കിരണിനെ കിഴക്കേ കല്ലടയിൽ കൊണ്ടുവന്ന് തെളിവെടുക്കുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാർ സമീപം. ഇൻസെറ്റിൽ മരിച്ച വിസ്മയ.
ശാസ്താംകോട്ട: നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി. നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി ഭർത്താവ് കിരണ്‍ കുമാറിനെ തിങ്കളാഴ്ച ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ വാങ്ങി. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇയാളെ പന്ത്രണ്ടരയോടെയാണ് ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (താത്‌കാലികം) ഹാജരാക്കിയത്. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽവിട്ട് മജിസ്ട്രേറ്റ് എസ്. ഹാഷിം ഉത്തരവായി. 30-ന് വൈകീട്ട് തിരികെ ഹാജരാക്കണം.
ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ ഓഫീസിൽ കൊണ്ടുവന്ന് ചോദ്യംചെയ്തു. വൈകീട്ട് കിഴക്കേ കല്ലട രണ്ടു റോഡിനു സമീപത്തെ ഹോംഗാർഡിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനിടെ വിസ്മയയുടെ വീട്ടിൽപ്പോയി മടങ്ങുമ്പോൾ ഇരുവരും വഴക്കിട്ടു. ഈ ഭാഗത്തുവെച്ച് കാർ നിർത്തി പുറത്തിറങ്ങിയും വഴക്കായി. കിരൺ മർദിക്കാനും ശ്രമിച്ചു. ഈസമയം വിസ്മയ ഓടിക്കയറിയത് ഈ വീട്ടിലേക്കാണ്. വീട്ടുടമ ഇടപെട്ട് അനുനയിപ്പിച്ചാണ് ഇരുവരെയും തിരിച്ചയച്ചത്. അതിനാലാണ് ഇവിടെയെത്തി തെളിവെടുത്തത്.
ചൊവ്വാഴ്ച കിരണിന്റെ വീടായ പോരുവഴി ശാസ്താംനട ചന്ദ്രവിലാസത്തിൽ എത്തിച്ച് തെളിവെടുപ്പുനടത്തും. കിരണിന്റെ സാന്നിധ്യത്തിൽ സഹോദരിയെയും സഹോദരീഭർത്താവിനെയും അടുത്ത ബന്ധുക്കളെയും ചോദ്യംചെയ്യും.
വിസ്മയയെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്.
Content Highlights:kollam vismaya death police evidence taking with kirankumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..