File Photo
ശാസ്താംകോട്ട: നിലമേൽ കൈതോട് സ്വദേശിനി വിസ്മയ ഭർത്തൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെതിരേയുള്ള കുറ്റപത്രം എത്രയും വേഗം നൽകാൻ പോലീസ് തയ്യാറെടുക്കുന്നു.
ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ വിസ്മയയുടെ സഹപാഠികൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് മൊഴികൾ ശേഖരിച്ചു. കൂടാതെ കിരണിന്റെ ഏറ്റവുമടുത്ത സുഹൃത്തായ ശാസ്താംകോട്ട സ്വദേശിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. ഫോൺ വിവരങ്ങളും പരിശോധിച്ചു. ഇവരുടെയെല്ലാം മൊഴികൾ കേസന്വേഷണത്തിലും കുറ്റപത്രത്തിലും നിർണായകമാണ്.
പരമാവധി തെളിവുകൾ ശേഖരിച്ച സ്ഥിതിക്ക് കിരണിനെ പോലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. തൊണ്ണൂറു ദിവസത്തിനു മുൻപുതന്നെ കുറ്റപത്രം സമർപ്പിച്ച് ഇയാളുടെ ജാമ്യം തടയുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ഇതിനായി ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചു കഴിഞ്ഞു.
നിലവിൽ സ്ത്രീധനപീഡന മരണവുമായി ബന്ധപ്പെട്ട 304 ബി. വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതനുസരിച്ചുള്ള കുറ്റപത്രമാകും ആദ്യം സമർപ്പിക്കുക. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് അനുബന്ധ കുറ്റപത്രവും സമർപ്പിക്കും. അന്വേഷണത്തിൽ കാലതാമസമുണ്ടാകാതിരിക്കാൻ, സ്ഥലംമാറ്റം ലഭിച്ച ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിനെ തിരികെ നിയമിക്കുകയും ചെയ്തു.
ശാസ്താംകോട്ട കോടതി കഴിഞ്ഞ ദിവസം കിരണിന്റെ ജാമ്യം നിഷേധിച്ചു. തുടർന്ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പരിഗണിക്കുമെന്നറിയുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി തെറ്റു തിരുത്തി നൽകുന്നതിന് വെള്ളിയാഴ്ച തിരികെ നൽകി. 26-ന് ഹർജി വീണ്ടും പരിഗണിക്കും.
കോവിഡ് പോസിറ്റീവ് ആയതിനാൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ഒരാഴ്ചയായി നെയ്യാറ്റിൻകര സബ് ജയിലിലാണ്. കഴിഞ്ഞ 21-നാണ് പോരുവഴിയിൽ കിരണിന്റെ വീട്ടിൽ ശൗചാലയത്തിലെ ജനാലയിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Content Highlights: kollam vismaya case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..