വടകര: 'ബികോം ബിരുദധാാരിയാണെന്ന് പൊന്നാമറ്റം അന്നമ്മ തോമസിനോട് പറഞ്ഞ ആദ്യ കള്ളമായിരുന്നു താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഒരു പക്ഷെ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഈ കേസുകളൊന്നും ഉണ്ടാവുമായിരുന്നില്ല', ചോദ്യം ചെയ്യലിനിടെ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
ജോളിയുടെ ഈ കുറ്റസമ്മതത്തില്‍ സത്യമുണ്ടെന്ന് സമ്മതിക്കുകയാണ് പോലീസും. കാരണം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജോളി പറഞ്ഞ കള്ളങ്ങളില്‍നിന്നായിരുന്നു പിന്നീടുണ്ടായ ക്രൂരമായ കൊലപാതക പരമ്പരകളുടെ തുടക്കം. ബിരുദധാരിയാണെന്ന നുണ മറച്ചുവെക്കുന്നതിനായി അന്നമ്മയെ കൊലപ്പെടുത്തിയത് ആറ് കൊലപാതകങ്ങളുടെ തുടക്കം മാത്രമായിരുന്നു.
റോയി തോമസ് എന്ന അതി സമ്പന്നനായ യുവാവിനെ തന്റെ ജീവിതത്തില്‍ ഉറപ്പിച്ച് നിര്‍ത്താന്‍ താന്‍ മിനിമം ഒരു ബിരുദധാരിയെങ്കിലും ആവണമെന്ന ചിന്ത, അന്നമ്മ തോമസിനെ പോലെ തന്റേടിയായ വീട്ടമ്മയാവാനുള്ള ജോളിയുടെ ആഗ്രഹം. പക്ഷെ ജോളിക്ക് കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ബിരുദധാരിയായ മരുമകള്‍ വെറുതെ വീട്ടിലിരിക്കേണ്ട എന്ന അന്നമ്മ തോമസിന്റെ തീരുമാനമായിരുന്നു ജോളിക്ക് ലഭിച്ച ആദ്യ തിരിച്ചടി.
അന്നമ്മയുടെ നിര്‍ബന്ധം കൂടിവന്നപ്പോള്‍ എം.കോം പഠനത്തിന്റെ പേരില്‍ പാലായിലേക്ക്. പക്ഷെ പഠനത്തിന് പകരം പല ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിലായിരുന്നു ജോളിയുടെ ശ്രദ്ധ. ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴും ജോലിക്ക് പോവണമെന്ന നിര്‍ബന്ധത്തില്‍ നിന്ന് അന്നമ്മ പിന്നോട്ടുപോയില്ല. ഒടുവില്‍ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി നടത്തിയിരുന്ന അന്നമ്മയുടെ ഭര്‍ത്താവും മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ടോം തോമസിന്റെ സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തല്‍ വരുത്തി തനിക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടെന്ന് അന്നമ്മയെ ബോധ്യപ്പെടുത്തി. ഇത് പിടിക്കപ്പെടാതിരുന്നതിനാല്‍ ഉറപ്പായതോടെ നെറ്റ് സര്‍ട്ടിഫിക്കറ്റും ജോളി ഇങ്ങനെ വ്യാജമായി നിര്‍മിച്ചു.
പക്ഷെ ജോലിക്ക് പോവാതിരുന്നാല്‍ താന്‍ പിടിക്കപ്പെട്ടുമെന്നും അന്നമ്മയുടെ മുന്നില്‍ ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും മനസ്സിലായതോടെ അവരെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. പാലായില്‍ ആയിരുന്നപ്പോള്‍ പട്ടിയെ കൊല്ലാന്‍ അവിടെയുള്ള വീട്ടുകാരന്‍ ഉപയോഗിച്ച ഡോഗ് കില്‍ എന്ന വിഷം അന്നമ്മയില്‍ പരീക്ഷിക്കാനും തീരുമാനിച്ചു. ഇതിനു മുന്നോടിയായി പരീക്ഷണം എന്ന നിലയില്‍ അന്നമ്മ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് അന്നമ്മയില്‍ പ്രയോഗിക്കുകയും ചെയ്തു. ഇത് വിജയംകാണുമെന്ന് തോന്നിയതോടെയാണ് ആദ്യം പ്രയോഗിച്ചതിന്‍റെ ഇരട്ടി വിഷം അന്നമ്മയില്‍ വീണ്ടും പരീക്ഷിച്ചത്. അത് ഫലം കാണുകയും ചെയ്തു.
കോഴിക്കോട് സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ എത്തി ജോളി സ്വന്തം പേരില്‍ തന്നെ മരുന്ന് വാങ്ങുകയായിരുന്നു. ഇതിന്റെ തെളിവുകളെല്ലാം പോലീസിന് ലഭിച്ചിട്ടുണ്ട്. ആട്ടിന്‍ സൂപ്പ് കുടിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് അതില്‍ തന്നെ വിഷം കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നത്. ജോളിയുടെ ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകളുടെ യഥാര്‍ഥ ഉടമയെ തിരിച്ചറിഞ്ഞതും കേസില്‍ നിര്‍ണായക തെളിവായി മാറി.
Content Highlight: koodathai murder case: Jolly makes fake degree certificate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..