസ് കടത്തിക്കൊണ്ടുപോയതെന്നാണ് ഇയാളുടെ മൊഴി.
ഫെബ്രുവരി എട്ടിനാണ് കെ.എസ്.ആര്.ടി.സി. കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസ് മോഷണം പോയത്. ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബസ് അര്‍ധരാത്രി കടത്തിക്കൊണ്ടുപോവുകയായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെ മണിക്കൂറുകള്‍ക്കകം ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്നാണ് ബസ് കടത്തിക്കൊണ്ടുപോയ ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ഒരു യുവാവാണ് ബസ് കടത്തിക്കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ പ്രതിയെക്കുറിച്ച് പിന്നീട് യാതൊരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയായ നിധിന് സംഭവദിവസം രാത്രി കൊട്ടാരക്കരയിലുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇയാളുടെ തുടര്‍ന്നുള്ള മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ബസ് സഞ്ചരിച്ച അതേ പാതയിലുള്ള സ്ഥലങ്ങളാണെന്നും മനസിലായി. തുടര്‍ന്നാണ് പാലക്കാട്ട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലിചെയ്തിരുന്ന നിധിനെ പോലീസ് പിടികൂടിയത്. അര്‍ധരാത്രി വീട്ടില്‍ പോകാനായാണ് ബസ് കടത്തിക്കൊണ്ടുപോയതെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി.
Content Highlights: kottarakkara ksrtc bus hijacking accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..