കൊല്ലപ്പെട്ട ശിവദാസ്, പ്രതി രാജേഷ്
കൊച്ചി: മാധ്യമ വാർത്തയിലൂടെ പ്രശസ്തി കൈവന്ന കൂട്ടുകാരനെ അസൂയ മൂത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. മറൈൻഡ്രൈവ് അബ്ദുൾ കലാം മാർഗിൽ അബ്ദുൾ കലാമിന്റെ പ്രതിമയ്ക്കു മുന്നിൽ പൂക്കൾവെച്ച് അലങ്കരിച്ചിരുന്ന കോയിവിള പുതുപ്പര വടക്കേതിൽ ശിവദാസിനെ (63) യാണ് സുഹൃത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഏഴിക്കര സ്വദേശി കൈത്തപ്പിള്ളിപ്പറമ്പിൽ രാജേഷിനെ (40) എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ ആക്രി പെറുക്കി ജീവിച്ചിരുന്ന ശിവദാസൻ അവിടെത്തന്നെയാണ് കഴിഞ്ഞിരുന്നത്.
ഈ മാസം 15-ന് രാത്രി അർധരാത്രിയാണ് ശിവദാസിനെ എറണാകുളം മറൈൻഡ്രൈവിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകിയെ കണ്ടെത്തിയത്.
പോലീസ് നടത്തിയ ഇൻക്വസ്റ്റിലും തുടർന്നു ലഭിച്ച പോസ്റ്റ്മോർട്ടത്തിലും മരണം മർദനമേറ്റാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് പോലീസ് പരിസരത്തെ ആളുകളുടെ മൊഴിയെടുത്തു. ഇതിൽ രാജേഷിന് ശിവദാസിനോട് അസൂയയാണെന്ന് ചിലർ മൊഴി നൽകിയിരുന്നു. മദ്യപിച്ചു വന്ന് രാജേഷ് ശിവദാസിനെ അസഭ്യം പറയുന്നത് പതിവായിരുന്നുവെന്നും ഇവർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് രാജേഷിനെ മറൈൻഡ്രൈവ് വാക്വേയിൽ നിന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ രാജേഷ് കുറ്റം സമ്മതിച്ചു. എറണാകുളം മറൈൻഡ്രൈവിലെ അബ്ദുൾകലാം മാർഗിൽ പൂക്കൾവെച്ച് അലങ്കരിക്കുന്ന ശിവദാസിനെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങളിലൂടെ വന്ന് പ്രശസ്തി നേടിയതിലുള്ള അസൂയയാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചു. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നു.
പ്രശസ്തി ലഭിച്ചതോടെ ശിവദാസിന് നിരവധി പേർ സഹായവുമായി എത്തിയിരുന്നു. എന്നാൽ താനായിരുന്നു ശിവദാസിന് എല്ലാ സഹായവും ചെയ്ത് കൂടെ നിന്നതെന്നും എന്നാൽ പ്രശസ്തി ലഭിച്ച ശേഷം ഇയാൾ വകവെച്ചിരുന്നില്ലെന്നും ഇതാണ് കൊലപ്പെടുത്താൻ കാരണമെന്നും കൊലപാതകം നടത്തുമ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതി ഭിന്നശേഷിക്കാരനാണ്.
എറണാകുളം എ.സി.പി. കെ. ലാൽജിയുടെ നിർദേശാനുസരണം സെൻട്രൽ ഇൻസ്പെക്ടർ എസ്. വിജയ്ശങ്കറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ കെ.ജി. വിപിൻകുമാർ, കെ.എക്സ്. തോമസ്, കെ.കെ. പ്രദീപ് കുമാർ, ടി.എസ്. ജോസഫ്, സതീശൻ, എസ്.ടി. അരുൾ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
Content Highlights:kochi sivadasan murder case accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..