രേഷ്മ. File Photo
ചാത്തന്നൂർ : കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ച സംഭവത്തിൽ പ്രതിയിലേക്കെത്താനെടുത്ത കാലതാമസം ദുരൂഹതകൾ വർധിപ്പിച്ചു. പ്രതിയുടെ ബന്ധുക്കളായ രണ്ടു യുവതികളുടെ മരണംകൂടിയായതോടെ അന്വേഷണം കൂടുതൽ പ്രതിസന്ധിയിലായി. രേഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കുരുക്കുകൾ അഴിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പ്രതിക്ക് കോവിഡ് പോസിറ്റീവായതിനാൽ ചോദ്യംചെയ്യാൻ വൈകുകയും ചെയ്യും. തന്റെ കാമുകനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും താൻ ഗർഭിണിയാണെന്ന വിവരം ഭർത്താവിന് അറിയില്ലായിരുന്നെന്നുമാണ് മൊഴി. രണ്ടു ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽനിന്നാണ് കാമുകനുമായി ചാറ്റ് ചെയ്തതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. ഈ രണ്ട് അക്കൗണ്ടുകളും പരിശോധിച്ച് ഇതിനുപിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.
രേഷ്മ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഉടമയായ ആര്യയെ ഇക്കാര്യം ചോദിച്ചറിയാനാണ് വിളിപ്പിച്ചിരുന്നത്. എന്നാൽ ചോദ്യംചെയ്യലിനെത്താതെ ബന്ധുവായ ഗ്രീഷ്മയെയുംകൂട്ടി ആര്യ ആത്മഹത്യചെയ്തതോടെ ദുരൂഹതയേറി. ഈ സിം കാർഡ് ഉപയോഗിച്ചുള്ള രണ്ട് ഫെയ്സ്ബുക്ക് അക്കൗണ്ടുകളായിരുന്നു രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതേക്കുറിച്ച് അറിവുള്ളവരായിരുന്നു ആത്മഹത്യചെയ്ത ആര്യയും ഗ്രീഷ്മയുമെന്നാണ് വിവരം.
കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസംമുതൽത്തന്നെ പ്രതി രേഷ്മ പോലീസിനെ വലയ്ക്കുകയായിരുന്നു. ഇവിടെനിന്നു കണ്ടെടുത്ത സോപ്പുകവറിലെ രക്തക്കറ തന്റെ ആർത്തവരക്തമാണെന്ന് പോലീസിനോടു പറഞ്ഞതോടെ പ്രസവസംബന്ധമായ പരിശോധനയിൽനിന്ന് തന്നെ ഒഴിവാക്കുമെന്നും രേഷ്മ വിശ്വസിച്ചു. അത് ആദ്യഘട്ടത്തിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരടക്കം എത്തിയിരുന്നു. എന്നാൽ കുഞ്ഞിനെ കാണപ്പെട്ട പുരയിടത്തോടു ചേർന്ന കുടുംബത്തിലെ സ്ത്രീകളെന്നനിലയിൽ രേഷ്മയെ അടക്കം ആദ്യദിവസങ്ങളിൽത്തന്നെ വൈദ്യപരിശോധന നടത്താതിരുന്നത് പ്രതികളെ കണ്ടെത്തുന്നതിൽ കാലതാമസം വരുത്തി. കുഞ്ഞിനെ കാണപ്പെട്ടയിടത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെയടക്കം എത്തിച്ച് പരിശോധന നടത്തിയിട്ടും ഇത്തരമൊരു പരിശോധനയുടെ സാധ്യത പോലീസ് ആരാഞ്ഞില്ല. രേഷ്മയെയും രേഷ്മയുടെ അമ്മയെയും ആദ്യംമുതൽത്തന്നെ പോലീസിനു സംശയമുണ്ടിയിരുന്നതായാണ് പറയുന്നത്. എന്നാൽ രണ്ടാഴ്ചയ്ക്കുശേഷമാണ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇത് തെളിവുകൾ കണ്ടെത്തുന്നതിൽ പരാജയപ്പെടാൻ കാരണമായി.
കോടതിയുടെ അനുമതിയോടെ എട്ടോളംപേരുടെ ഡി.എൻ.എ. എടുത്ത് നവജാതശിശുവിന്റെ സാമ്പിളുമായി പരിശോധിച്ചാണ് രേഷ്മയുടെയും ഭർത്താവ് വിഷ്ണുവിന്റെയും കുട്ടിയുടേതും ഒന്നാണെന്നു കണ്ടെത്തിയത്. ഒടുവിൽ മാസങ്ങൾക്കുശേഷമാണ് പ്രധാന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഫെയ്സ്ബുക്ക് കാമുകനെ കണ്ടെത്തിയില്ല
രേഷ്മയുടെ ഫെയ്സ്ബുക്ക് കാമുകനെ കണ്ടെത്തിയതായി പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ചാത്തന്നൂർ എ.സി.പി. വൈ.നിസ്സാമുദ്ദീൻ മാതൃഭൂമിയോട് പറഞ്ഞു. ചിലരുടെ ഫെയ്സ്ബുക്ക് ഐ.ഡി.കൾ പരോശധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ആര്യ മരിച്ചതോടെ നവജാതശിശുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിലെ സുപ്രധാന സാക്ഷികളിൽ ഒരാളാണ് നഷ്ടപ്പെട്ടതെന്ന് എ.സി.പി.പറഞ്ഞു
Content Highlights:kollam kalluvathukkal new born baby death and reshma case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..