അന്നമ്മ മരിച്ചാല്‍ 'മണിപവര്‍', ദഹിക്കാത്ത കടലയും ചോറും; ജോളിയുടെ കള്ളം പൊളിഞ്ഞു, കേരളം ഞെട്ടി


കെ.പി നിജീഷ് കുമാര്‍

കേരളം ഞെട്ടിയ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞിട്ട് രണ്ട് വര്‍ഷം.

ജോളിയെ കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ(ഫയൽഫോട്ടോ).മാതൃഭൂമി

കോഴിക്കോട്: എല്ലാ ദിവസവും നല്ല രീതിയില്‍ തന്നെ പൊറോട്ടയും ബീഫും കഴിക്കുന്നത് മാത്രമായിരുന്നു പൊന്നാമറ്റത്തെ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ ഏക ദുശ്ശീലമെന്ന് ഇന്നുമോര്‍ക്കുന്നു സുഹൃത്തുക്കള്‍. സ്ഥിരം മദ്യപാനിയാണെന്നും ബോധമില്ലാതെ അഴിഞ്ഞാടുന്നവനാണെന്നുമൊക്കെയുള്ള ജോളിയുടെ മൊഴി പോലീസ് പറയുന്നത് കേട്ട് അവര്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി ഒരു ബാധ്യതയുമില്ലാത്ത, കൂട്ടുകാരില്‍ നിന്ന് പണം കടം വാങ്ങിയാല്‍ പോലും ഒറ്റ ദിവസത്തിനുള്ളില്‍ തിരിച്ച് കൊടുക്കുന്ന റോയ് തോമസ് ആത്മഹത്യ ചെയ്യില്ലെന്ന് ഏറ്റവും അടുത്ത് നില്‍ക്കുന്നവര്‍ക്ക് അറിയാമായിരുന്നു. ആ ഒറ്റ വിശ്വാസം, ഒപ്പം തുടര്‍ന്നുള്ള കൊലപാതകത്തിലെ ജോളിയുടെ സാന്നിധ്യം. അവിടെ ജോളിയുടെ കള്ളത്തരങ്ങള്‍ ഓരോന്നായി പൊളിയാന്‍ തുടങ്ങുകയായിരുന്നു. കേരളം ഞെട്ടിയ കൂടത്തായി കൂട്ട കൊലപാതക കേസ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും വിചാരണ പോലും തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും റോയ് തോമസിന്റെ മരണമാണ് ജോളിയുടെ ഉള്ളിലെ കൊലപാതകിയെ പുറത്ത് ചാടിച്ചതെന്ന് പറയുന്നു റോയിയുടെ ഉറ്റ സുഹൃത്തും തൊട്ടടുത്ത വീട്ടുകാരനുമായ ബാവ.

പക്ഷെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട സംശയവും തുടര്‍ന്നുള്ള അന്വേഷണവും തന്നിലേക്ക് എത്തുന്നതില്‍ നിന്നും ബന്ധുക്കളേയും മറ്റുള്ളവരേയും വളരെ വിദഗ്ധമായി മാറ്റി നിര്‍ത്താന്‍ ജോളിക്കായി എന്നത് സത്യമാണ്. അത് നഷ്ടപ്പെടുത്തിയത് കൊലപാതക പരമ്പരയിലെ 2011 ന് ശേഷമുള്ള മൂന്ന് ജീവനുകളാണ്. പക്ഷെ അതേ റോയിയുടെ മരണം തന്നെ കള്ളത്തരങ്ങളെ പിന്നീട് പുറത്തെടുത്തിടുകയും ചെയ്തു.

റോയി മരിക്കുന്ന ദിവസം ചോറും കടലയും എടുത്ത് വെച്ചിരുന്നുവെന്നും റോയി വരുന്ന സമയത്ത് താന്‍ ഓംലെറ്റ് ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ജോളി ആദ്യം പോലീസിന് മൊഴി കൊടുത്തത്. റോയ് വീടിന്റെ മുകളിലേക്ക് കയറുകയും പിന്നെ ബാത്ത്‌റൂമില്‍ കയറി വാതിലടച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് ജോളി ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചിരുന്നത്. ഭക്ഷണം കഴിച്ചില്ലെന്നും വരുത്തി തീര്‍ത്തു. ആദ്യം ഹൃദയാഘാതമെന്ന് പറഞ്ഞെങ്കിലും പിന്നീട് ആത്മഹത്യയിലേക്ക് വഴിമാറ്റി. പക്ഷെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ദഹിക്കാത്ത കടലയുടേയും ചോറിന്റേയും സാന്നിധ്യം ആദ്യ കള്ളം പൊളിക്കുന്നതിന് വഴിവെക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് താനല്ലാതെ മറ്റാരും കാണാതിരിക്കാന്‍ ജോളി പടിച്ച പണി പതിനെട്ടും പയറ്റി. പക്ഷെ സംഭവ ബഹുലമായ 14 വര്‍ഷത്തെ കൊലപാതക പരമ്പര പുറത്ത് വരിക തന്നെ ചെയ്തു.

Somon

മൂന്ന് മാസത്തെ അന്വേഷണം

മൂന്ന് മാസത്തോളമാണ് നേരിട്ടും അല്ലാതേയും പോലീസ് കേസിന് പുറകെ കൂടിയത്. ആദ്യ ഘട്ടത്തില്‍ 35 സംഘങ്ങള്‍. ട്രെയിനി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ വരെ കേസിന്റെ പുറകെയെത്തി. എന്നെങ്കിലും തന്നിലേക്ക് അന്വേഷണം എത്തിയാല്‍ പിടിക്കപ്പെടാതിരിക്കാനുള്ള വഴി സമാന്തരമായി ജോളിയും നടത്തിക്കൊണ്ടിരുന്നു. പക്ഷെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പോലീസ് കേസ് അങ്ങനെ കൊലപാതക പരമ്പരയിലേക്ക് വഴിവെച്ചതും പള്ളിയിലെ കല്ലറകള്‍ വരെ തുറന്നതും കേരളം ഒരു സിനിമാക്കഥ പോലെ നോക്കി നിന്നു.

2019 ഒക്ടോബര്‍ നാലിനായിരുന്നു കല്ലറ തുറന്നുള്ള പരിശോധന. ഒക്ടോബര്‍ അഞ്ചിന് ജോളിയുടേയും മറ്റ് മൂന്ന് പേരുടേയും അറസ്റ്റും രേഖപ്പെടുത്തി. പത്താംക്ലാസ് മാത്രം യോഗ്യതയുള്ള വീട്ടമ്മ എന്‍.ഐ.ടി പ്രഫസറായി 12 വര്‍ഷത്തോളം അഭിനയിച്ചതും സയനൈഡ് ഉപയോഗിച്ച് കൊച്ചു കുഞ്ഞിനെ വരെ കൊലപ്പെടുത്തിയതും കൊല നടത്താനുള്ള നീണ്ട പ്ലാനിങ്ങുകളുടെ കഥയും കേരളം ഒരു റിയലിസ്റ്റിക്ക് സിനിമ പോലെ കണ്ടു.

Police

14 വര്‍ഷം ആറ് കൊലപാതകങ്ങള്‍

ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മയില്‍ തുടങ്ങിയതാണ് ജോളിയുടെ കൊലപാതകങ്ങള്‍. 2002 സെപ്റ്റംബര്‍ 22-നായിരുന്നു അന്നമ്മയുടെ മരണം. പൊന്നാമറ്റം വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഇവര്‍ മരിച്ചാല്‍ 'മണിപവര്‍' തനിക്ക് കിട്ടുമെന്നു കരുതി. ആട്ടിന്‍സൂപ്പ് കഴിച്ചശേഷമാണ് അന്നമ്മ കുഴഞ്ഞുവീണത്. ഇതിനുമുമ്പും ഒരിക്കല്‍ ഇതേപോലെ ആട്ടിന്‍സൂപ്പ് കഴിച്ച് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എല്ലാ പരിശോധനയും നടത്തിയെങ്കിലും മനസ്സിലായില്ല. പിന്നീടാണ് അന്നമ്മ മരിക്കുന്നത്. ഭാര്യ മരിച്ചത് ആശുപത്രിയധികൃതര്‍ക്കു രോഗം കണ്ടുപിടിക്കാന്‍ കഴിയാത്തതുമൂലമാണെന്ന് ആരോപിച്ച് ടോം തോമസ് ആശുപത്രിക്കെതിരേ പരാതിയും നല്‍കിയിരുന്നു.

ടോം തോമസിന്റെ മരണം

2008 സെപ്റ്റംബര്‍ 26ന് ആണ് ജോളിയുടെ ഭര്‍ത്തൃപിതാവ് ടോം തോമസ് മരിക്കുന്നത്. ഇദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു ജോളിക്ക്. എന്നാല്‍, ഇദ്ദേഹം വസ്തുവിറ്റ് ഒരു തുക റോയിയുടെ വിഹിതമായി നല്‍കി. ഇനി ഒരു സ്വത്തും നല്‍കില്ലെന്നു പറഞ്ഞു. ഇതോടെ ഇദ്ദേഹവുമായുള്ള ബന്ധം വഷളായി. ഇതാണ് ഇദ്ദേഹത്തിന്റെ കൊലയിലേക്ക്‌ നയിച്ചത്. ഭക്ഷണത്തില്‍ പലപ്പോഴായി സയനൈഡ് നല്‍കിയായിരുന്നു കൊല.

റോയി തോമസ്

2011 ഒക്ടോബര്‍ 30 ന് ആണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് മരിക്കുന്നത്. ടോം തോമസിന്റെ മരണത്തെ തുടര്‍ന്ന് ജോളിയും റോയി തോമസുമായുള്ള ബന്ധം വഷളായി. ഇതു രൂക്ഷമായതാണു കൊലയ്ക്കു പ്രേരകമായത്. ഭര്‍ത്താവിനുവേണ്ടി ഭക്ഷണം പാകംചെയ്യുമ്പോഴാണ് അദ്ദേഹത്തിനു ഹൃദയാഘാതം വന്നതെന്നാണു ജോളി പറഞ്ഞത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദഹിക്കാത്ത ചോറും കടലയും വയറ്റിലുണ്ടെന്നു കണ്ടെത്തിയിരുന്നു. ഈ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയ സയനൈഡാണ് മരണത്തിനിടയാക്കിയതെന്നാണു കണ്ടെത്തല്‍.

മഞ്ചാടിയില്‍ മാത്യു

ഭര്‍തൃമാതാവിന്റെ സഹോദരനായ മഞ്ചാടിയില്‍ മാത്യു കൊല്ലപ്പെട്ടത് 2014 ഏപ്രില്‍ 24 ന് ആയിരുന്നു. റോയി തോമസിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നു ശക്തമായി വാദിച്ചത് മാത്യുവായിരുന്നു. ഇതാണ് ഇദ്ദേഹത്തോടുള്ള ദേഷ്യത്തിനു കാരണം.

അല്‍ഫൈന്‍

ഭര്‍തൃപിതാവിന്റെ സഹോദരന്റെ മകനും തന്റെ രണ്ടാമത്തെ ഭര്‍ത്താവുമായ ഷാജിയുടെ മകളായ അല്‍ഫൈന്‍ 2014 മേയ് മൂന്നിനാണ് കൊല്ലപ്പെടുന്നത്. ഷാജുവിനെ സ്വന്തമാക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. ഷാജുവിനൊത്തുള്ള ജീവിതത്തിന് ആല്‍ഫൈന്‍ തടസ്സമാവുമെന്ന് ജോളി കരുതി. അല്‍ഫൈന്റെ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയെന്നാണ് എല്ലാവരോടും പറഞ്ഞത്. എന്നാല്‍, എല്ലാവരും മരണസമയത്തു കാണിച്ച ലക്ഷണങ്ങള്‍ സയനൈഡ് കഴിച്ചതിനു സമാനമാണെന്നു ഡോക്ടര്‍മാരും മറ്റും സ്ഥിരീകരിച്ചു.

സിലി

ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയായ സിലി 2016 ജനുവരി 11 ന് ആണ് കൊല്ലപ്പെട്ടത്. ഇതും ഷാജുവിനെ ഭര്‍ത്താവായി കിട്ടാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനായി കുടിവെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി.

അറസ്റ്റിലേക്കുള്ള വഴി

തന്റെ കൊലപാതക പരമ്പരയ്ക്ക് ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തു. പിന്നീട് കുടുംബത്തിന്റെ സ്വത്ത് വ്യാജ രേഖകളുണ്ടാക്കി ജോളിയുടെ പേരിലേക്കു മാറ്റി. ഇതാണു പരാതിക്കിടയാക്കിയത്. ഇതിനെതിരേ റോയിയുടെ സഹോദരന്‍ അമേരിക്കയിലുള്ള റോജോ തോമസ് കോഴിക്കോട് റൂറല്‍ എസ്.പി.ക്കു പരാതി നല്‍കി.

ആറുപേരുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ പരാതിയാണ് കേസ് വീണ്ടും തുറക്കുന്നതിലേക്ക് നയിച്ചത്. എല്ലാവരുടെയും മരണത്തില്‍ സമാനത കാണുകയും മരണസമയത്ത് ജോളിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെ കോടതിയുടെ അനുമതിയോടെ റൂറല്‍ എസ്.പി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

മൂന്ന് മാസമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പലതവണ ജോളിയില്‍നിന്നും മറ്റു ബന്ധുക്കളില്‍നിന്നും മൊഴിയെടുത്തിരുന്നു. പലതവണ ജോളിയുടെ മൊഴികളില്‍ വൈരുധ്യം കണ്ടു. ഇതാണ് സംശയമുന ജോളിയിലേക്കു നീണ്ടത്. ജോളിയെ കുടുക്കി കല്ലറ തുറന്ന് മൃതദേഹത്തില്‍നിന്ന് തെളിവുകള്‍ ശേഖരിച്ചു. അപ്പോഴേക്കും ജോളിക്ക് ഇനി കള്ളം പറഞ്ഞ് പിടിച്ച് നില്‍ക്കാന്‍ കഴിയാതായി. ഇത് പോലീസ് കൃത്യമായി നിരീക്ഷിച്ചു. തുടര്‍ന്ന് ജോളിയെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യംചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

Jolly

ആളൂരിന്റെ വരവ്‌;ജോളിയുടെ ആത്മഹത്യാ ശ്രമം

കൂടത്തായി കൂട്ട കൊലക്കേസിലെ മുഖ്യ പ്രതി ജോളിക്കായി അഡ്വ.ആളൂര്‍ ഹാജരാവാനെത്തിയതും അതിനിടെ ജോളി ജില്ലാ ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതും കേരളം കണ്ടു. ജയിലില്‍ വെച്ച് കൈയിലെ ഞെരമ്പ് മുറിച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ ജോളിയെ ജയില്‍ അധികൃതര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രാരംഭവാദം പോലും ആരംഭിക്കാതെ രണ്ടുവര്‍ഷം

അന്വേഷം പൂര്‍ത്തിയാക്കി ആറ് കുറ്റപത്രവും സമര്‍പ്പിച്ചെങ്കിലും ഇതവുവരെ പ്രാരംഭ വാദം പോലും തുടങ്ങിയിട്ടില്ല. കോവിഡ് രൂക്ഷമായതായിരുന്നു പ്രധാന കാരണം. ജോളിയും എം.എസ്്. മാത്യുവും ജയിലില്‍ തന്നെയാണ്. മൂന്നാംപ്രതി പ്രജികുമാറിന് ജാമ്യം ലഭിക്കുകയും ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented