സനു മോഹൻ, വൈഗ
കാക്കനാട്: മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗയെ മരിച്ച നിലയില്‍ കിട്ടിയതിനൊപ്പം കാണാതായ പിതാവ് സനു മോഹന്‍ വിദേശത്തേക്ക് കടന്നതായും സംശയം. ഇയാളുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തതിനാല്‍ വിദേശത്ത് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടോയെന്നാണ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ കണ്ടെത്താനുള്ള അന്വേഷണം കൂടുതല്‍ ദുഷ്‌കരമാകും. ട്രെയിന്‍മാര്‍ഗം ഡല്‍ഹിയിലെത്തി അവിടെ നിന്ന് നേപ്പാള്‍ വഴി രക്ഷപ്പെടാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
നിരവധി കുറ്റകൃത്യങ്ങളില്‍ മഹാരാഷ്ട്ര പോലീസുള്‍പ്പെടെ തേടുന്നയാള്‍ ആയതുകൊണ്ടുകൂടിയാണ് അന്വേഷണ സംഘം ഇത്തരത്തില്‍ സംശയിക്കുന്നത്. സനു മോഹനെയും വൈഗയെയും കാണാതാവുന്നത് മാര്‍ച്ച് 21-ന് രാത്രിയാണ്. പിറ്റേ ദിവസം ഉച്ചയോടെ വൈഗയുടെ മൃതദേഹം കളമശ്ശേരി മുട്ടാര്‍ പുഴയില്‍നിന്ന് കണ്ടെത്തുകയും സനുവും സഞ്ചരിച്ച കാറും അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. സനു മോഹനു വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് വെള്ളിയാഴ്ചയാണ്. ഇതിനുശേഷമാണ് റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാളുെട ചിത്രം പതിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്യുന്നത്. എന്നാല്‍, സംഭവം ഇത്ര ചൂടുപിടിക്കും മുമ്പുതന്നെ ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാസ്‌പോര്‍ട്ടിലുള്ള പേരാണ് ലുക്കൗട്ട് നോട്ടീസിലുള്ളതെങ്കിലും വ്യാജ പേരും അഡ്രസും ഉപയോഗിച്ചാണ് പാസ്‌പോര്‍ട്ട് എടുത്തതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴയും.
സുഹൃത്തിനെ ചോദ്യംചെയ്തു വിട്ടയച്ചു
കാക്കനാട്: സനുവിന്റെ അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശിയെ ചോദ്യം ചെയ്‌തെങ്കിലും കേസിന് സഹായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നുംതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അടുത്ത കാലത്തൊന്നും സനു മോഹന്‍ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു തിരുവനന്തപുരത്തെത്തി ചോദ്യം ചെയ്തപ്പോള്‍ സുഹൃത്ത് മൊഴി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുള്ള രണ്ടാമത്തെ സംഘത്തിന്റെയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് ഈ സംഘം അന്വേഷണം നടത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..