അഭിലാഷ്
കൊട്ടാരക്കര : ചേത്തടയിൽ അമ്പതിനായിരം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. തൃശ്ശൂർ ഏഴാംകല്ല് വല്യപുരയ്ക്കൽ വീട്ടിൽ അഭിലാഷ് (41) ആണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. മുൻ പ്രസ് ജീവനക്കാരനും കംപ്യൂട്ടർ പ്രിന്റിങ്, കട്ടിങ് എന്നിവയിൽ വൈദഗ്ധ്യവുമുള്ള അഭിലാഷാണ് വ്യാജനോട്ടുകൾ അച്ചടിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
തിരുവനന്തപുരം വെള്ളായണി പാലപ്പൂര് വാടകവീട്ടിൽവെച്ച് 27 ലക്ഷം രൂപയുടെ കള്ളനോട്ട് അച്ചടിച്ചതായും പോലീസ് കണ്ടെത്തി. നാലാഴ്ച മുൻപാണ് കാറിൽ കള്ളനോട്ടുമായെത്തിയ മൂന്നു പേരെ റൂറൽ ജില്ലാ ഡാൻസഫ് ടീം പുനലൂർ മുതൽ ചേത്തടി വരെ പിന്തുടർന്നു പിടികൂടിയത്. കാറിലുണ്ടായിരുന്ന വയയ്ക്കൽ കാർത്തിക ഭവനിൽ മോഹനൻ പിള്ള (74), കുളത്തുങ്കൽ മേച്ചിറ മേലേകോണം സാജൻ നിവാസിൽ ഹേമന്ദ് (34), നെയ്യാറ്റിൻകര തൊഴിക്കൽ പള്ളിവിളാകം വീട്ടിൽ ജോൺ കിങ്സ്റ്റൺ (31) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ പ്രധാന പ്രതികളിലൊരാളായ മുൻ പ്രസുടമ നെയ്യാറ്റിൻകര മാരായമുട്ടം വടകര ഉട്ടിച്ചൽ കോളനി വിപിൻ നിവാസിൽ സൈമണി(60)നെ പിന്നീട് പിടികൂടി. ഇനിയും പ്രതികളുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ആർ.അശോക് കുമാറിനാണ് അന്വേഷണച്ചുമതല. ഉദ്യോഗസ്ഥരായ സുരേഷ് ബാബു, ടി.രാജു, മെർസ, മനോജ്കുമാർ, ബിനു, അനസ് മുഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് അഭിലാഷിനെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..