കൊല്ലപ്പെട്ട ജോയമോൾ, ലക്ഷ്മികാന്ത്, അശ്വന്ത്, ചികിത്സയിലുള്ള നാരായണ
കൊച്ചി: പുതുവത്സര രാത്രിയില്‍ കൊച്ചിയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവന്ത്രയിലാണ് സംഭവം. കടവന്ത്ര മട്ടമ്മേല്‍ ടെമ്പിള്‍ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി നാരായണയാണ് ഭാര്യ ജോയമോളെ (33)യും മക്കളായ ലക്ഷ്മീകാന്ത് നാരായണ (എട്ട്), അശ്വന്ത് നാരായണ (നാല്) എന്നിവരെയും കൊലപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ജോയമോളുടെ ഫോണിലേക്ക് രാവിലെ പതിവുപോലെ സഹോദരി വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തത് നാരായണയായിരുന്നു. ജോയമോളെവിടെയെന്ന് ചോദിച്ചപ്പോള്‍ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. സംശയം തോന്നിയ സഹോദരി കടവന്ത്രയില്‍ത്തന്നെ അടുത്തു താമസിക്കുന്ന മറ്റൊരു ബന്ധുവിനെ വിളിച്ച് സംശയം പ്രകടിപ്പിച്ചു. ഇവര്‍ വീട്ടില്‍ വന്നുനോക്കിയപ്പോഴാണ് ജോയമോളെയും രണ്ടു കുട്ടികളെയും മരിച്ചനിലയില്‍ കണ്ടത്. നാരായണ കഴുത്തിന് മുറിവേറ്റ് രക്തംവാര്‍ന്ന നിലയിലുമായിരുന്നു.
ബന്ധു ഉടനെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് നാരായണയ്ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ ഇയാളെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് തുടര്‍ചികിത്സയ്ക്കായി നാരായണയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയെയും കുട്ടികളെയും ഷൂലേസ് ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് നാരായണ പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് മുമ്പായി ഇവര്‍ക്ക് ഉറക്കഗുളിക നല്‍കിയെന്നും പറഞ്ഞു. ഇവരുടെ മരണം ഉറപ്പാക്കിയശേഷം കൈയിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. നാരായണയ്‌ക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഇയാള്‍ അപകടനില തരണംചെയ്തതായും വൈകാതെ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ എറണാകുളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയതായി എറണാകുളം സൗത്ത് ഇന്‍സ്‌പെക്ടര്‍ എം. എസ്. ഫൈസല്‍ പറഞ്ഞു.
കൊലപാതകം സംബന്ധിച്ചവ്യക്തമായ വിവരം ലഭിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം കഴിയണമെന്ന് പോലീസ് അറിയിച്ചു. പൂക്കളുടെ മൊത്തക്കച്ചവടം നടത്തുന്നയാളാണ് നാരായണ. മൂന്നുവര്‍ഷമായി കടവന്ത്രയില്‍ 'മാതാ ഫ്‌ളോറിസ്റ്റ്' എന്ന പേരുള്ള ഹോള്‍സെയില്‍ പൂക്കട തുടങ്ങിയിട്ട്. മട്ടമ്മേല്‍ ടെമ്പിള്‍ റോഡില്‍ താമസം തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. നേരത്തെ ഗിരിനഗറിലായിരുന്നു താമസിച്ചിരുന്നത്.
ആ പൂക്കള്‍ തല്ലിക്കൊഴിച്ച് കോവിഡ് പ്രതിസന്ധി...
കൊച്ചി: കടവന്ത്ര ജങ്ഷനില്‍ തന്നെയുള്ള പൂക്കടയുടെ മാസവാടക 50,000 രൂപ, തൊട്ടടുത്തുള്ള മട്ടമ്മേല്‍ ടെമ്പിള്‍ റോഡിലെ വീടിന്റെ വാടക 14,000 രൂപ. ആകെ വാടക ഇനത്തില്‍ മാത്രം വേണ്ടത് മാസം 64,000 രൂപ. കോവിഡും മറ്റു പ്രതിസന്ധികളും വന്ന് പൂക്കച്ചവടം കുറഞ്ഞതോടെ നാരായണയുടെ കണക്കുക്കൂട്ടലുകള്‍ ആകെ തെറ്റി. സാമ്പത്തിക പിരിമുറുക്കത്തില്‍ ഉലഞ്ഞ നാരായണ കണ്ടെത്തിയ അവസാന വഴിയായിരുന്നു ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുക എന്നത്. എന്നാല്‍ അവസാന ശ്രമം പാളിപ്പോയി.
തമിഴ്നാട്ടിലെ പൂന്തോട്ടങ്ങളില്‍ നിന്ന് വലിയ അളവില്‍ പൂക്കള്‍ കേരളത്തിലെത്തിച്ചായിരുന്ന നാരായണ ബിസിനസ് നടത്തിയിരുന്നത്. നാരായണയുടെ 'മാതാ ഫ്‌ളോറിസ്റ്റ്' എന്ന മൊത്തവ്യാപാര പൂക്കച്ചവട സ്ഥാപനത്തിന് ബെംഗളൂരു, ഊട്ടി എന്നിവിടങ്ങളിലെല്ലാം ബ്രാഞ്ചുകളുമുണ്ട്. കടവന്ത്ര ജങ്ഷനില്‍ കെട്ടിടം വലിയ വാടകയ്ക്ക് എടുത്തതും അതുവരെയുണ്ടായിരുന്ന നല്ല ബിസിനസ് മുന്നില്‍ കണ്ടായിരുന്നു.
എന്നാല്‍, കോവിഡ് പ്രതിസന്ധിയില്‍ പൂക്കച്ചവടം നടക്കാതെ വന്നു. പിന്നീട് കച്ചവടം തുടങ്ങിയെങ്കിലും വേണ്ടത്ര രീതിയില്‍ വിറ്റുവരവില്ലായിരുന്നു. വാടകയും കടയില്‍ സഹായിയായി നില്‍ക്കുന്നയാള്‍ക്കുള്ള ശമ്പളവുമെല്ലാം കൊടുത്തുകഴിഞ്ഞപ്പോള്‍ വലിയ കടത്തിലായി നാരായണ. പൂക്കച്ചവടത്തിനൊപ്പം ലോട്ടറി ഏജന്‍സിയും തുടങ്ങിയെങ്കിലും വീഴ്ചയില്‍ നിന്ന് കരകയറാന്‍ നാരായണയ്ക്കായില്ല. ഒരാഴ്ചയായി പൂക്കട തുറക്കാറില്ലായിരുന്നു.
പുതുവത്സരദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നാരായണ എല്ലാവര്‍ക്കും വാട്‌സാപ്പില്‍ സന്ദേശം അയച്ചു, പിന്നാലെ 'സോറി' എന്ന സന്ദേശവും. അതിന്റെ അര്‍ഥം സുഹൃത്തുക്കള്‍ക്ക് പിടികിട്ടിയത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ്.
ഒരു റിസോര്‍ട്ട് വാങ്ങാനായി നാരായണ ശ്രമിച്ചിരുന്നതായും ഇതാകും വലിയ സാമ്പത്തിക പ്രശ്‌നത്തിലേക്ക് വീഴാന്‍ കാരണമെന്നുമാണ് അറിയുന്നത്. ആറു ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതായി നാരായണ പറഞ്ഞതായും നാട്ടുകാര്‍ പറയുന്നുണ്ട്.
''അധികം സംസാരിക്കാത്തയാളായിരുന്നു. അതിനാല്‍, എന്താണ് പ്രശ്‌നങ്ങളെന്ന് ചോദിച്ചറിയാന്‍ സാധിച്ചിരുന്നില്ല'' -പൂക്കടയുടെ തൊട്ടടുത്തുള്ള ഹോട്ടലിന്റെ ഉടമ പറഞ്ഞു.
ഷൂ ലേസ് മുറുക്കിയുള്ള കൊലപാതകം വീണ്ടും
കൊച്ചി: കഴിഞ്ഞമാസം 12-നാണ് കടവന്ത്രയില്‍ ഭര്‍ത്താവിനെ ഭാര്യയും മകളും ചേര്‍ന്ന് ഷൂ ലേസ് കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയത്. കൈ കട്ടിലില്‍ കെട്ടിവെച്ച ശേഷം കഴുത്തില്‍ ഷൂ ലേസ് കൊണ്ട് മുറുക്കുകയായിരുന്നു. തമിഴ്നാട് സ്വദേശി ശങ്കറാണ് കൊല്ലപ്പെട്ടത്.
അസ്വാഭാവിക മരണത്തിന് കേസെടുത്ത കടവന്ത്ര പോലീസ് കഴുത്തിലെ പാട് കണ്ട് നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകളും അറസ്റ്റിലായത്. ഇതുകഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് തമിഴ്നാട് സ്വദേശിയായ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും സമാനരീതിയില്‍ കൊലപ്പെടുത്തിയത്. അതും കടവന്ത്രയില്‍ത്തന്നെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..