പ്രതീകാത്മക ചിത്രം|Photo:AP
കൊച്ചി: ചിലവന്നൂരിലെ ഫ്ലാറ്റില്‍ കണ്ടെത്തിയ ചൂതാട്ടകേന്ദ്രത്തില്‍ സ്ഥിരമായി എത്തിയിരുന്ന സന്ദര്‍ശകരെ തിരിച്ചറിഞ്ഞു. ഫ്ലാറ്റിലെ സന്ദര്‍ശക രജിസ്റ്ററില്‍ നിന്നാണ് ഇതുവരെ 12 പേരെ കണ്ടെത്തിയത്. അതിസമ്പന്നരാണ് ചൂതാട്ടത്തിനായി എത്തിയിരുന്നത്. ഉടനെ ഇവരെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കും.
ടിപ്സന്റെ ഫോണ്‍, ലാപ്ടോപ്പ് എന്നിവ സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പോലീസ് പരിശോധിക്കുകകയാണ്. ചൂതാട്ടവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതിനു ശേഷമാകും പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുക. മാസം ഒരുകോടിയോളം രൂപയുടെ ചൂതാട്ടം ഫ്ലാറ്റില്‍ നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എറണാകുളം എ.സി.പി വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം.ചൂതാട്ടത്തോടൊപ്പം ഫ്ലാറ്റില്‍ മയക്കുമരുന്ന് വില്‍പ്പന നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ നടത്തിപ്പുകാരന് പറവൂര്‍ സ്വദേശി ടിപ്സണ്‍ ഫ്രാന്‍സിസില്‍ (33) നിന്ന് കഞ്ചാവ് പിടിച്ചിരുന്നു. ഇയാള്‍ക്ക് ലഹരിവില്‍പ്പനയും ഉണ്ടായിരുന്നെന്ന് സംശയമുണ്ട്.
ചൂതാട്ടകേന്ദ്രത്തോടു ചേര്‍ന്ന് ബാറിലേതുപോലെ മദ്യം വിളമ്പുന്ന സംവിധാനം ഒരുക്കിയതും പോലീസ് കണ്ടെത്തിയിരുന്നു. ഇവന്റ് മാനേജ്മെന്റ് നടത്തുകയാണെന്നായിരുന്നു ഫ്ലാറ്റ് സമുച്ചയത്തിലെ ആളുകളോട് ടിപ്സണ്‍ പറഞ്ഞിരുന്നത്. അതിനാല്‍, പലരും ഫ്ളാറ്റില്‍ വന്നുപോകുന്നതില്‍ ആരും സംശയിച്ചില്ല. കോടതിയില്‍ ഹാജരാക്കിയ ടിപ്സണ്‍ ജാമ്യം ലഭിച്ചു. ചൂതാട്ടത്തിന് സൗകര്യമൊരുക്കി, മയക്കുമരുന്ന് ഉപയോഗിച്ചു എന്നിങ്ങനെ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.
മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കൊച്ചിയിലെ ഫ്ലാറ്റില്‍ വന്‍കിട ചൂതാട്ടകേന്ദ്രം കണ്ടെത്തുന്നത്. ലഹരിവസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ചിലവന്നൂരിലെ ഫ്ലാറ്റ് മാറി ടിപ്സന്റെ ഫ്ലാറ്റില്‍ കയറുകയായിരുന്നു.
പോക്കര് ഗെയിം സാമഗ്രികള്വന്നത് ഓണ്‍ലൈന്‍ വഴി
കൊച്ചി: ചൂതാട്ടം നിയമവിരുദ്ധമായതിനാല്‍ 'പോക്കര് ഗെയിമി'ന്റെ ബോര്‍ഡും മറ്റു വസ്തുക്കളും സ്പോര്‍ട്സ് കടകളില്‍ കാണാറില്ല. എന്നാല്‍ ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഇവ സുലഭമാണ്. ഇത്തരത്തില്‍ സാമഗ്രികള്‍ വാങ്ങിയാകും ചിലവന്നൂരിലെ ഫ്ലാറ്റില്‍ പോക്കര് ഗെയിം ഏരിയ ഉണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
'കാസിനോ' രീതിയില്‍ പോക്കര് ഗെയിമിനായുള്ള സൗകര്യം ഒരുക്കാന്‍ പോക്കര് ടേബിളും കളിക്കാനുള്ള കോയിനുകളും മറ്റും വേണം. പോക്കര് ടേബിള്‍, ഗെയിം കളിക്കാനാവശ്യമായ സാധനങ്ങള്‍ അടങ്ങിയ സ്യൂട്ട്കേസ് തുടങ്ങിയവ ഓണ്‍ലൈനായി എളുപ്പം വാങ്ങാനാവും. പോക്കര് കോയിനുകള്‍ (ചിപ്സ്), കാര്‍ഡുകള്‍, പകിടകള്‍ തുടങ്ങിയവയാണ് സ്യൂട്ട്കേസില്‍ ഉണ്ടാവുക. കൊച്ചിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം രഹസ്യ കാസിനോകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയം. 60,000 രൂപ മാസവാടകയ്ക്ക് എടുത്തിരുന്ന ആഡംബര ഫ്ലാറ്റില്‍ ചൂതാട്ടത്തിലൂടെ മാത്രം ദിവസവും ലക്ഷങ്ങളാണ് നടത്തിപ്പുകാരന് ടിപ്സണ്‍ സമ്പാദിച്ചിരുന്നത്. ചൂതാട്ടത്തിനൊപ്പം ബാര്‍ മോഡലില്‍ മദ്യംവിളമ്പാന്‍ മാത്രം മദ്യം പ്രതി എങ്ങനെ സ്റ്റോക്ക് ചെയ്തുവെന്നും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സംഘത്തില്‍ കുടൂതല്പേരുണ്ടെന്നാണ് കരുതുന്നത്.
മാസവാടകയ്ക്ക് ഒപ്പം ചൂതാട്ടമുള്ള ദിവസങ്ങളില്‍ ഒന്നരലക്ഷം രൂപ അധികമായി വാടകനല്കിയെന്ന് പ്രതി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പണം നല്കുമെങ്കില് ഇതിന്റെ പതിന്മടങ്ങ് ഇയാള്‍ ദിവസവും സമ്പാദിച്ചുകാണുമെന്നാണ് കരുതുന്നത്. ആഴ്ചയില്‍ രണ്ടുദിവസം വീതമാണ് ഫ്ലാറ്റില്‍ ചൂതാട്ടം.
ചുവപ്പ്, പച്ച, നീല തുടങ്ങി വിവിധ തരത്തിലുള്ള കോയിനുകള്‍ ഉപയോഗിച്ചാണ് കളി. ഓരോ നിറത്തിലുള്ള കോയിനുകള്‍ക്കും ഓരോ വിലയാണ്. കളി തുടങ്ങുമ്പോള്‍ നടത്തിപ്പുകാരന്റെ കോയിന് കൈമാറും. ഇതിന് പണം നല്‍കണം. കളി അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ കോയിന് കൈമാറുമ്പോള്‍ പണം തിരികെ നല്‍കും. ഇതോടൊപ്പം കാസിനോയില്‍ എത്തുന്നവരില്‍ നിന്ന് മുന്‍കൂറായി പ്രവേശന ഫീസും ഈടാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..