സനു മോഹൻ, വൈഗ
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് സനുമോഹനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കര്‍ണാടകയ്ക്ക് പുറമേ ഗോവയിലേക്കും പോലീസിന്റെ തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കൊല്ലൂര്‍ മൂകാംബികയില്‍നിന്ന് സനുമോഹന്‍ ഇവിടങ്ങളിലേക്ക് മുങ്ങിയിട്ടുണ്ടാകാം എന്ന സംശയത്തെ തുടര്‍ന്നാണ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചത്.
സനുമോഹന്‍ മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ ഉപയോഗിക്കുന്നില്ലെന്നാണ് പോലീസ് നല്‍കുന്നവിവരം. കാര്‍ വിറ്റുകിട്ടിയ പണം കൊണ്ടാകാം ചിലവുകള്‍ നടത്തുന്നത്. പൊതുഗതാഗത സംവിധാനം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നതെന്നും പോലീസ് പറയുന്നു. ഉടന്‍തന്നെ സനുമോഹന്‍ പിടിയിലാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സനുമോഹന്‍ കൊല്ലൂര്‍ മൂകാംബികയിലെ ലോഡ്ജില്‍ താമസിച്ചിരുന്നതായ വിവരം സ്ഥിരീകരിച്ചതോടെ പോലീസ് ഇവിടെ വ്യാപകമായ പരിശോധന നടത്തിയിരുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവളങ്ങളും കേന്ദ്രീകരിച്ച് വിശദമായ തിരച്ചില്‍ നടത്തി. ഇതിനുപിന്നാലെയാണ് മറ്റുസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
അതിനിടെ, മരിച്ച വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയതായി പരിശോധനഫലം പുറത്തുവന്നു. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്സ് ലബോറട്ടറിയില്‍ നടത്തിയ രാസപരിശോധനാ ഫലത്തിലാണിത് വ്യക്തമാക്കുന്നത്.
ഉള്ളില്‍ വിഷാംശമൊന്നും കണ്ടെത്തിയില്ല. ശാരീരിക പീഡനങ്ങളൊന്നും നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മരണകാരണം തിരിച്ചറിയാനുള്ള ആന്തരാവയവ പരിശോധനകള്‍ നടത്തുന്ന ടോക്‌സിക്കോളജി വിഭാഗത്തില്‍ നടത്തിയ രക്തപരിശോധനയിലാണ് ആല്‍ക്കഹോള്‍ സാന്നിധ്യം കണ്ടെത്തിയത്.
ലാബിലെ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നതോടെ മദ്യമോ, ആല്‍ക്കഹോള്‍ കലര്‍ന്ന മറ്റ് എന്തെങ്കിലുമോ നല്‍കി വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍പ്പുഴയില്‍ തള്ളിയതാണോ എന്ന് സംശയം ഉയരുന്നുണ്ട്. വൈഗയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍നിന്ന് മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് ആന്തരാവയവങ്ങളായ ആമാശയം, കരള്‍, വൃക്ക, വന്‍കുടല്‍ തുടങ്ങിയവ രാസ പരിശോധനയ്ക്ക് അന്വേഷണ സംഘം ലാബിലെത്തിച്ചത്. പരിശോധനാ ഫലങ്ങള്‍ ലാബില്‍ നിന്ന് പോലീസിന് കൈമാറി. സംഭവം നടന്ന അന്നു രാത്രി വൈഗയെ പിതാവ് സനു മോഹന്‍ കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ നിന്ന് കൊണ്ടുപോയത് അബോധാവസ്ഥയിലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
Content Highlights: kochi vyga death sanu mohan missing case police searching continues for sanu mohan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..