വിസ്മയയും കിരൺകുമാറും | File Photo
കൊല്ലത്തെ വിസ്മയ കേസില്‍ ഏറെ നിര്‍ണായകമായത് സൈബര്‍ തെളിവുകളും സാക്ഷിമൊഴികളും. ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അടക്കം ഫോണുകളാണ് കേസന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഈ പരിശോധനയില്‍ ഫോണില്‍നിന്ന് പല സംഭാഷണങ്ങളും കണ്ടെത്തി. സ്ത്രീധനം സംബന്ധിച്ച് കിരണ്‍ ഭാര്യയുമായി നടത്തിയ സംഭാഷണങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഇതെല്ലാം പ്രോസിക്യൂഷന്‍ തെളിവുകളായി കോടതിക്ക് മുന്നിലെത്തി. കേസില്‍ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ തുടങ്ങിയ കുറ്റങ്ങളാണ് കിരണിനെതിരേ ചുമത്തിയിരുന്നത്.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെയാണ് വിസ്തരിച്ചത്. 118 രേഖകളില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു. വിസ്താരത്തിനിടെ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, കിരണിന്റെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ കൂറുമാറിയിരുന്നു.
കിരണിന്റെ ക്രൂരത വിവരിച്ച് സാക്ഷികള്‍...
പ്രോസിക്യൂഷന്‍ സാക്ഷികളായി കോടതിയില്‍ വിസ്തരിച്ചവര്‍ കിരണിനെതിരേ ശക്തമായ മൊഴികളാണ് നല്‍കിയത്. ഒന്നാംസാക്ഷിയായ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍, അമ്മ സജിത, സഹോദരഭാര്യ രേവതി തുടങ്ങിയവരാണ് കോടതിയില്‍ പ്രതിക്കെതിരേ മൊഴികള്‍ നല്‍കിയത്.
101 പവനും കാറും നല്‍കാമെന്ന് സമ്മതിച്ചു, വിസ്മയയെ നിരന്തരം പീഡിപ്പിച്ചു...
സ്ത്രീധനമായി നല്‍കിയ കാര്‍ ഇഷ്ടപ്പെടാത്തതിന്റെയും സ്വര്‍ണം കുറഞ്ഞുപോയതിന്റെയും പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ നിരന്തരം പീഡിപ്പിച്ചിരുന്നെന്നായിരുന്നു വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കോടതിയില്‍ നല്‍കിയമൊഴി. വിവാഹം ഉറപ്പിക്കുന്ന സമയത്ത് 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും കാറും നല്‍കാമെന്നു സമ്മതിച്ചു. കോവിഡ് സാഹചര്യം കാരണം 80 പവന്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളൂ.വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് വാങ്ങിയ കാര്‍ ഇഷ്ടപ്പെട്ടില്ല. മകളോട് പറഞ്ഞതോടെ വിവാഹദിവസം വേറെ കാര്‍ വാങ്ങിനല്‍കാമെന്നു പറഞ്ഞു. ലോക്കറില്‍ വെക്കാന്‍ സ്വര്‍ണം തൂക്കിനോക്കുമ്പോഴാണ് കുറവുണ്ടെന്ന് കിരണിനു മനസ്സിലായത്. കാറിന് ബാങ്ക് വായ്പ ഉള്ളതായും കണ്ടു. ഇതിന്റെപേരില്‍ വിസ്മയയെ ഉപദ്രവിച്ചു.
പിന്നീട് യാത്രയ്ക്കിടെ ചിറ്റുമലയില്‍വെച്ച് വിസ്മയയെ മര്‍ദിച്ചു. കിരണിന്റെ സഹോദരിയുടെ മകന്റെ ജന്മദിനാഘോഷത്തിനു പോയിവന്നശേഷം സ്ത്രീധനത്തിന്റെ കാര്യംപറഞ്ഞ് മകളെ കാറില്‍ പിടിച്ചുകയറ്റി വീട്ടില്‍ കൊണ്ടുവന്ന് ഉപദ്രവിച്ചു. ഇതിനിടയില്‍ മകന്‍ വിജിത്തിനും മര്‍ദനത്തില്‍ പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം തിരികെവന്നപ്പോള്‍ കിരണിന്റെ അച്ഛനും ബന്ധുവും രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലുണ്ടായിരുന്നു. കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് പറഞ്ഞതിനാലാണ് കേസില്‍നിന്ന് പിന്മാറിയത്.ജനുവരി 11-ന് മകന്‍ വിജിത്തിന്റെ വിവാഹം ക്ഷണിക്കാന്‍ ചെന്നപ്പോള്‍ വിസ്മയ വീണ്ടും പ്രശ്‌നത്തിലാണെന്നു മനസ്സിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. മകന്റെ വിവാഹത്തിനു കിരണോ ബന്ധുക്കളോ വന്നില്ല.
വിവാഹശേഷം മരുമകളോട് എല്ലാവിവരങ്ങളും മകള്‍ പറഞ്ഞു. വിവാഹബന്ധം ഒഴിയുന്നതിനായി സമുദായസംഘടനയുമായി ബന്ധപ്പെട്ടിരുന്നു. മാര്‍ച്ച് 25-ന് ചര്‍ച്ചനടത്താനിരിക്കെ 17-ന് എത്തിയ കിരണ്‍ മകളെ കൂട്ടിക്കൊണ്ടുപോയി.കേസ് ഒഴിവാക്കാനായിരുന്നു ഇത്. അതിനുശേഷം തന്റെയും മകന്റെയും ഫോണ്‍ നമ്പറും ഫെയ്സ്ബുക്കും എല്ലാം കിരണ്‍ ബ്ലോക്ക് ചെയ്‌തെന്നും അദ്ദേഹം മൊഴിനല്‍കി.
ജൂണ്‍ 21-ന് കിരണിന്റെ അച്ഛന്‍, വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചുപറഞ്ഞു. ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ മരണവിവരം അറിഞ്ഞെന്നും ത്രിവിക്രമന്‍ നായര്‍ മൊഴിനല്‍കിയിരുന്നു. കിരണ്‍, ത്രിവിക്രമന്‍ നായരുമായി നടത്തിയ സംഭാഷണം കിരണിന്റെ ഫോണില്‍നിന്ന് ലഭിച്ചത് സാക്ഷി കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു.
സ്ത്രീധനം നല്‍കിയാല്‍ പ്രശ്നങ്ങളെല്ലാം തീരുമെന്ന് പറഞ്ഞു....
കൊടുക്കാമെന്നുപറഞ്ഞ സ്ത്രീധനം നല്‍കിയാല്‍ പ്രശ്നങ്ങളെല്ലാം തീരുമെന്ന് കിരണിന്റെ അച്ഛന്‍ പറഞ്ഞതായി വിസ്മയയുടെ അമ്മ സജിത വി.നായരും കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കുഴപ്പമില്ലായിരുന്നു. സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ ചെന്നപ്പോള്‍ പറഞ്ഞ അളവിലില്ല എന്നുപറഞ്ഞാണ് ഉപദ്രവം തുടങ്ങിയത്. വിസ്മയയുടെ ചേട്ടന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് പീഡനങ്ങളുടെ പൂര്‍ണരൂപം മകള്‍ പറഞ്ഞത്. തുടര്‍ന്ന് സമുദായസംഘടനയെ വിവരമറിയിച്ചു.മാര്‍ച്ച് 25-ന് ചര്‍ച്ചചെയ്യാനിരിക്കെ 17-ന് വിസ്മയയെ കിരണ്‍ വന്നു കൂട്ടിക്കൊണ്ടുപോയി. സ്ത്രീധനം കൊടുത്താല്‍ പ്രശ്‌നങ്ങള്‍ തീരുമെന്ന പ്രതീക്ഷയിലാണ് അവളോട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പറഞ്ഞതെന്നും അമ്മ മൊഴിനല്‍കി.
സ്വന്തം ഫോണില്‍ റെക്കോഡായ സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷിയായ സജിത കോടതിയില്‍ തിരിച്ചറിഞ്ഞു. സ്ത്രീധനത്തിന്റെപേരില്‍ തന്നെ പീഡിപ്പിക്കുന്നതായി വിസ്മയ കരഞ്ഞുപറയുന്ന സംഭാഷണവുമുണ്ടായിരുന്നു. സ്ത്രീധനത്തിന്റെ കാര്യങ്ങള്‍ ഫോണില്‍ സംസാരിക്കില്ല, അത് റെക്കോഡാകും എന്നതിനാല്‍ വാട്‌സാപ്പിലൂടെയേ സംസാരിക്കൂ എന്ന് കിരണ്‍ സഹോദരി കീര്‍ത്തിയോട് പറയുന്നതും കേള്‍പ്പിച്ചു. സ്ത്രീധനത്തിന്റെ ആരോപണം വന്നാല്‍ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന കഥ അടിച്ചിറക്കാം എന്ന് സഹോദരീഭര്‍ത്താവ് മുകേഷിനോട് കിരണ്‍ പറയുന്ന സംഭാഷണവും കേട്ട സാക്ഷി എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വിസ്മയ കിരണിനോടൊപ്പം തിരികെപ്പോകുമെന്ന വിവരം വിസ്മയയുടെ അച്ഛനോട് പറഞ്ഞോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് ഇല്ല, അതാണ് തനിക്കുപറ്റിയ തെറ്റ് എന്നും അമ്മ കോടതിയില്‍ പറഞ്ഞിരുന്നു.
കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണും....
സ്ത്രീധനത്തിന്റെപേരില്‍ ഭര്‍ത്തൃവീട്ടില്‍ വിസ്മയ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ ഭാര്യ ഡോ. രേവതിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കിരണ്‍ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാല്‍കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നെന്ന് വിസ്മയ പറഞ്ഞതായി അവര്‍ മൊഴിനല്‍കി. വിജിത്തിന്റെ വിവാഹാലോചന വന്നതുമുതല്‍ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു വിസ്മയ. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോള്‍ വിസ്മയ മ്ലാനവതിയായി. സ്ത്രീധനത്തിന്റെ കാര്യംപറഞ്ഞ് ശാരീരികമായി ഉപദ്രവിക്കുന്നതും മാനസികമായി കുത്തിനോവിക്കുന്നതും നേരില്‍ പറയുകയും വാട്സാപ്പില്‍ സന്ദേശമായി അയയ്ക്കുകയും ചെയ്തിരുന്നു.
കാര്‍ ഇഷ്ടപ്പെട്ടില്ലെന്നുപറഞ്ഞ് ഓണസമയത്ത് വഴിയില്‍വെച്ച് വഴക്കുണ്ടായപ്പോള്‍ വിസ്മയ റോഡില്‍ ഇറങ്ങിനിന്നു. വിസ്മയ 'ഞാനൊരു വേസ്റ്റാണോ ചേച്ചി' എന്നു ചോദിച്ചതായും മൊഴിനല്‍കി. വിജിത്തിന്റെ വിവാഹത്തിന് കിരണ്‍ പങ്കെടുത്തില്ല. പിന്നീട് വിസ്മയ അനുഭവിച്ച എല്ലാ വിഷമങ്ങളും തുറന്നുപറഞ്ഞു. ഗള്‍ഫുകാരന്റെ മകളും മര്‍ച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചതെന്ന് കിരണ്‍ പറയുമായിരുന്നു. പക്ഷേ, കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരണ്‍ പറഞ്ഞിരുന്നു.മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ നീ ചത്താല്‍ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരണ്‍ പറഞ്ഞു.
ആയുര്‍വേദ കോഴ്സിനു പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാല്‍ വിവരം താന്‍ ഭര്‍ത്താവ് വിജിത്തിനെയും മാതാപിതാക്കളെയും അറിയിച്ചു. കരയോഗത്തില്‍ പരാതിനല്‍കിയതിനെ തുടര്‍ന്ന് ചര്‍ച്ചചെയ്യാനിരിക്കെ മാര്‍ച്ച് 17-ന് വിസ്മയയെ കിരണ്‍ കോളേജില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. അതിനുശേഷം വിസ്മയ തന്നോടുള്ള ബന്ധം കുറച്ചു. കിരണാണ് ഫോണില്‍ ബ്ലോക്ക് ചെയ്തത്. തന്റെ ഫോണും വിസ്മയയുടെ മെസേജുകളും രേവതി കോടതിയില്‍ തിരിച്ചറിഞ്ഞു. അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് വിസ്മയയുടെ മരണദിവസംതന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ വിസ്താരത്തില്‍ അവര്‍ പറഞ്ഞിരുന്നു.
മറ്റുസാക്ഷികളുടെ മൊഴികള്‍ ഇങ്ങനെ...
വഴക്കുണ്ടായതിനെ തുടര്‍ന്നാണ് വിസ്മയ മരിച്ചതെന്ന് കിരണ്‍ പറഞ്ഞതായാണ് വിസ്മയയുടെ മരണം സ്ഥിരീകരിച്ച ഡോക്ടര്‍ മൊഴി നല്‍കിയത്.വിസ്മയയെ മരിച്ചനിലയില്‍ ശാസ്താംകോട്ട പദ്മാവതി ആശുപത്രിയില്‍ 2021 ജനുവരി മൂന്നിനു നാലോടെ എത്തിച്ചതായി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. അമല്‍ യശോധരന്‍ പറഞ്ഞു. മരണം സ്ഥിരീകരിച്ചശേഷം പുറത്തുവന്ന് കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവെന്നു പരിചയപ്പെടുത്തിയ ആള്‍ തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും തുടര്‍ന്ന് വിസ്മയ കുളിമുറിയില്‍ക്കയറി കതടകച്ചെന്നും പറഞ്ഞു. കുറേനേരം കഴിഞ്ഞ് ശബ്ദം കേള്‍ക്കാത്തതിനാല്‍ തള്ളിത്തുറന്ന് അകത്തുകയറി എന്നു പറഞ്ഞതായും മൊഴി നല്‍കി.
കിരണിന്റെ സഹപ്രവര്‍ത്തനായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ അജേഷ്, കിരണിനെ ചടയമംഗലം പോലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ചിരിക്കുന്നതായി അറിഞ്ഞ് അവിടെ ചെന്നുവെന്ന് മൊഴി നല്‍കി. ജോലിയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ താന്‍കൂടി വിസ്മയയുടെ വീട്ടില്‍ച്ചെന്നു സംസാരിച്ചു. കാറുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് പ്രശ്‌നപരിഹാരമുണ്ടായെന്നും സാക്ഷി ബോധിപ്പിച്ചു.
വിസ്മയയുടെയും കിരണിന്റെയും വിവാഹം രജിസ്റ്റര്‍ ചെയ്ത നിലമേല്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പ്രഭാകരന്‍ പിള്ള, നിലമേല്‍ ഫെഡറല്‍ ബാങ്ക് ശാഖാ മാനേജര്‍ രാജേഷ്, വിസ്മയയുടെ സഹോദരനെ പ്രതി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സ നല്‍കിയ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഡോ. ഫാത്തിമ, എന്‍.എസ്. ആശുപത്രി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഇന്‍ക്വസ്റ്റ് നടത്തിയ കുന്നത്തൂര്‍ തഹസില്‍ദാര്‍ നിസാം എന്നിവരെയും കേസില്‍ സാക്ഷികളായി വിസ്തരിച്ചു.
കിരണിന്റെ വല്യച്ഛന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ആരോഗ്യവകുപ്പ് ജീവനക്കാരി ബിന്ദുകുമാരി എന്നിവര്‍ പോലീസില്‍ കൊടുത്ത മൊഴി കോടതിയില്‍ മാറ്റിപ്പറഞ്ഞിരുന്നു. ഇതോടെ ആ സാക്ഷികളെ കൂറുമാറിയതായി പ്രഖ്യാപിച്ചു. കൂറുമാറിയെങ്കിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ വിസ്താരത്തില്‍ ബിന്ദുകുമാരി മരണമറിഞ്ഞ് ആശുപത്രിയില്‍ച്ചെന്ന് കിരണിനെ കണ്ടപ്പോള്‍ 'ഇപ്പോള്‍ നിനക്ക് സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടെ' എന്നു ചോദിച്ചെന്നും അപ്പോള്‍ കിരണ്‍ കൈമലര്‍ത്തിക്കാണിച്ചെന്നും മൊഴി നല്‍കിയിരുന്നു.
വിസ്മയ കിടന്ന കട്ടിലിലെ തലയിണയുടെ അടിയില്‍നിന്നു കിട്ടിയ കടലാസ് താന്‍ പോലീസില്‍ ഏല്‍പ്പിച്ച കാര്യം ആരോടും പറയാതിരുന്നത് കിരണിനോടൊപ്പം തന്നെയും ഭാര്യയെും മകളെയും മരുമകനെയും പ്രതിചേര്‍ക്കുമെന്ന് ഭയന്നാണെന്ന് കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള എതിര്‍വിസ്താരത്തില്‍ പറഞ്ഞിരുന്നു. സ്വര്‍ണം കുറഞ്ഞതിനെച്ചൊല്ലി കിരണ്‍ വിസ്മയയുമായി വഴക്കുണ്ടായെന്നും സദാശിവന്‍ പിള്ള പറഞ്ഞു.
സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നായിരുന്നു കിരണിന്റെ സഹോദരി കീര്‍ത്തി നല്‍കിയ മൊഴി. ഇതേതുടര്‍ന്ന് കീര്‍ത്തിയെയും കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു.
Content Highlights: kollam vismaya v nair death case verdict witness statements in court against kiran kumar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..