മരിച്ച വൈഗ(ഇടത്ത്) സനുമോഹന്റെ കാർ വാളയാർ ചെക്പോസ്റ്റ് കടന്നു പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം(വലത്ത്)
കാക്കനാട്: മുട്ടാര്‍ പുഴയില്‍നിന്ന് പതിമൂന്നുകാരി വൈഗയുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് പിതാവ് സനുമോഹനു വേണ്ടിയുള്ള അന്വേഷണത്തില്‍ പുരോഗതിയില്ല. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കേസ് കൂടുതല്‍ കുഴഞ്ഞുമറിയുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്.
ഇയാളെ തേടി രണ്ടാമത്തെ അന്വേഷണ സംഘവും തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. തമിഴ്നാട്ടില്‍ ഇയാള്‍ ഒളിവില്‍ താമസിക്കാനിടയുള്ള ഇടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് അന്വേഷണ സംഘം ഇറങ്ങിയത്. ഇതിനായി പ്രാദേശിക പോലീസിന്റെ സഹായവും തേടും.
ഇതിനിടെ സനുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരം പൂവാറില്‍നിന്ന് കണ്ടെത്തിയെങ്കിലും അയാളുടേതല്ലെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് നിര്‍ദേശ പ്രകാരം പൂവാറിലെത്തിയ ബന്ധുക്കളാണ് ഇത് സനുവിന്റേതല്ലെന്ന് ഉറപ്പാക്കിയത്. നേരത്തെ ആലുവയില്‍നിന്ന് കണ്ടെടുത്ത മറ്റൊരു മൃതദേഹവും ഇയാളുടേതാണെന്ന് സംശയമുയര്‍ന്നിരുന്നെങ്കിലും അതും സനുവിന്റേതല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
മകള്‍ വൈഗയെ കൊലപ്പെടുത്തിയതാണെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതാണ് പോലീസിനെ കുഴക്കുന്നത്. ഇതിനിടെ കങ്ങരപ്പടിയിലെ ഇവരുടെ ഫ്ളാറ്റില്‍നിന്നു ലഭിച്ച രക്തക്കറ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഫ്ളാറ്റില്‍ നിന്ന് ഞായറാഴ്ച രാത്രി പുറത്തേക്ക് പോകുമ്പോള്‍ വൈഗ അബോധാവസ്ഥയിലായിരുന്നെന്നും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്.
വൈഗയുമായി പിതാവ് അകല്‍ച്ചയിലായിരുന്നുവെന്ന് അമ്മ
കാക്കനാട്: വൈഗയുമായി പിതാവ് സനുമോഹന് രണ്ടു മാസമായി അകല്‍ച്ചയിലായിരുന്നുവെന്ന് കുട്ടിയുടെ അമ്മ രമ്യ പോലീസിന് മൊഴി നല്കി. സനുമോഹനെ കാണാതായി ഒന്നരയാഴ്ചയായിട്ടും കാര്യമായ വിവരമൊന്നും ലഭിക്കാതെ കേസ് കുഴഞ്ഞുമറിയുന്ന സാഹചര്യത്തിലാണ് പോലീസ് വീണ്ടും രമ്യയുടെ മൊഴിയെടുത്തത്. ആലപ്പുഴയിലെ ഇവരുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.
നേരത്തെ വലിയ സ്നേഹം കാണിച്ചിരുന്ന ഭര്‍ത്താവ് കുറച്ചുനാളായി തന്നോടും മകളോടും മാനസികമായ അകലം പാലിച്ചിരുന്നുവെന്നാണ് ഭാര്യ വ്യക്തമാക്കിയത്.
Content Highlights: kochi vyga death and father sanu mohan missing case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..