1) കൊലപാതകത്തിനുപയോഗിച്ച കത്തി കഴുകിയ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തുന്നു 2) രാജേന്ദ്രന്റെ ഓട്ടോറിക്ഷ 3) ആദിത്തിന്റെ സുഹൃത്ത് സിബിൻ. ഇൻസെറ്റിൽ വീട്ടിലെ വളർത്തുനായ
കൊട്ടാരക്കര: പണിതീരാത്തവീട്ടില് ഒറ്റരാത്രിയില്‍ നിലച്ചത് നാലു ജീവനുകള്‍. നാട്ടില്‍ ആരോടുമധികം അടുപ്പംപുലര്ത്താത്തവര് എന്നാണ് സമീപവാസികള്‍ക്ക് രാജേന്ദ്രന്റെ കുടുംബത്തെക്കുറിച്ചു പറയാനുള്ളത്. പഠിക്കാന്‍ മിടുക്കിയാണ് അമൃത എന്നതും ഒരുതരത്തിലുള്ള ദുഃസ്വഭാവങ്ങളുമില്ലാത്തവരാണ് ആദിത്തും രാജേന്ദ്രനുമെന്നും അവര്‍ക്കറിയാം. അതിനപ്പുറം ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ, പ്രതിസന്ധികളോ ഇവര്‍ക്കുള്ളതായി അയല്‍ക്കാര്‍ക്കും ബന്ധുക്കള്ക്കുമറിയില്ല.
എങ്കിലും തേച്ചിട്ടില്ലാത്ത അകംചുവരുകളും കതകുകളില്ലാത്ത ജനാലകളും കൈവരിപിടിപ്പിക്കാത്ത ചവിട്ടുപടികളും ടൈല്പാകാത്ത അകത്തളവും കുടുംബം നേരിട്ടിരുന്ന സാമ്പത്തികബാധ്യത വിളിച്ചുപറയുന്നുണ്ട്. ജനല്പ്പാളികളില്ലാത്തതിനാല് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചിരിക്കുകയാണ്. പ്രവാസിയായിരുന്ന രാജേന്ദ്രന് പത്തുവര്‍ഷംമുന്‍പാണ് നാട്ടിലെത്തിയത്. നീലേശ്വരത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങി. മകനോടുള്ള സ്നേഹക്കൂടുതലിലാണ് ഓട്ടോറിക്ഷയ്ക്ക് ആദിത്ത് എന്നപേരിട്ടത്. കുടുംബവീട് പൊളിച്ച് ചെറിയ ഒരു വീടുവെച്ചു. ഘട്ടംഘട്ടമായി വീട് നവീകരിക്കുന്നതിന്റെ ശ്രമത്തിലായിരുന്നു. ആരോടും അധികം മിണ്ടാട്ടമോ സൗഹൃദമോ രാജേന്ദ്രന് പുലര്‍ത്തിയിരുന്നില്ല. കുടുംബവും അങ്ങനെതന്നെ. തൊഴിലുറപ്പിനുപോകുന്ന അനിതയെക്കുറിച്ചു സഹപ്രവര്‍ത്തകര്‍ക്കും മറിച്ചൊരു അഭിപ്രായമില്ല. ആദിത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കുപോയി തുടങ്ങിയിട്ട് രണ്ടുവര്‍ഷം ആകുന്നതേയുള്ളൂ. മൂവര്‍ക്കും ലഭിക്കുന്ന ചെറിയ വരുമാനത്തില്‍ ജീവിതവും വീടുപണിയും ഒതുങ്ങില്ലെന്ന ബോധ്യത്തിലാകാം രാജേന്ദ്രന് കടുംകൈ കാട്ടിയതെന്ന് നാട്ടുകാര്‍ കരുതുന്നു. നിറവേറ്റാത്ത മോഹങ്ങള്‍പോലെ നാലു ജീവനകളുടെ നിലവിളിയായി പണിതീരാത്തവീട് ബാക്കിയായി. സ്നേഹക്കൂടുതലിന്റെ ബാക്കിപത്രമായി ആദിത്ത് എന്ന ഓട്ടോറിക്ഷയും.
കൂട്ടമരണം കണ്ട് സിബിന് ഞെട്ടി...
ആദിത്തിന്റെ അടുത്ത സുഹൃത്തായ സിബിനാണ് കൂട്ടക്കൊലപാതകത്തിന്റെ വിവരം ആദ്യം അറിയുന്നത്. ഞായറാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണംകഴിച്ചശേഷം സിബിനും ആദിത്തുംകൂടിയാണ് മടങ്ങിയത്. വീട്ടുകാര്‍ക്കായി വാങ്ങിയ ഷവര്‍മ നല്കിയ ആദിത്ത് കാറില്‍ സിബിനെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു.
സിബിന് രാവിലെ ആദിത്തിനെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയില്ല. ആദിത്ത് ജോലിചെയ്യുന്ന നീലേശ്വരത്തെ സ്ഥാപനത്തില്‍ തിരക്കിയപ്പോള്‍ എത്തിയില്ലെന്നറിഞ്ഞു. പനിയാണോ എന്ന സംശയമുണ്ടായി. തുടര്‍ന്നാണ് വീട്ടില്‍ പോകുംവഴി ആദിത്തിന്റെ വീടുവഴി പോകാന്‍ നിശ്ചയിച്ചത്. അവിടെയെത്തുമ്പോള്‍ കതക് ചാരിയനിലയിലായിരുന്നു. അകത്ത് വെട്ടമുണ്ടായിരുന്നില്ല. ഹാളില്‍ കടന്നപ്പോള്‍ ആരോ നിലത്തു കിടക്കുന്നതായി കണ്ടു. ആദിത്താണെന്ന് തിരിച്ചറിഞ്ഞില്ല. ആളിനെ മറികടന്ന് മുറിയില്‍ കയറിയപ്പോഴാണ് അച്ഛന് രാജേന്ദ്രന് തൂങ്ങിനില്‍ക്കുന്നതു കാണുന്നത്. അമ്മേയെന്നു വിളിച്ച് അവരുടെ മുറിയിലേക്കോടിയപ്പോഴാണ് അവരും ചലനമില്ലാതെ കിടക്കുന്നതുകണ്ടത്. വീണ്ടും ഹാളിലെത്തിയപ്പോള്‍ കിടക്കുന്നയാളുടെ കാലിലെ ചെരിപ്പുകണ്ടാണ് ആദിത്താണെന്നു തിരിച്ചറിയുന്നത്. എന്തു ചെയ്യണമെന്നറിയാതെ നടുങ്ങിനിന്നുപോയി. മനോനില വീണ്ടെടുത്ത ഉടന്‍ പോലീസില്‍ അറിയിച്ചു. പിന്നെ സമീപവാസികളെയും അറിയിക്കുകയായിരുന്നു. സംഭവം വിവരിക്കുമ്പോള്‍ സിബിന്റെ കണ്ണുകളില്‍ നടുക്കം പ്രകടമായിരുന്നു.
കാരണം ബാങ്കിലെ വായ്പ കുടിശ്ശികയോ
ബാങ്കിലെ വായ്പ കുടിശ്ശികയാണ് ഒരു കുടുംബത്തെ കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നു സൂചന. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് അധികമാര്‍ക്കും അറിയുമായിരുന്നില്ല. എന്നാല്‍ ആദിത്ത് ജോലിചെയ്യുന്ന സ്വകാര്യസ്ഥാപന ഉടമ സന്തോഷിനും സഹപ്രവര്‍ത്തകര്‍ക്കും ഇതറിയാമായിരുന്നു. കൊട്ടാരക്കരയിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ 5.48 ലക്ഷം രൂപയുടെ വായ്പാ ബാധ്യത രാജേന്ദ്രനുണ്ടായിരുന്നു. വീടു നിര്‍മാണത്തിനായി ആറുലക്ഷം രൂപ വായ്പയെടുത്തതാണ്. മറ്റു ചിലരില്‍നിന്നു പലിശയ്ക്കും പണം വാങ്ങിയിരുന്നു.
വായ്പ പുതുക്കിനല്‍കാമെന്ന ധാരണയില്‍ സ്വര്‍ണം പണയപ്പെടുത്തി കുറച്ചുതുക രാജേന്ദ്രന് അടുത്തകാലത്ത് അടച്ചിരുന്നു. എന്നാല്‍ കുടിശ്ശിക വരുത്തുന്നയാളായതിനാല് വായ്പ പുതുക്കിനല്‍കാമെന്ന വാക്കില്‍നിന്നു ബാങ്ക് അധികൃതര്‍ പിന്‍വാങ്ങി. ഇതിന്റെ നിരാശയിലായിരുന്നു രാജേന്ദ്രന്. എന്നാല്‍ ബാങ്കിലെ ബാധ്യത ഒഴിവാക്കാനും മറ്റൊരു ബാങ്കില്‍നിന്ന് 11 ലക്ഷം രൂപ വായ്പയെടുക്കാനുമുള്ള ശ്രമങ്ങള്‍ ആദിത്ത് തുടങ്ങിയിരുന്നു. ഇതിനായി ബാങ്കില്‍ അടയ്ക്കുന്നതിനുള്ള പണം സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നു നടത്തി. ഈ വിവരങ്ങളൊന്നും രാജേന്ദ്രന് അറിഞ്ഞിട്ടുണ്ടാകില്ലെന്ന് സന്തോഷ് പറയുന്നു. വീടുനിര്‍മാണം പൂര്‍ത്തിയാകാത്തതിലുള്ള നിരാശയും കടബാധ്യതകളെക്കുറിച്ചുള്ള ഭീതിയുമാകാം രാജേന്ദ്രന്റെ മനസ്സിനെ കലുഷിതമാക്കിയതെന്ന് ഇവര്‍ കരുതുന്നു.
അക്കൗണ്ടന്റാകാന്‍ കൊതിച്ച അമൃത....
കോളേജില്‍ നടത്തിയ സര്‍വേയില്‍ ആരാകണമെന്ന ചോദ്യത്തിന് അമൃതയുടെ ഉത്തരം ഒരു അക്കൗണ്ടന്റ് ആകണമെന്നായിരുന്നു. വിനോദം എന്ന കോളത്തില്‍ അവള് എഴുതിയത് വായനയും എഴുത്തും പാട്ടും. സ്വന്തമായി ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടില്ലാത്ത അമൃതയ്ക്ക് വലിയ മോഹങ്ങളുമില്ലായിരുന്നു. എങ്കിലും പഠിക്കാന്‍ മിടുക്കിയായിരുന്നു.
പത്താംക്ലാസില്‍ 94.4 ശതമാനം, ഹയര്‍ സെക്കന്‍ഡറിക്ക് 92.25 ശതമാനം, ബി.കോമിന് 76 ശതമാനം എന്നിങ്ങനെ മാര്‍ക്കാണ് നേടിയത്. അമൃത രാജിന്റെ പഠനനിലവാരമറിയാന്‍ ഇതിനപ്പുറം വിവരങ്ങള്‍ ആവശ്യമില്ല. അക്കൗണ്ടന്റാവുകയെന്ന മോഹസാക്ഷാത്കാരത്തിനായാണ് കംപ്യൂട്ടര്‍ പഠനത്തിനു പോയിത്തുടങ്ങിയത്. എം.കോം. പ്രവേശനത്തിന് അപേക്ഷയും അയച്ചിരുന്നു. ഒരു സഹകരണ ബാങ്കിലെങ്കിലും ജോലി നേടണമെന്ന് എപ്പോഴും അമൃത പറഞ്ഞിരുന്നത് സഹപാഠികള്‍ ഓര്‍ക്കുന്നു. സ്നേഹമുള്ള അച്ഛനുമമ്മയും സഹോദരനുമാണ് അമൃതയുടേതെന്നും കൂട്ടുകാര്‍ ഓര്‍ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ വീട്ടിലുണ്ടായിരുന്നതായും അമൃത പറഞ്ഞിട്ടില്ല. ഒരുബഹളത്തിലും പങ്കാളിയാകാതെ പഠനത്തില്‍മാത്രം ശ്രദ്ധിച്ചിരുന്ന അമൃതയെക്കുറിച്ച് നല്ലതുമാത്രമാണ് എല്ലാവര്ക്കും പറയാനുള്ളത്.
അവശേഷിക്കുന്ന ഏക ജീവന്
ഒരുവീട്ടിലെ എല്ലാവരും മരിച്ചപ്പോള്‍ അവശേഷിച്ചത് സ്നേഹിച്ചു വളര്‍ത്തിയ നായമാത്രം. അമൃത രാജിന്റെ ഇഷ്ടത്തിനാണ് നായയെ വാങ്ങിയത്. എപ്പോഴും നായയെക്കുറിച്ച് കൂട്ടുകാരോട് അവള് സംസാരിച്ചിരുന്നു. നായയുടെ ചിത്രങ്ങളും അവള് അയച്ചുനല്‍കിയിരുന്നു. അപ്രതീക്ഷിതമായി വീട്ടില്‍ ആളുകള്‍ നിറഞ്ഞതിന്റെ കാരണമറിയാതെ രാവിലെ നായ കുരച്ചുകൊണ്ടേയിരുന്നു. വന്നവരിലാരോ കനിഞ്ഞ് പാത്രത്തിലൊഴിച്ചുനല്കിയ വെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോഴും ഇനി വീട്ടില്‍ അവശേഷിക്കുന്ന ഏക ജീവന് താന്‍ മാത്രമാണെന്ന് അവന് അറിഞ്ഞിരുന്നോ ആവോ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..