അറസ്റ്റിലായ രാകേഷ്, രാജീവ്
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ തെളിവെടുപ്പ് തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെടുത്തി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രധാന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പ്രത്യേക അന്വേഷണസംഘം ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും കേരള, തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളായ കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട്, പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി.
അറസ്റ്റിലായ പ്രധാനപ്രതികളും സഹോദരന്മാരുമായ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏറാശ്ശേരി രാകേഷ്, രാജീവ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിവിധ സ്ഥലങ്ങളിലെത്തി തെളിവെടുത്തത്. നോട്ട് അച്ചടിക്കുന്നതിന് കടലാസ് വാങ്ങിയ ഹൈദരാബാദിലെ കടയില്‍നിന്നും ബെംഗളൂരുവില്‍ പ്രതികള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍നിന്നും പോലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കള്ളനോട്ടുകള്‍ കൈമാറുകയും വിതരണം നടത്തുകയും ചെയ്തിട്ടുള്ള കേരളം, തമിഴ്നാട് അതിര്‍ത്തികളിലും പോലീസ് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച പ്രതികളെ കോടതിയില്‍ തിരിച്ചേല്‍പ്പിക്കും.
ജൂലായ് ഏഴിന് പുലര്‍ച്ചെ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച മേത്തല കോന്നംപറമ്പില്‍ ജിത്തുവിന്റെ കൈയില്‍നിന്ന് 1,78,500 രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടിയ സംഭവത്തിലാണ് മറ്റു കള്ളനോട്ടുകേസുകളില്‍ പ്രതികളായ സഹോദരന്മാര്‍ അറസ്റ്റിലായത്.
ഇവരില്‍നിന്ന് നോട്ടുകള്‍ വാങ്ങിയ സംഭവത്തില്‍ മറ്റു മൂന്നുപേര്‍കൂടി അറസ്റ്റിലായിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..