സൂരജും കുടുംബവും. വിവാഹദിവസത്തെ ഫോട്ടോ
അടൂര്‍: എടുത്തു പറയത്തക്ക പ്രശ്നങ്ങളില്ലാത്ത യുവാവ്. ഇതില്‍ കൂടുതല്‍ സൂരജിനെപ്പറ്റി സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും പറയാനുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് ഇതൊക്കെ മാറി. സൂരജിനെ ഇപ്പോള്‍ ഇവര്‍ കാണുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു ക്രൂരകൃത്യം ചെയ്ത ആളായിട്ടാണ്.
പുറത്താരോടും വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല പറക്കോട് വടക്ക് കാരയ്ക്കല്‍ ശ്രീസൂര്യയില്‍ സൂരജ്. അടൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലി. രണ്ടു വര്‍ഷം മുമ്പാണ് ഉത്രയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോള്‍ വീട്ടില്‍ ഒരു പാമ്പിനെ കണ്ടിരുന്നതായും ഇതിനെ പിടിക്കാന്‍ പാമ്പു പിടുത്തക്കാരെ വിളിച്ചു വരുത്തിയതായും സൂരജ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷേ, അന്ന് പാമ്പിനെ കിട്ടിയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ഇത് വീട്ടുകാരും ശരിവയ്ക്കുന്നു. അന്ന് വിളിച്ചുവരുത്തിയ പാമ്പുപിടിത്തക്കാരനാണ് ഇപ്പോള്‍ സൂരജിന്റെകൂടെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുള്ള സുരേഷെന്നും നാട്ടുകാര്‍ പറയുന്നു.
ആദ്യം പാമ്പ് കടിച്ചതില്‍ സംശയം തോന്നിപ്പിക്കാതിരിക്കാന്‍ സൂരജിനായി
ആദ്യം ഉത്രയെ പാമ്പ് കടിച്ചപ്പോള്‍ മൂന്ന് ആശുപത്രികളില്‍ കാണിച്ചിട്ടും ഒരു സംശയവും തോന്നിപ്പിക്കാതിരിക്കാന്‍ സൂരജിനായി. പക്ഷേ, രണ്ടാം തവണ ഈ ശ്രമം പാടെ പാളി. മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ 1.30-നാണ് ആദ്യമായി ഉത്ര കാലിന് വേദനയെടുക്കുന്നതായി പറഞ്ഞതെന്നും വേദന വര്‍ധിച്ചതോടെ സൂരജും പിതാവും സൂരജിന്റെ സുഹൃത്തിനെക്കൂട്ടി അടൂര്‍ ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നുമാണ് സൂരജിന്റെ വീട്ടുകാരുടെ വാദം.
പരിശോധനയില്‍ ഏതോ ഇഴജന്തു കടിച്ചതാണെന്ന് മനസ്സിലായ ആശുപത്രി അധികൃതര്‍ മറ്റെവിടെയെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെയും പാമ്പ് കടിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ബി.പി. കുറവായതോടെ ഉത്രയെ തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നാണ് അണലി വര്‍ഗത്തില്‍പെട്ട പാമ്പാണ് കടിച്ചതെന്നു മനസ്സിലായത്.
പോയ ആശുപത്രികളില്‍ എല്ലാം 8.30-ന് ഉത്ര കുട്ടിയുടെ മൂത്രം വീണ തുണി കഴുകാന്‍ പുറത്തിറങ്ങിയപ്പോള്‍ ആകാം ഇഴജന്തു കടിച്ചതെന്നായിരുന്നു സൂരജും വീട്ടുകാരും പറഞ്ഞിരുന്നത്. എപ്രില്‍ 22 വരെ ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നു. തുടര്‍ന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് വിശ്രമത്തിനായി കൊണ്ടുപോയി. രണ്ടാമത് മേയ് ആറിനാണ് ഉത്രയ്ക്ക് പാമ്പുകടിയേറ്റതും മരണപ്പെടുന്നതും.
Content Highlights: kollam anchal uthra snake bite murder case; adoor natives response about husband sooraj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..