പ്രതി അനിൽകുമാർ ലോറൻസ്, കൊല്ലപ്പെട്ട സുകുമോൻ, സുരേന്ദ്രൻ
കൊട്ടാരക്കര: പേരയം ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി കുമ്പളം പുളിമുക്ക് പ്ലാവിള പടിഞ്ഞാറ്റതില്‍ അനില്‍കുമാര്‍ ലോറന്‍സി(അനി-49)ന് ജീവപര്യന്തം തടവും രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു.
പേരയം വരമ്പിനുമുകള്‍ഭാഗത്ത് ലാല്‍ നിവാസില്‍ സുരേന്ദ്രന്‍ (65), ബന്ധു ഇടവഴിവിള (കുമ്പഴ) വീട്ടില്‍ സുകുമോന്‍ (47) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കൊട്ടാരക്കര എസ്.സി.-എസ്.ടി. അതിക്രമംതടയല്‍ പ്രത്യേകകോടതി ജഡ്ജി ഹരി ആര്‍.ചന്ദ്രനാണ് ശിക്ഷവിധിച്ചത്.
2016 നവംബര്‍ 22-ന് പേരയം വരമ്പില്‍ഭാഗത്ത് അടഞ്ഞുകിടന്നിരുന്ന കൊരുപ്പുകട്ട കമ്പനിയിലായിരുന്നു കൊലപാതകം. കമ്പനി മേല്‍നോട്ടക്കാരന്‍ കൂടിയായിരുന്ന അനില്‍കുമാര്‍ ഇരുവരെയും കൊരുപ്പുകട്ടകൊണ്ട് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. മദ്യപിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അന്നുതന്നെ പിടികൂടിയിരുന്നു. മരിച്ചവര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍, അന്നത്തെ കൊട്ടാരക്കര ഡിവൈ.എസ്.പി. ബി.കൃഷ്ണകുമാറിനായിരുന്നു അന്വേഷണച്ചുമതല.
പിഴത്തുകയില്‍ ഒരുലക്ഷംവീതം മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നല്‍കണം.
അല്ലാത്തപക്ഷം പ്രതി ആറുമാസംകൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.എസ്.സന്തോഷ് കുമാര്‍ ഹാജരായി.
നിര്‍ണായകമായത് ഡി.എന്‍.എ. പരിശോധന
ദിവസക്കൂലിക്കാരായ സുരേന്ദ്രനെയും സുകുമോനെയും താന്‍ കൊലപ്പെടുത്തിയെന്ന് അനില്‍കുമാര്‍ കമ്പനിക്കു സമീപമുണ്ടായിരുന്ന സ്ത്രീയോടാണ് ആദ്യം പറഞ്ഞത്. മദ്യപിക്കാനായി കരുതിയിരുന്ന കരിക്ക് മോഷ്ടിച്ചു എന്നാരോപിച്ച് അനില്‍കുമാര്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. കൊരുപ്പുകട്ടകൊണ്ടിടിച്ച് ഇരുവരുടെയും തലതകര്‍ത്തു.
കൊലപാതകത്തിനു ദൃക്സാക്ഷികളില്ലാത്തതിനാല്‍ പോലീസിനും പ്രോസിക്യൂഷനും വെല്ലുവിളിയായിരുന്നു കേസ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളുമാണ് ഡിവൈ.എസ്.പി. കൃഷ്ണകുമാറിനും സംഘത്തിനും ബലമായത്.
പ്രതിയുടെ വസ്ത്രത്തില്‍നിന്നു കണ്ടെത്തിയ രക്തം കൊല്ലപ്പെട്ടവരുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ കണ്ടെത്തി. മൂന്നുവര്‍ഷത്തിനുശേഷം മൃതദേഹങ്ങള്‍ പുറത്തെടുത്ത് അസ്ഥികളിലാണ് ഡി.എന്‍.എ. പരിശോധന നടത്തിയത്. നാല്പതിലധികം സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..