കൊച്ചിയിൽ ലഹരിമരുന്നുമായി ഏഴുപേരെ പിടികൂടിയെന്ന് പറഞ്ഞ് ആദ്യം പുറത്തുവിട്ട ചിത്രം.
കൊച്ചി: കാക്കനാട്ടെ ലഹരിമരുന്ന് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത് മാന്‍ കൊമ്പാണെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം. വര്‍ഷങ്ങള്‍ പഴക്കമുള്ള പുള്ളിമാന്റെ കൊമ്പാണിതെന്നും പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ലഹരിമരുന്ന് സംഘം താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാന്‍കൊമ്പ് പിടിച്ചെടുത്തിരുന്നത്. വാര്‍ണിഷ് അടിച്ച് ഭിത്തിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. എന്നാല്‍ പിടിച്ചെടുത്ത മാന്‍കൊമ്പ് എക്‌സൈസ് അധികൃതര്‍ മഹസറില്‍ ചേര്‍ത്തിരുന്നില്ല. ഇതോടെ വനംവകുപ്പ് മാന്‍കൊമ്പ് ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കേസില്‍ എക്‌സൈസ് നടത്തിയ കള്ളത്തരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് മാന്‍കൊമ്പടക്കമുള്ള വസ്തുക്കള്‍ മഹസറില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് എക്‌സൈസ് ഓഫീസിലെത്തി വനംവകുപ്പ് അധികൃതര്‍ ഇത് കൈപ്പറ്റുകയും ചെയ്തു.
അതിനിടെ, കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ എക്‌സൈസ് നടത്തിയ ഒളിച്ചുകളിയില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താനായി അഡീ. എക്‌സൈസ് കമ്മീഷണര്‍ എറണാകുളത്തെ എക്‌സൈസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ലഹരിമരുന്ന് കേസിന്റെ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചും ഏറ്റെടുത്തിട്ടുണ്ട്.
ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്ന് എം.ഡി.എം.എ. ലഹരിമരുന്നുമായി ഏഴുപേരെ എക്‌സൈസ് പിടികൂടിയത്. ആദ്യം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഏഴുപേരെ പിടികൂടിയെന്ന് വ്യക്തമാക്കിയ എക്‌സൈസ് ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒരുയുവതിയെയും യുവാവിനെയും പ്രതി പട്ടികയില്‍നിന്ന് ഒഴിവാക്കി. മാത്രമല്ല, നേരത്തെ ഒരു കിലോ എം.ഡി.എം.എ. പിടികൂടിയെന്ന് പറഞ്ഞത് 84 ഗ്രാമായി ചുരുങ്ങുകയും ചെയ്തു. എക്‌സൈസ് പ്രതി പട്ടികയില്‍നിന്ന് ഒഴിവാക്കിയ യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നു. ഇതോടെയാണ് കേസില്‍ അട്ടിമറി നടന്നതായ സംശയങ്ങള്‍ ബലപ്പെട്ടത്. എന്തിനാണ് രണ്ടുപേരെ ഒഴിവാക്കിയത്, പിടിച്ചെടുത്ത പലവസ്തുക്കളും എന്തുകൊണ്ട് മഹസറില്‍ രേഖപ്പെടുത്തിയില്ല തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇതിനൊന്നും വ്യക്തമായ മറുപടി നല്‍കാന്‍ എക്‌സൈസിന് കഴിഞ്ഞിട്ടില്ല.ഇതോടെ കേസില്‍ അട്ടിമറിശ്രമം നടന്നിട്ടുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദനും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: kochi mdma drugs case controversy excise higher officials begins probe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..