സനു മോഹൻ, വൈഗ
കാക്കനാട്: മൂന്നാഴ്ച പിന്നിട്ടിട്ടും വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും സംബന്ധിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. തമിഴ്‌നാട്ടിലും മലപ്പുറത്തും പാലക്കാട്ടുമൊക്കെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും സംഭവത്തിലെ ദുരൂഹത നീക്കാനായിട്ടില്ല.
സനു മോഹന്‍ തന്ത്രപരമായി സംഭവം ആസൂത്രണം ചെയ്തതാണെന്ന വിശ്വാസത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കാണാതാകുന്നതിനു മുമ്പുതന്നെ ഇയാള്‍ തന്റെ ഫോണ്‍ ഒഴിവാക്കിയതും മറ്റു ഫോണുകള്‍ കൊണ്ടുപോയതുമൊക്കെ ഒരു പ്ലാനിങ്ങിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.
ഏറെക്കാലമായി സ്വന്തം കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സനു മോഹന്‍ ആറു മാസമായി ബന്ധുക്കളുമായി അടുപ്പം കാണിച്ചിരുന്നു. പുണെയില്‍നിന്ന് അഞ്ച് വര്‍ഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും അന്നൊന്നും കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു താത്പര്യവും കാണിച്ചിരുന്നില്ല. എന്നാല്‍ അടുത്തയിടെ ഓണത്തിനുള്‍പ്പെടെ പല തവണ ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തിയിരുന്നു. സനു അടുത്തകാലത്തായി അസ്വസ്ഥനായിരുന്നുവെന്ന് മറ്റൊരു ബന്ധു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ ഭാര്യയോടും കുടുംബത്തോടും ഇയാള്‍ പലതും മറച്ചുവെച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
വൈഗയെ അഭിനയരംഗത്ത് എത്തിക്കാന്‍ ആഗ്രഹിച്ചു
കാക്കനാട്: വൈഗയെ സിനിമ-പരസ്യ മേഖലകളില്‍ എത്തിക്കാന്‍ സനു മോഹന്‍ താത്പര്യപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിനായി പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇയാള്‍ മനപ്പൂര്‍വം മകളെ അപായപ്പെടുത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..