സനു മോഹൻ, വൈഗ
കാക്കനാട്: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ശരീരത്തില്‍ വിഷാംശം ഉള്ളില്‍ ചെന്നതിന്റെ സൂചന പ്രാഥമിക പരിശോധനയില്‍ ലഭിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള കാക്കനാട് റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് കാണിച്ചത്. ആന്തരികാവയവ പരിശോധനകള്‍ നടത്തുന്ന ടോക്‌സിക്കോളജി വിഭാഗത്തില്‍ ഇനിയും ടെസ്റ്റുകള്‍ നടത്താനുണ്ടെന്നും അതിനു ശേഷം മാത്രമെ ശരീരത്തിനുള്ളില്‍ വിഷം ചെന്നിരുന്നോ, ഇല്ലയോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നും ലാബ് അധികൃതര്‍ വ്യക്തമാക്കി.
പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിനു ശേഷമാണ് ആന്തരികാവയവങ്ങളായ ആമാശയം, കരള്‍, വൃക്ക, വന്‍കുടല്‍ തുടങ്ങിയവ രാസ പരിശോധനയ്ക്കായി നല്‍കിയത്. ശരീരത്തില്‍ വിഷം ചെന്നിരുന്നോ, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ഉറക്കഗുളികയുടെയോ സാന്നിധ്യമുണ്ടോ, ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ തുടങ്ങിയവയാണ് ലാബില്‍ പരിശോധിക്കുന്നത്.
അന്തിമ ഫലം പോലീസിന് അടുത്ത ആഴ്ച കൈമാറുമെന്നാണ് ലാബ് അധികൃതര്‍ നല്‍കുന്ന സൂചന.
പലതും ഒളിക്കുന്നു; സനു മോഹന്റെ അമ്മ
കാക്കനാട്: വൈഗയുടെ ദുരൂഹ മരണത്തില്‍ ബന്ധുക്കള്‍ പലതും ഒളിച്ചുവെക്കുന്നതായി കാണാതായ സനു മോഹന്റെ അമ്മ സരള. അഞ്ച് വര്‍ഷമായി സനു മോഹനും കുടുംബവും കങ്ങരപ്പടി ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുന്ന കാര്യം ഭാര്യയുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. മകനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു.
വൈഗ മുങ്ങിമരിച്ചിട്ട് 21 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഒളിവില്‍ പോയ പിതാവ് സനു മോഹനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് കൂടുതല്‍ ആരോപണങ്ങളുമായി സനു മോഹന്റെ കുടുംബം രംഗത്തെത്തുന്നത്. പുണെയില്‍ സാമ്പത്തിക ബാധ്യതകളുണ്ടായതിനെ തുടര്‍ന്ന് കൊച്ചിയിലെത്തിയ മകനെയും കുടുംബത്തെയും ബന്ധുക്കള്‍ അകറ്റി നിര്‍ത്തിയെന്നും സരള ആരോപിച്ചു.
Content Highlights: kochi vyga death and sanu mohan missing case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..