നീലേശ്വരത്ത് പൂജപ്പുര വീട്ടിൽ മരണപ്പെട്ടവരുടെ മൃതദേഹം പൊതുദർശനത്തിനായി എത്തിച്ചപ്പോൾ
കൊട്ടാരക്കര:തിങ്കളാഴ്ച ഞെട്ടലിലായരുന്ന നീലേശ്വരം ഗ്രാമം ചൊവ്വാഴ്ച അലമുറയിട്ടുകരഞ്ഞു. പണിതീരാത്ത വീടിന്റെ സ്വപ്നങ്ങളും ബാധ്യതകളുമെല്ലാം വീട്ടുകാരോടൊപ്പം ഒരു ചിതയില്‍ എരിഞ്ഞൊടുങ്ങി. പൂജപ്പുര വീടിന്റെ മുറ്റത്തെ കണ്ണീര്‍ക്കാഴ്ചകളില്‍ വിങ്ങാത്ത ഒരു ഹൃദയവുമുണ്ടായില്ല. നാല് ആംബുലന്‍സുകളിലായാണ് മൂന്നോടെ മൃതദേഹങ്ങള്‍ എത്തിച്ചത്. അച്ഛന്, അമ്മ, മക്കള്‍ എന്നീ ക്രമത്തില്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ എത്തിയപ്പോഴേക്കും നിലവിളികള്‍ ഉച്ചത്തിലായി. വീടിനുമുന്നിലായി ഒരുക്കിയ താത്കാലിക പന്തലില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ നിരത്തിക്കിടത്തി.
രാജേന്ദ്രന്റെയും ഭാര്യ അനിതയുടെയും മക്കളായ ആദിത്തിന്റെയും അമൃതയുടെയും മൃതദേഹങ്ങള്‍ അടുത്തടുത്തായി വെച്ചിരുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ആദിത്തിന്റെയും അമൃതയുടെയും പേരുവിളിച്ചുള്ള അനിതയുടെ ബന്ധുക്കളുടെ നിലവിളികളായിരുന്നു ഏറെയും.
ഇരുവരുടെയും സഹപാഠികളും സുഹൃത്തുക്കളും സങ്കടം അടക്കാനാകാതെ വിങ്ങി. കുടുംബത്തിന് അന്ത്യാഞ്ജലിയേകാന്‍ മന്ത്രി കെ.എന്‍.ബാലഗോപാലെത്തി. അനിതയുടെ സഹോദരിയുടെ മക്കളാണ് എല്ലാവര്ക്കും അന്ത്യകര്‍മങ്ങള്‍ നടത്തിയത്. നീലേശ്വരം 631-ാം നമ്പര്‍ എസ്.എന്‍.ഡി.പി.യോഗം ശാഖയുടെ നേതൃത്വത്തിലായുന്നു സംസ്കാരച്ചടങ്ങുകള്‍. നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികളും മറ്റു ജനപ്രതിനിധികളും മേല്‍നോട്ടം വഹിച്ചു.
മരണത്തില്‍ ദുരൂഹതയില്ല
കൊട്ടാരക്കര : നീലേശ്വരത്ത് കുടുംബാംഗങ്ങള്‍ വെട്ടേറ്റും ഗൃഹനാഥന് തൂങ്ങിയും മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം വെട്ടുകത്തി ഉപയോഗിച്ചുള്ള വെട്ടുതന്നെയാണെന്നു കണ്ടെത്തി. ഇതിനായി വീട്ടില്‍നിന്നു ലഭിച്ച വെട്ടുകത്തിയും ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയശേഷം രാജേന്ദ്രന് തൂങ്ങിമരിച്ചെന്നുതന്നെയാണ് നിഗമനം. മറ്റു വശങ്ങളും അന്വേഷിക്കുന്നുണ്ട്. കുടുംബത്തിനുണ്ടായിരുന്ന ബാധ്യത സംബന്ധിച്ചും അന്വേഷിക്കുന്നതായി ഡിവൈ.എസ്.പി. ആര്.സുരേഷ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..