സനുമോഹൻ | Screengrab: Mathrubhumi News
കൊച്ചി : ഭാര്യയുടേതടക്കം സനുവിന്റെ കൈയിലുള്ളതു മൂന്നു ഫോണുകള്‍. മാര്‍ച്ച് 21-ന് രാത്രി ഭാര്യാപിതാവിനെ സനു വിളിച്ചു. പിന്നീട് ഫോണുകള്‍ എല്ലാം സ്വിച്ച് ഓഫ് ആയി.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പോലീസ് ഉറപ്പിച്ചത് ഇതില്‍നിന്നാണ്. സനുവിനെയും മകള്‍ വൈഗയെയും രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചെങ്കിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ മാര്‍ച്ച് 21-ന് രാത്രി 9.30-നു മുമ്പ് ഫോണ്‍ ഓഫ് ആക്കിയതായി കണ്ടെത്തി. സംഭവത്തിന് രണ്ടു ദിവസം മുന്നെ സനുവിന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഫോണ്‍ നന്നാക്കാന്‍ കൊടുക്കുകയും ചെയ്തു. പല സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്ന സനു തെളിവു നശിപ്പിക്കുന്നതിനാണ് ഇതെല്ലാം ചെയ്തതെന്നാണ് പോലീസ് വിലയിരുത്തുന്നത്. പുതിയൊരു ഫോണ്‍ വാങ്ങാന്‍ ശേഷിയുണ്ടെങ്കിലും രണ്ടു ദിവസത്തോളം ഭാര്യയുടെ ഫോണാണു സനു ഉപയോഗിച്ചത്. തന്നെ ട്രാക്ക് ചെയ്യാതിരിക്കാന്‍ സനു ചെയ്ത തന്ത്രങ്ങളാണിതെല്ലാമെന്ന് പോലീസ് വേഗം തിരിച്ചറിഞ്ഞു.
ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്. ഒരു വര്‍ഷത്തിനിടെ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും പരിശോധിച്ചു. പലരെയും ചോദ്യം ചെയ്തു. എന്നാല്‍ ഒരാളെപ്പോലും മറ്റൊരു നമ്പറിലൂടെ പോലും ബന്ധപ്പെടാതെയാണ് സനു ഒളിവില്‍ തുടര്‍ന്നത്.
തട്ടിപ്പ് സ്വന്തം വീട്ടിലും
കാക്കനാട് : മുംബൈയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ സനു സ്വന്തം വീട്ടിലും തട്ടിപ്പ് നടത്തി. വീട്ടിലെ മേശ പൊളിച്ച് ഭാര്യയുടെ സ്വര്‍ണം കവര്‍ന്നെങ്കിലും വീട്ടുകാര്‍ പരാതി നല്കാത്തതിനാല് കേസായില്ല. മേശ നന്നാക്കാനെന്ന വ്യാജേന വര്‍ക്ഷോപ്പില്‍നിന്ന് ആളെ വരുത്തിയാണ് പൂട്ട് മുറിച്ചുമാറ്റിയത്. കേരളത്തിനു പുറത്തുള്ളവരും സനുവിന്റെ തട്ടിപ്പിനിരയായി. മഹാരാഷ്ട്രയിലും ചെന്നൈയിലും ഒട്ടേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്റീരിയര്‍ ഡിസൈനിങ് സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ പല സ്ഥാപനങ്ങള്‍ക്കും സനു പണം നല്‍കാനുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..