ഹോട്ടൽ നമ്പർ 18 പോക്സോ കേസിലെ പ്രതികളായ റോയി വയലാട്ടും അഞ്ജലിയും | Photo: Screengrab|Mathrubhumi News & Instagram|anjali_reemadev
കൊച്ചി: ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസില്‍ റോയി വയലാട്ട് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. ബുധനാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് കൂടുതല്‍വാദം കേള്‍ക്കാനായി ഹൈക്കോടതി ജാമ്യഹര്‍ജി മാറ്റിവെച്ചത്. ഹര്‍ജി ഇനി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതിയായ റോയി വയലാട്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന് ബുധനാഴ്ച കോടതിയില്‍ പറഞ്ഞത്. അതിനാല്‍ റോയി വയലാട്ട് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
എന്നാല്‍ പോക്സോ കേസിലെ പരാതിക്കാരി മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരി ഓരോ ദിവസവും മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പുറത്തുവിടുകയാണ്. ഈ പരാതിക്കാരി നേരത്തെയും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ശ്രമിച്ചുണ്ട്. അതിന് കേസുകളുമുണ്ട്. ഇതിന്റെ തെളിവുകളും വിശദാംശങ്ങളും ഹാജരാക്കാമെന്നും പ്രതിഭാഗം പറഞ്ഞു. കേസില്‍ റോയി വയലാട്ട് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി രേഖാമൂലം ഉത്തരവ് നല്‍കിയില്ല. നേരത്തെ വാക്കാല്‍ നല്കിയ നിര്‍ദേശം ആവര്‍ത്തിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. അതിനാല്‍തന്നെ തിങ്കളാഴ്ച വരെ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി അന്വേഷണസംഘം മുന്നോട്ടുപോകാന്‍ സാധ്യതയില്ല.
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിലാണ് ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചന്, ഇവരുടെ സുഹൃത്തായ അഞ്ജലി എന്നിവര്‍ക്കെതിരേ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. അഞ്ജലിയാണ് പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചതെന്നും പെണ്‍കുട്ടികളെ ലഹരിമരുന്ന് നല്കി ലൈംഗികമായി ചൂഷണം ചെയ്തെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
Content Highlights: kochi hotel number 18 pocso case aniticipatory bail plea of accused
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..