അറസ്റ്റിലായ ഷമീർ, മനാഫ്, ഷനീർ
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റിലായി.
മേത്തല ടി.കെ.എസ്. പുരം കുന്നത്തുവീട്ടില്‍ ഷമീര്‍ (35), അരാകുളം വെസ്റ്റ് എടവനക്കാട്ട് വീട്ടില്‍ മനാഫ് (33), എടവിലങ്ങ് കാതിയാളം കറുപ്പംവീട്ടില്‍ ഷനീര്‍ (35) എന്നിവരെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് ജി. പൂങ്കുഴലി, കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച വിവിധ സ്ഥലങ്ങളില്‍നിന്നായി അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു.
കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ മേത്തല കോന്നംപറമ്പില്‍ ജിത്തുവിന്റെ കൈയില്‍നിന്നാണ് 1,78,500 രൂപയുടെ വ്യാജകറന്‍സികള്‍ പിടികൂടിയത്. അറസ്റ്റിലായ ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഏറാശ്ശേരി രാകേഷ്, രാജീവ് എന്നിവരെ ബെംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.
വാഹനകച്ചവടക്കാരായ ഷമീര്‍, മനാഫ്, ഷനീര്‍ എന്നിവര്‍ക്കുവേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് ജിത്തു പോലീസിനോട് സമ്മതിച്ചു. ഒരുലക്ഷം രൂപയുടെ വ്യാജകറന്‍സി വാങ്ങാനായി 30,000 രൂപയുടെ അസല്‍ കറന്‍സി ഇവര്‍ ജിത്തുവിനെ ഏല്‍പ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. വ്യാജനോട്ടുകള്‍ കച്ചവടത്തിലൂടെ വിനിയോഗിക്കാനാണ് പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എസ്.ഐ.മാരായ സന്തോഷ്, പി.സി. സുനില്‍, എ.എസ്.ഐ.മാരായ സി.ആര്‍. പ്രദീപ്, സുനില്‍, കെ.എം. മുഹമ്മദ് അഷറഫ്, സീനിയര്‍ സി.പി.ഒ.മാരായ ഗോപന്‍, ബിനില്‍, രണ്‍ദീപ്, ഷിന്റോ മുറാദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..