വൈഗ
കൊച്ചി: തമിഴ്നാട്ടിലെ ഒരു നദിയുടെ പേരാണ് വൈഗ. സഹപാഠികള്‍ക്കിടയിലും സ്നേഹനദിയായിരുന്നു വൈഗ എന്ന പതിനൊന്നുകാരി.
പഠനത്തിനൊപ്പം കലാകായിക മേഖലകളിലും സ്ഥിരം സാന്നിധ്യം. 'ബില്ലി' എന്ന സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ രണ്ടു കുട്ടികളില്‍ ഒരാളുടെ വേഷം അവതരിപ്പിച്ചത് വൈഗയാണ്.കൂട്ടുകാരി മറഞ്ഞ വിവരം സഹപാഠികളില്‍ പലരും വൈകിയാണറിഞ്ഞത്.
മക്കളോട് ഈ വിവരം പറയുന്നതെങ്ങനെയെന്ന സങ്കടത്തിലായിരുന്നു മറ്റു കുട്ടികളുടെ മാതാപിതാക്കള്‍. ''വളരെ മിടുക്കിയായ കുട്ടി. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മനസ്സില്‍നിന്നു മായാത്ത പ്രസന്നത'' - വൈഗ സനു എന്ന നാലാം ക്ളാസുകാരിയെക്കുറിച്ച് അധ്യാപകരുടെ വാക്കുകള്‍. പഠനത്തിലും കളികളിലും സജീവം . ഒരു പരിപാടിയിലും മാറി നില്‍ക്കാറില്ല.വൈഗയ്ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് 'എ മിനിറ്റ് വിത്ത് വൈഗ, ഔര്‍ ലിറ്റില്‍ എയ്ഞ്ചല്‍' എന്ന വീഡിയോയും സ്കൂള്‍ അധികൃതര്‍ പങ്കുവെച്ചിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വൈഗ അഭിനയിച്ചതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
മനോവ്യാപാരത്തിന്റെ സാധ്യതകള്‍...
കൊച്ചി: വൈഗയുടെ മരണത്തിന്റെ കൃത്യമായ ചിത്രം ലഭിക്കണമെങ്കില്‍ സനുവില്നിന്നുതന്നെ ഉത്തരങ്ങള്‍ പുറത്തുവരണം. വിവിധ കോണുകളില്‍നിന്നു നോക്കിക്കാണാവുന്ന ഒരു കേസാണിതെന്ന് ക്രിമിനോളജിസ്റ്റ് ഡോ. ഫെബിന് ബേബി പറയുന്നു.
അനിയന്ത്രിതമായ ദേഷ്യവും വിഷാദവും ഒരു വ്യക്തി പുറത്തുവിടുന്നത് പല രീതിയിലാകും. ആ സമയത്തെ ദേഷ്യം, നിരാശ എന്നിവയെല്ലാം ചിലപ്പോള്‍ ചിന്തകള്‍ക്കപ്പുറമായി പ്രവര്‍ത്തിച്ചേക്കാം. അന്ധവിശ്വാസത്തിന്റെ സാധ്യതകളും തള്ളിക്കളയാനാവില്ല. ഒരു സാധാരണ മനുഷ്യന് സ്വന്തം മകളുടെ മരണവും അതു താന്‍ മൂലമെന്ന ചിന്തയും മനസ്സിനു സ്ഥിരത നല്‍കില്ല. ആ സമയം എന്തു ചെയ്യുമെന്നു പറയാന്‍ സാധിക്കില്ല. സംഭവം നടന്ന് കുറച്ചു ദിവസങ്ങളില്‍ അയാളുടെ മനസ്സ് അസ്ഥിരമായിരിക്കും. അയാളില്‍ ഉണ്ടാകുന്ന കുറ്റബോധവും ഭീതിയും അപമാനവും ഇത് പിന്നീട് പിടിക്കപ്പെടുന്നതിനു വേണ്ടി സ്വയം സി.സി.ടി.വി.ക്കു മുന്നില്‍ നില്ക്കുന്ന സ്ഥിതിവരെ എത്തിച്ചേക്കാമെന്ന് ഡോ. ഫെബിന് പറയുന്നു. സമൂഹത്തിലുള്ള ബന്ധങ്ങളുടെ അധഃപതനം ഇതിനൊരു കാരണമാകാം. വ്യക്തി ഒരു ബന്ധത്തിലുള്ള പ്രശ്നങ്ങള്‍ ചിലപ്പോള്‍ പ്രകടമാക്കുക മറ്റൊരു ബന്ധത്തെ നശിപ്പിച്ചുകൊണ്ടാകാം. അമര്‍ഷവും പ്രശ്നങ്ങളും വൈഗയുടെ മരണത്തിലേക്കു വഴിവെച്ചതാകാനും സാധ്യതയുണ്ട്. സമൂഹത്തില്‍ ചിന്താശേഷി കുറയുന്നതിന്റെ പ്രധാന കാരണമാണിത്.
പിടിക്കപ്പെടാനുള്ള സാധ്യതകള്‍ തയ്യാറാക്കിയാണ് സനു ഒളിച്ചു താമസിച്ചതെന്നു സൂചിപ്പിക്കുന്ന വസ്തുതകളാണ് സ്വന്തം ആധാര്‍ കാര്‍ഡ് കാണിച്ച് ഹോട്ടല്‍ മുറിയെടുത്തതും സി.സി.ടി.വി.ക്കു മുന്നിലിരുന്നു പത്രം വായിച്ചതും. തീര്‍ത്തും അസ്വാഭാവികമാണിത്. മകള്‍ മരിച്ചെന്ന ചിന്തയും ജീവിച്ചിട്ടു കാര്യമില്ലെന്ന തോന്നലുകളുമെല്ലാം പിടിക്കപ്പെടാനുള്ള താത്പര്യത്തിനു കാരണമായേക്കാം.
അതല്ലെങ്കില്‍ ഇതിലും വലിയ എന്തെങ്കിലും മറയ്ക്കുവാനോ ഇപ്പോള്‍ പുറത്തു നില്ക്കുന്ന ഒരു സംഘത്തിന്റെയോ വ്യക്തിയുടെയോ പേരുകള്‍ പുറത്തുവരാതിരിക്കാനുള്ള ശ്രമമോ ആകാമെന്നും ഡോ. ഫെബിന് നിരീക്ഷിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..