ഹോട്ടൽ നമ്പർ 18 പോക്സോ കേസിലെ പ്രതികളായ സൈജു തങ്കച്ചൻ, അഞ്ജലി റീമാദേവ്, റോയി വയലാട്ട്
കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസില്‍ പ്രതികള്‍ക്കെതിരേ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് അനിവാര്യമാണെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് പറഞ്ഞു.
നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്, അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികള്‍. ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
അതിനിടെ, സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ രണ്ടുപേരെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. ഈ സംഭവത്തിന് മറ്റുകേസുകളുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സൈജുവിന്റെ കൈയില്‍ ധാരാളം പണമുണ്ടെന്ന് കരുതി പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ചില ക്രിമിനലുകളാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് പറയുന്നു. ബാക്കിയുള്ള ആറുപേരെ കൂടി പിടികൂടിയാലേ സംഭവത്തെക്കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് തന്നെ തട്ടിക്കൊണ്ടുപോയതായി സൈജു തങ്കച്ചന് മുനമ്പം പോലീസില്‍ പരാതി നല്‍കിയത്. ചെറായി കുഴിപ്പള്ളിയിലെ വീട്ടില്‍നിന്നാണ് സൈജുവിനെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും തടവില്‍നിന്ന് താന്‍ ഓടിരക്ഷപ്പെടുകയാണ് ചെയ്തതെന്നും സൈജു പരാതിയില്‍ പറഞ്ഞിരുന്നു.
16-ന് രാവിലെയാണ് സൈജുവിനെ രണ്ടുപേര്‍ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാളെ പരിചയമുണ്ടെന്ന് സൈജു പറഞ്ഞു. മറ്റേയാളെ തിരിച്ചറിയാനായിട്ടില്ല. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സൈജു തങ്കച്ചന് നിലവില്‍ ജാമ്യത്തിലാണ്.
Content Highlights: kochi number 18 hotel pocso case and saiju thankachan kidnap case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..